തിരുവനന്തപുരം: പ്രസംഗങ്ങളിൽ പ്രയോഗിക്കുന്ന കൊടിച്ചിപ്പട്ടിയുടെ വില പോലുമുണ്ടാവില്ലെന്ന പരാമർശം സ്ത്രീവിരുദ്ധമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വ്യക്തമാക്കി. അതുപോലെ താൻ ഇപ്പോൾ ഈ വാക്ക് ഉപയോഗിക്കാറില്ലെന്നും ഗോവിന്ദൻ പറയുന്നു. പട്ടിയും മോശം,​ അത് പെണ്ണായാൽ അതിലും മോശം എന്നാണ് അത് അർത്ഥമാക്കുന്നതെന്നും അദ്ദേഹം പറയുന്നു. വെളുപ്പിനെ കറുപ്പിനെക്കാൾ മികച്ചതായി കാണുന്നത് ഫ്യൂഡൽ ജീർണതയുടെ ബാക്കിയാണെന്നും അദ്ദേഹം തുറന്നടിച്ചു.

അതേസമയം, മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണം വേണമെന്ന ആവശ്യം ഹൈക്കോടതി തള്ളിയ പശ്ചാത്തലത്തിൽ മാത്യു കുഴൽനാടൻ എം.എൽ.എയ്ക്കെതിരെ എം.വി. ഗോവിന്ദൻ രംഗത്ത് വന്നിരിന്നു. കുഴൽനാടന്റെ ഉണ്ടയില്ലാ വെടി ഹൈക്കോടതി തന്നെ അതിന്റെ കൃത്യമായ അർത്ഥത്തിൽ തള്ളിക്കളഞ്ഞിരിക്കുകയാണെന്ന് ഗോവിന്ദൻ വ്യക്തമാക്കി.

സർക്കാരിനെതിരായും മുഖ്യമന്ത്രിക്കെതിരായും മകൾക്കെതിരായും ഒറു പുകമറ സൃഷ്ടിക്കാൻ വേണ്ടി നടത്തിയ ബോധപൂർവമ്മായ യു.ഡി.എഫിന്റെ , ബി.ജെ.പിയുടെ , ​ മഴവിൽ സഖ്യത്തിന്റെ ഒരു ആരോപണവും കൂടി തകർന്നു തരിപ്പമായിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.