- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെ.ടി.ഡി.സി ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും പി കെ ശശിയെ നീക്കണം; പ്രവര്‍ത്തകരില്‍ ആശയക്കുഴപ്പമുണ്ടാക്കുമെന്ന് പാലക്കാട് ജില്ലാ നേതൃത്വം
പാലക്കാട്: പാര്‍ട്ടി നടപടി നേരിട്ട പി.കെ.ശശിയെ കെടിഡിസി ചെയര്‍മാന്‍ സ്ഥാനത്തുനിന്നു നീക്കണമെന്നു സിപിഎം പാലക്കാട് ജില്ലാ നേതൃത്വം. സിഐടിയു ജില്ലാ അധ്യക്ഷ പദവിയില്‍നിന്നു മാറ്റണമെന്നും സംസ്ഥാന നേതൃത്വത്തെ അറിയിക്കും. വിവിധ ആരോപണങ്ങളെ തുടര്‍ന്നു പി.കെ.ശശിയെ ജില്ലാ കമ്മിറ്റിയില്‍നിന്നു ബ്രാഞ്ചിലേക്കു തരം താഴ്ത്തിയിരുന്നു. തിരഞ്ഞെടുക്കപ്പെട്ട എല്ലാ പാര്‍ട്ടി സ്ഥാനത്തു നിന്നും നീക്കി. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ നേതൃത്വത്തില്‍ നടന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണു നടപടിയുണ്ടായത്. ജില്ലാ നേതൃത്വത്തിന്റെ നടപടി പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിച്ചിരുന്നു. പാര്‍ട്ടി സമ്മേളനങ്ങള്‍ക്ക് […]
പാലക്കാട്: പാര്‍ട്ടി നടപടി നേരിട്ട പി.കെ.ശശിയെ കെടിഡിസി ചെയര്‍മാന്‍ സ്ഥാനത്തുനിന്നു നീക്കണമെന്നു സിപിഎം പാലക്കാട് ജില്ലാ നേതൃത്വം. സിഐടിയു ജില്ലാ അധ്യക്ഷ പദവിയില്‍നിന്നു മാറ്റണമെന്നും സംസ്ഥാന നേതൃത്വത്തെ അറിയിക്കും. വിവിധ ആരോപണങ്ങളെ തുടര്‍ന്നു പി.കെ.ശശിയെ ജില്ലാ കമ്മിറ്റിയില്‍നിന്നു ബ്രാഞ്ചിലേക്കു തരം താഴ്ത്തിയിരുന്നു. തിരഞ്ഞെടുക്കപ്പെട്ട എല്ലാ പാര്‍ട്ടി സ്ഥാനത്തു നിന്നും നീക്കി. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ നേതൃത്വത്തില്‍ നടന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണു നടപടിയുണ്ടായത്. ജില്ലാ നേതൃത്വത്തിന്റെ നടപടി പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിച്ചിരുന്നു.
പാര്‍ട്ടി സമ്മേളനങ്ങള്‍ക്ക് തുടക്കമായതിനാല്‍ ശശി ചെയര്‍മാന്‍ പദത്തില്‍ തുടരുന്നത് പ്രവര്‍ത്തകരില്‍ ആശയക്കുഴപ്പമുണ്ടാക്കുമെന്നും നേതൃത്വം വിലയിരുത്തി. സഹകരണ കോളജ് നിയമനത്തിലെ ക്രമക്കേടും, പാര്‍ട്ടി ഓഫിസ് നിര്‍മിക്കാനുള്ള അനധികൃത ഫണ്ട് പിരിവും പാര്‍ട്ടിയുടെ അന്വേഷണ കമ്മിഷന്റെ പരിശോധനയില്‍ ശശിക്കെതിരെ തെളിഞ്ഞിരുന്നു. ഇതിനുപിന്നാലെയായിരുന്നു സി.പി.എമ്മിന്റെ അച്ചടക്ക നടപടി. തിരഞ്ഞെടുക്കപ്പെട്ട എല്ലാ പാര്‍ട്ടി പദവികളും നഷ്ടപ്പെട്ട ശശി ജില്ലാ കമ്മിറ്റി അംഗമെന്ന പദവിയില്‍ നിന്നും ബ്രാഞ്ചംഗമായി മാത്രം മാറി.
തന്റെ അഭിപ്രായം പാര്‍ട്ടി ഘടകത്തില്‍ അറിയിക്കുമെന്നു പി.കെ.ശശി മാധ്യമങ്ങളോട് പറഞ്ഞു. കെടിഡിസി ചെയര്‍മാന്‍ സ്ഥാനം ഉത്തരവാദിത്തപ്പെട്ട കേന്ദ്രം തീരുമാനിച്ചു നല്‍കിയതാണ്. അവര്‍ തിരുത്താത്തിടത്തോളം കാലം ഈ സ്ഥാനത്തിരിക്കാമെന്നും പി.കെ.ശശി പറഞ്ഞു. മണ്ണാര്‍ക്കാട് സഹകരണ കോളജിന്റെ ഫണ്ട് ശേഖരണം, വിഭാഗീയത, ഏരിയ കമ്മിറ്റി ഒാഫിസ് നിര്‍മാണവുമായി ബന്ധപ്പെട്ട ഫണ്ടിലെ ക്രമക്കേട് എന്നീ ആരോപണങ്ങളിലാണു ശശിക്കെതിരെ നടപടിയുണ്ടായത്.
മണ്ണാര്‍ക്കാട് ഏരിയ കമ്മിറ്റി ഓഫിസ് നിര്‍മാണ ഫണ്ടില്‍ തിരിമറി നടത്തിയെന്നാണു ശശിക്കെതിരായ പ്രധാന ആരോപണം. ഇതു സംബന്ധിച്ചു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പുത്തലത്ത് ദിനേശന്റെ നേതൃത്വത്തിലുള്ള സമിതി അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കുകളില്‍നിന്നു പാര്‍ട്ടിയുടെ അറിവില്ലാതെ മണ്ണാര്‍ക്കാട് സഹകരണ കോളജിനു വേണ്ടി ഷെയറുകള്‍ സമാഹരിച്ചു, വേണ്ടപ്പെട്ടവരെ സിപിഎം ഭരിക്കുന്ന സ്ഥാപനങ്ങളില്‍ നിയമിച്ചു തുടങ്ങിയ ആരോപണങ്ങളും ഉയര്‍ന്നിരുന്നു. ഇതേക്കുറിച്ച് അന്വേഷിക്കാനും സിപിഎം കമ്മിഷനെ നിയോഗിച്ചിരുന്നു. 2019ല്‍ എം.ബി.രാജേഷ് പാലക്കാട് പാര്‍ലമെന്റ് മണ്ഡലത്തില്‍ മത്സരിച്ചപ്പോള്‍ വേണ്ടത്ര സഹകരിച്ചില്ലെന്ന ആരോപണവും ശശിക്കെതിരെ ഉയര്‍ന്നിരുന്നു.
സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗവും ഷൊര്‍ണൂര്‍ എംഎല്‍എയുമായിരുന്ന പി.കെ.ശശിക്കെതിരെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തക പീഡന പരാതി നല്‍കിയതോടെ ശശിയെ പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്നു മുന്‍പു സസ്‌പെന്‍ഡ് ചെയ്തിരുന്നു. രണ്ടു വര്‍ഷത്തിനു ശേഷം സെക്രട്ടേറിയറ്റിലേക്കു തിരിച്ചെടുത്തെങ്കിലും പിന്നീട് വിഭാഗീയതയുടെ പേരില്‍ ജില്ലാ കമ്മിറ്റിയിലേക്കു തരം താഴ്ത്തി. തുടര്‍ന്ന്, 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഷൊര്‍ണൂരില്‍ സീറ്റ് നിഷേധിച്ചു. ഇതിനു പകരമായാണ് കെടിഡിസി ചെയര്‍മാന്‍ സ്ഥാനം നല്‍കിയത്.