മധുര: 24ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ അസാധാരണ സംഭവമായി കേന്ദ്ര കമ്മിറ്റിയിലേക്ക് വോട്ടെടുപ്പ്. നേതൃത്വത്തെയും, സമ്മേളന പ്രതിനിധികളെയും ഒന്നാകെ അമ്പരപ്പിച്ചുകൊണ്ട് മഹാരാഷ്്ട്രയില്‍ നിന്നുള്ള ഡി എല്‍ കരാഡ് മത്സരത്തിന് സന്നദ്ധനായി. പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിച്ച കേന്ദ്ര കമ്മിറ്റി പട്ടികയിലാണ് കരാഡ് എതിര്‍പ്പ് ഉയര്‍ത്തിയത്. എന്നാല്‍ വോട്ടെടുപ്പില്‍ കരാഡ് തോറ്റു. കരാഡിന് 31 വോട്ടാണ് കിട്ടിയത്. 84 പേരാണ് കേന്ദ്ര കമ്മിറ്റിയിലുള്ളത്. ഒരുസീറ്റ് ഒഴിച്ചിട്ടു. പ്രകാശ് കാരാട്ടും, വൃന്ദ കാരാട്ടും കേന്ദ്ര കമ്മിറ്റിയിലെ ക്ഷണിതാക്കളാണ്.

തൊഴിലാളി വര്‍ഗ്ഗത്തെ അവഗണിച്ചതുകൊണ്ടാണ് താന്‍ മത്സരിച്ചതെന്നും വോട്ടിംഗ് നടന്നു എന്നും കരാഡ് സ്ഥിരീകരിച്ചു. മഹാരാഷ്ട്ര സി ഐ ടി യു സംസ്ഥാന അധ്യക്ഷന്‍ കൂടിയാണ് കരാഡ്. പാര്‍ട്ടിയില്‍ ജനാധിപത്യം ഉറപ്പിക്കാനായിരുന്നു മത്സരമെന്നും കരാഡ് മാധ്യമങ്ങളോട് പറഞ്ഞു. കരാഡിന്റെ ഈ പരസ്യപ്രതികരണവും നേതൃത്വത്തെ ഞെട്ടിച്ചു.

കേന്ദ്ര കമ്മിറ്റി പട്ടികയില്‍ അര്‍ഹമായ പ്രാതിനിധ്യം കിട്ടിയില്ലെന്ന പേരില്‍ ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര ഘടകങ്ങള്‍ എതിര്‍പ്പ് ഉന്നയിച്ചതോടെയാണ് വോട്ടെടുപ്പിലേയ്ക്ക് നീങ്ങിയത്. യുപി സംസ്ഥാന സെക്രട്ടറി രവിശങ്കര്‍ മിശ്രയാണ് വോട്ടെടുപ്പ് ആവശ്യപ്പെട്ടത്.

84 പേരുടെ കേന്ദ്ര കമ്മിറ്റി പാനലാണ് സമ്മേളനത്തില്‍ അവതരിപ്പിച്ചത്. എന്നാല്‍, യുപിയില്‍നിന്നും മഹാരാഷ്ട്രയില്‍നിന്നും എതിര്‍പ്പുയരുകയായിരുന്നു. തുടര്‍ന്ന് മഹാരാഷ്ട്രയില്‍ നിന്നുള്ള ഡി എല്‍ കരാഡ് കേന്ദ്ര കമ്മിറ്റിയിലേക്ക് മത്സരിക്കാന്‍ സന്നദ്ധത അറിയിക്കുകയായിരുന്നു.

ഉത്തര്‍ പ്രദേശ്, മഹാരാഷ്ട്ര കമ്മിറ്റികളില്‍ നിന്നുള്ള 3 പേരാണ് മത്സരിക്കാന്‍ തയ്യാറായത്. ഇവരില്‍ രണ്ട് പേര്‍ പിന്‍വാങ്ങിയെങ്കിലും കരാഡ് ഉറച്ചുനില്‍ക്കുകയായിരുന്നു. ഇതോടെയാണ് പാര്‍ട്ടി കോണ്‍ഗ്രസില്‍ മത്സരം എന്ന അസാധാരണ രംഗങ്ങള്‍ക്ക് സി പി എം സാക്ഷ്യം വഹിച്ചത്. പ്രതിനിധികളുടെ വോട്ടെടുപ്പിന് ശേഷമാണ് കേന്ദ്ര കമ്മിറ്റി പട്ടിക ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

നേരത്തെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് എം.എ. ബേബിയുടെ പേര് നിര്‍ദേശിച്ചപ്പോള്‍ ബംഗാള്‍ ഘടകം അതിനെ എതിര്‍ക്കുകയും മത്സരത്തിന് അരങ്ങൊരുങ്ങുകയും ചെയ്തിരുന്നു. പിന്നീട് തുടര്‍ചര്‍ച്ചകളില്‍ സമവായത്തിലെത്തിയതിനാല്‍ മത്സരം ഒഴിവായി.

ബേബിയുടെ എതിര്‍പക്ഷം പരിഗണിച്ചിരുന്ന കിസാന്‍സഭ ദേശീയ പ്രസിഡന്റ് അശോക് ധാവ്‌ളെയുടെ നിലപാട് പിബി യോഗത്തില്‍ വഴിത്തിരിവാകുകയും ചെയ്തു. ബംഗാളില്‍നിന്നുള്ള മുഹമ്മദ് സലീമിനെ ധാവ്‌ളെ നിര്‍ദേശിച്ചു. എന്നാല്‍, സലീം താല്‍പര്യക്കുറവ് വ്യക്തമാക്കി. ഒടുവില്‍, ഭൂരിപക്ഷാഭിപ്രായം മാനിച്ച് ബേബിയെ നിര്‍ദേശിക്കാന്‍ പിബി തീരുമാനിക്കുകയായിരുന്നു.

1980 മുതല്‍ 92 വരെ ജനറല്‍ സെക്രട്ടറിയായിരുന്ന ഇ എം എസിന് ശേഷമാണ് ബേബി കേരളത്തില്‍ നിന്നും സി പി എമ്മിനെ നയിക്കാന്‍ എത്തുന്നത്. കേന്ദ്ര കമ്മിറ്റിയില്‍ പിണറായി വിജയന്‍, യൂസഫ് തരിഗാമി, പി കെ ശ്രീമതി എന്നിവര്‍ക്ക് ഇളവ് നല്‍കിയിട്ടുണ്ട്. കേന്ദ്ര കമ്മിറ്റിയിലേക്ക് മുഹമ്മദ് റിയാസ് എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല. ടി പി രാമകൃഷ്ണനും പുത്തലത്ത് ദിനേശനും കെ എസ് സലീഖയും കേന്ദ്ര കമ്മിറ്റിയില്‍ എത്തി.