- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒന്നാം പിണറായി മന്ത്രിസഭയിലെ 'ക്യാപ്റ്റനെ' മാത്രം നിലനിര്‍ത്തുകയും പരിചയ സമ്പന്നരായ മന്ത്രിമാരെ മാറ്റി നിര്‍ത്തുകയും ചെയ്ത ശേഷം ബന്ധുവിനെ മന്ത്രിയാക്കിയതു ശരിയായില്ലെന്ന വിമര്‍ശനത്തില്‍ പിണറായി പൂര്‍ണ്ണ അതൃപ്തന്‍; തുടര്‍ഭരണം നല്‍കിയ നേതാവിനെ കൊച്ചാക്കുന്നതിന് പിന്നില്‍ ഗൂഡ ലക്ഷ്യമോ? പരിഹസിക്കുന്നവര്‍ക്ക് പണി കിട്ടുമോ? മേല്‍കമ്മറ്റിയില്‍ അവര്‍ പുറത്താകും
കൊല്ലം: കൊല്ലം സിപിഎം ജില്ലാ സമ്മേളനത്തിലെ വിമര്‍ശനങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന് കടുത്ത അതൃപ്തി. ഒന്നാം പിണറായി മന്ത്രിസഭയിലെ 'ക്യാപ്റ്റനെ' മാത്രം നിലനിര്‍ത്തുകയും പരിചയ സമ്പന്നരായ മന്ത്രിമാരെ മാറ്റി നിര്‍ത്തുകയും ചെയ്ത ശേഷം ബന്ധുവിനെ മന്ത്രിയാക്കിയതു ശരിയായില്ലെന്നു സിപിഎം ജില്ലാ സമ്മേളനത്തില്‍ വിമര്‍ശന ഉയര്‍ന്നിരുന്നു. സിപിഎമ്മിന് ചരിത്രത്തില്‍ ആദ്യമായി തുടര്‍ ഭരണം നല്‍കിയത് പിണറായി സര്‍ക്കാരാണ്. ഒന്നാം പിണറായി സര്‍ക്കാരിന്റെ നേട്ടങ്ങളായിരുന്നു ഇതിന് കാരണം. എന്നിട്ടും ശത്രുക്കള്‍ പരിഹസിക്കുന്നത് പോലെ 'ക്യാപ്റ്റന്‍' എന്ന പദം സിപിഎം ജില്ലാ സമ്മേളത്തില്‍ ഉയര്‍ന്നതാണ് പിണറായിയെ ചൊടിപ്പിക്കുന്നത്.
റിയാസിനെ മന്ത്രിയാക്കുന്നത് ഇതു മാധ്യമ വിചാരണയ്ക്ക് ഇടയാക്കും എന്നറിയാമായിരുന്നിട്ടും തീരുമാനത്തില്‍ നിന്നു പിന്നാക്കം പോയില്ല. കെ.െക.ശൈലജ അടക്കമുള്ളവരെ മാറ്റി നിര്‍ത്തിയതു ശരിയായില്ലെന്നും പിണറായിയ്‌ക്കെതിരെ വിമര്‍ശനം ഉയര്‍ന്നു. മന്ത്രി മുഹമ്മദ് റിയാസിന്റെ പദവിയെച്ചൊല്ലിയുയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് അദ്ദേഹത്തിന്റെ രാഷ്ട്രീയ പാരമ്പര്യം ചൂണ്ടിക്കാട്ടി എതിര്‍ വാദവും ഉയര്‍ന്നു. പ്രതിപക്ഷത്തിന് സമാനമായി തുടര്‍ഭരണം നല്‍കിയ നേതാവിനെ കളിയാക്കുന്നുവെന്ന വിമര്‍ശനം ശക്തമാണ്. ഇതിന് പിന്നില്‍ ചില ലോബികളുണ്ട്. രണ്ടാം പിണറായി സര്‍ക്കാര്‍ വന്നതോടെ എല്ലാ മേഖലയിലും ഉദ്യോഗസ്ഥ മേധാവിത്വം പിടിമുറുക്കി. വിരമിക്കുന്ന സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരെ ഉന്നത സ്ഥാനങ്ങളില്‍ കുടിയിരുത്തിയ ഇന്ദിരാഗാന്ധിക്കെതിരെ പ്രതിഷേധിച്ചവരാണ് നമ്മള്‍. ഇപ്പോള്‍ പാര്‍ട്ടിയുടെ സര്‍ക്കാര്‍ ഇതേ കാര്യം ചെയ്യുന്നു. ഭൂലോക തട്ടിപ്പുകാരന്‍ മോന്‍സന്‍ മാവുങ്കലിന്റെ തിണ്ണ നിരങ്ങുന്നവരെ വരെ വീണ്ടും നിയമിച്ചു പ്രതിനിധികള്‍ വിമര്‍ശിച്ചു. ഓരോ ഫയലും ഓരോ ജീവിതമാണെന്നു മുഖ്യമന്ത്രി പറഞ്ഞെങ്കിലും ഉദ്യോഗസ്ഥ തലത്തില്‍ വന്‍ അഴിമതിയാണെന്നും കൊല്ലത്ത് പരിഹാസം ഉയര്‍ന്നു. ഇത് മറ്റ് ജില്ലകളിലും ആവര്‍ത്തിക്കാന്‍ സാധ്യത ഏറെയാണ്. അതുകൊണ്ട് തന്നെ ഗൗരവത്തോടെ വിമര്‍ശനങ്ങളെ എടുക്കും. കമ്മറ്റി രൂപീകരിക്കുമ്പോള്‍ വിമര്‍ശകരെ പരമാവധി ഒഴിവാക്കാനാണ് തീരുമാനം.
സിപിഎം കൊല്ലം ജില്ലാ സമ്മേളനത്തില്‍ മന്ത്രിസഭയ്ക്കും ആഭ്യന്തര വകുപ്പിനും രൂക്ഷ വിമര്‍ശനം ഉയര്‍ന്നു. പൊലീസിന്റെ വീഴ്ചകള്‍ അവസാനിപ്പിക്കാന്‍ ആഭ്യന്തരവകുപ്പിന് കഴിയുന്നില്ലെന്ന് പ്രതിനിധികള്‍. കരുനാഗപ്പള്ളിയിലെ വിഭാഗീയത രൂക്ഷമായതില്‍ ജില്ലാ നേതൃത്വത്തിനും പങ്കെന്നും വിമര്‍ശനം. ചര്‍ച്ചയില്‍ ഉയര്‍ന്നു വന്ന വിഷയങ്ങളില്‍ സംസ്ഥാന സെക്രട്ടറി മറുപടി നല്‍കും. ഈ മറുപടിയില്‍ പിണറായിയ്ക്ക് വേണ്ടിയുള്ള പ്രതിരോധം ഉണഅടാകും. രണ്ടാം ദിനത്തിലെ പ്രതിനിധി ചര്‍ച്ചയിലാണ് ആഭ്യന്തരവകുപ്പിനും സംസ്ഥാന മന്ത്രിസഭയ്ക്കും ജില്ലാ നേതൃത്വത്തിനും എതിരെ പ്രതിനിധികള്‍ രംഗത്തെത്തിയത്. മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന ആഭ്യന്തര വകുപ്പിന്റെ കെടുകാര്യസ്ഥതയെ പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. കിളികൊല്ലൂരില്‍ സൈനികനെയും സഹോദരനെയും പൊലീസ് മര്‍ദിച്ച വിഷയം ഉള്‍പ്പെടെ ഉന്നയിച്ച ആയിരുന്നു വിമര്‍ശനം. പൊലീസിനെ നിലയ്ക്ക് നിര്‍ത്താന്‍ വകുപ്പ് കൈകാര്യം ചെയ്യുന്നവര്‍ക്ക് സാധിക്കുന്നില്ല എങ്കില്‍ പാര്‍ട്ടി ഇടപെടണം എന്ന് അംഗങ്ങള്‍. രണ്ടാം പിണറായി മന്ത്രിസഭയില്‍ നിന്ന് മുന്‍ പരിചയം ഉള്ളവരെ ഒഴിവാക്കിയത് തിരിച്ചടിയായി. പുതുമുഖങ്ങളെ മാത്രം ഉള്‍പ്പെടുത്തിയ മന്ത്രിസഭ പരാജയം എന്നും അഞ്ചാലുംമൂട്ടില്‍ നിന്നുള്ള പ്രതിനിധികള്‍ വിമര്‍ശിച്ചു.
നേതാക്കന്മാരുടെ തലക്കനം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് അവരെ അപ്രാപ്യരാക്കുന്നു. നേരില്‍ കണ്ടാല്‍, പത്രം ചേര്‍ത്തോ, ഫണ്ട് സ്വരൂപിച്ചോ എന്നു മാത്രമാണു ചോദ്യം, 'നീയും നിന്റെ കുടുംബവും എങ്ങനെ കഴിയുന്നു' എന്നൊരു അന്വേഷണമേയില്ല. എല്ലാവര്‍ക്കും ജാടയും മസില്‍ പിടിത്തവുമാണ്. ഇതാണോ കമ്യൂണിസ്റ്റ് ശൈലി ? മുസ്‌ലിം ലീഗ് കോണ്‍ഗ്രസുമായി അകലാന്‍ തുടങ്ങിയാല്‍ ലീഗ് മതനിരപേക്ഷ പാര്‍ട്ടിയാകും. കോണ്‍ഗ്രസുമായി ഇണങ്ങിയാല്‍ വര്‍ഗീയവാദികളായി മാറും. ഇങ്ങനെ നിലപാട് സ്വീകരിക്കുന്ന സംസ്ഥാന നേതൃത്വത്തിന് എന്തു വിശ്വാസ്യതയാണുള്ളത് ? കോടിയേരി ബാലകൃഷ്ണനു ശേഷം നിലപാടുള്ള സംസ്ഥാന സെക്രട്ടറിയെ കാണാന്‍ പറ്റിയിട്ടില്ല. ശശിമാര്‍ പാര്‍ട്ടിക്ക് എന്നും തലവേദനയാണെന്നും വിമര്‍ശനമുയര്‍ന്നു. ഡിവൈഎഫ്‌ഐ വനിതാ നേതാവിനെ അപമാനിച്ചുവെന്ന ആരോപണം നേരിട്ട പാലക്കാട്ടെ പി.കെ.ശശി ഇപ്പോഴും കെടിഡിസി ചെയര്‍മാനാണ്. കണ്ണൂരില്‍ പി.ശശിയെ മാറ്റി നിര്‍ത്തിയത് എന്തിനാണെന്ന് എല്ലാവര്‍ക്കുമറിയാം. പിന്നീട് അദ്ദേഹത്തെ കാണുന്നതു മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി സ്ഥാനത്താണ്. ഇതു പാര്‍ട്ടിക്കാര്‍ മാത്രമല്ല, പൊതുജനങ്ങളും കണ്ടു കൊണ്ടിരിക്കുകയാണെന്നും ചര്‍ച്ചയുണ്ടായി-അങ്ങനെ പിണറായിയുടെ വിശ്വസ്തരേയും കൊല്ലത്ത് കടന്നാക്രമിച്ചു.
'നേതാക്കളാരും ആത്മകഥയെഴുതരുത് എന്ന പരിഹാസവും ഉണ്ടായി. ' കൈകൂപ്പിക്കൊണ്ടു പറയുകയാണ്, നേതാക്കളാരും ഇനി ആത്മകഥ എഴുതരുത്...' കേന്ദ്ര കമ്മിറ്റിയംഗം ഇ.പി ജയരാജന്റെ പേരില്‍ ആത്മകഥാ വിവാദമുണ്ടായതു ചൂണ്ടിക്കാട്ടിയായിരുന്നു വിമര്‍ശനം. ഇ.പിക്കെതിരെ നടപടിയെടുക്കാന്‍ നേതൃത്വത്തിനു ഭയമാണോ ? 'മീശ മാധവന്‍' എന്ന സിനിമയില്‍ വെടി വഴിപാട് ഒന്ന്, രണ്ട് എന്നു പറഞ്ഞതു പോലെ ഓരോ തിരഞ്ഞെടുപ്പിലും ഇ.പി.ജയരാജന്‍ ഓരോ വെടി പൊട്ടിക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വെടി വഴിപാട് ഒന്ന്, പാലക്കാട് തിരഞ്ഞെടുപ്പില്‍ വെടിവഴിപാട് രണ്ട്... പ്രതിനിധി പറഞ്ഞു.
കരുനാഗപ്പള്ളിയിലെ വിഭാഗീയതയില്‍ നടപടി എടുക്കേണ്ട ജില്ലാ നേതൃത്വം ഒരു പക്ഷത്തോടൊപ്പം നിന്നു. തെറ്റ് തിരുത്തി മുന്നോട്ട് കൊണ്ട് പോകുന്നതിനു പകരം ഏരിയ കമ്മിറ്റി പിരിച്ചുവിടുക എന്ന ലക്ഷ്യം നടപ്പിലാക്കാനാണ് നേതൃത്വം ശ്രമിച്ചതെന്ന് പുനലൂര്‍, കൊല്ലം ഈസ്റ്റ്, കുണ്ടറ, കൊട്ടാരക്കര ഏരിയകളിലെ പ്രതിനിധികള്‍. ചര്‍ച്ചയില്‍ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ മറുപടി നല്‍കും. ജില്ലാ കമ്മിറ്റി തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. നിലവിലെ ജില്ലാ സെക്രട്ടറി എസ് സുദേവന്‍ തുടര്‍ന്നേക്കും. കരുനാഗപ്പള്ളിയില്‍ നിന്നുള്ള ജില്ലാ കമ്മിറ്റി അംഗങ്ങളെ മാറ്റി നിര്‍ത്താന്‍ തന്നെയാണ് സാധ്യത.