പയ്യന്നൂർ: പയ്യന്നൂരിലെ സി.പി. എം മുൻ ഏരിയാസെക്രട്ടറി വി.കുഞ്ഞികൃഷ്ണൻ സി.പി. എം ഏരിയാകമ്മിറ്റി യോഗത്തിൽ പങ്കെടുത്തു. ഏരിയാകമ്മിറ്റി അംഗമായ കുഞ്ഞികൃഷ്ണനോട് പാർട്ടി ജില്ലാ നേതൃത്വം ഏരിയാകമ്മിറ്റിയോഗത്തിൽ പങ്കെടുക്കണമെന്ന് നിർദ്ദേശിച്ചതിനെ തുടർന്നാണ് വി.കുഞ്ഞികൃഷ്ണൻ ഇന്ന് പയ്യന്നൂർ ഏരിയാകമ്മിറ്റി ഓഫീസിൽ നടന്ന യോഗത്തിൽ പങ്കെടുത്തത്. സി.പി. എം കണ്ണൂർ ജില്ലാസെക്രട്ടറി എം.വി ജയരാജൻ, സംസ്ഥാന കമ്മിറ്റിയംഗം പി.ജയരാജൻ എന്നിവർ ബുധനാഴ്‌ച്ച വൈകുന്നേരം നടന്ന പയ്യന്നൂർ ഏരിയാ കമ്മിറ്റി യോഗത്തിന്റെ മേൽകമ്മിറ്റി യോഗത്തിൽ പങ്കെടുത്തിരുന്നു.

അരമണിക്കൂറോളം നീണ്ടുനിന്ന യോഗത്തിൽ വിവാദ വിഷയങ്ങളിൽ ചർച്ചയുണ്ടായിട്ടില്ലെന്നാണ് വിവരം. പയ്യന്നൂർ ഏരിയാ സെക്രട്ടറിയുടെ ചുമതലയുള്ള സംസ്ഥാനകമ്മിറ്റിയംഗം ടി.വി രാജേഷ്, ആരോപണവിധേയനായ പയ്യന്നൂർ എംഎൽഎ ടി. ഐ മധുസൂദനൻ എന്നിവർ മറ്റുപരിപാടികളുള്ളതിനാൽ യോഗത്തിൽ പങ്കെടുത്തിട്ടില്ലെന്നാണ് പാർട്ടി വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന സൂചന. നേരത്തെ ഫെബ്രുവരി ഒന്നിന് നടക്കുന്ന ഏരിയാകമ്മിറ്റി യോഗത്തിൽ പങ്കെടുക്കണമെന്ന് പാർട്ടി നേതൃത്വം വി.കുഞ്ഞികൃഷ്ണനോട് ആവശ്യപ്പെട്ടിരുന്നു.

പാർട്ടിയോട് ഇടഞ്ഞു നിൽക്കുന്ന കുഞ്ഞികൃഷ്ണനെ അനുനയിപ്പിക്കാൻ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ഉൾപ്പെടെയുള്ളവർ സമ്മർദ്ദം ചെലുത്തിയിട്ടുണ്ടെന്നാണ് വിവരം. ധനരാജ് രക്തസാക്ഷി ഫണ്ടുവെട്ടിപ്പ്, പാർട്ടി ഓഫീസ് നിർമ്മാണവുമായി ബന്ധപ്പെട്ട ആരോപണങ്ങൾ എന്നിവയിൽ വി.കുഞ്ഞികൃഷ്ണൻ ഉറച്ചു നിൽക്കുന്ന സാഹചര്യത്തിൽ പാർട്ടി നേതൃതലത്തിൽ താൻ പ്രവർത്തിക്കില്ലെന്നു വി.കുഞ്ഞികൃഷ്ണൻ നേതാക്കളോട് തുറന്നു പറഞ്ഞിരുന്നു. എന്നാൽ തുടർച്ചയായി ഏരിയാകമ്മിറ്റി യോഗങ്ങളിൽ പങ്കെടുത്തില്ലെങ്കിൽ അംഗത്വത്തിൽ നിന്നും ഒഴിവാക്കേണ്ടി വരുമെന്നും മറ്റു കാര്യങ്ങളിൽ വീണ്ടും വിശദമായ ചർച്ച ചെയ്യാൻ ഒരുക്കമാണെന്ന് നേതൃത്വം അറിയിച്ചതിനെ തുടർന്നാണ് വി.കുഞ്ഞികൃഷ്ണൻ അയഞ്ഞത്.

ഇതു കൂടാതെ വി.കുഞ്ഞികൃഷ്ണൻ വീണ്ടും പാർട്ടി നേതൃത്വത്തിലേക്ക് മടങ്ങിവരണമെന്നു അദ്ദേഹത്തെ അനുകൂലിക്കുന്നവരും ആവശ്യപ്പെട്ടിരുന്നു. കുഞ്ഞികൃഷ്ണനെ തണുപ്പിക്കുന്നതിനു വേണ്ടിയാണ് ടി.വി. രാജേഷും ടി. ഐ മധുസൂദനനും യോഗത്തിൽ നിന്നുംവിട്ടുനിന്നതെന്നാണ് സൂചന. പാർട്ടി സംസ്ഥാന സെക്രട്ടറിയായ എം.വി ഗോവിന്ദൻ നയിക്കുന്ന സംസ്ഥാന ജാഥയിൽ പങ്കെടുക്കാനും കുഞ്ഞികൃഷ്ണനോട് നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. പയ്യന്നൂരിലെ പാർട്ടിയുടെ ജനകീയ മുഖങ്ങളിലൊന്നായ വി.കുഞ്ഞികൃഷ്ണൻ പാർട്ടി പ്രവർത്തനങ്ങളിൽ നിന്നും വിട്ടു നിൽക്കുന്നത് സി.പി. എമ്മിന് ഏറെ ക്ഷീണം ചെയ്തിട്ടുണ്ട്. ഇതോടെയാണ് പാർട്ടി നേതൃത്വം വീണ്ടും സമവായ നീക്കങ്ങളുമായി രംഗത്തിറങ്ങിയത്.

നേരത്തെ കുഞ്ഞികൃഷ്ണനെതിരെ പാർട്ടി നടപടിയെടുത്തിട്ടില്ലെന്നും പയ്യന്നൂരിലെ പാർട്ടിഫണ്ടു വിവാദം അടഞ്ഞ അധ്യായമാണെന്നും സി.പി. എം കണ്ണൂർ ജില്ലാസെക്രട്ടറി എം.വി ജയരാജൻ പറഞ്ഞിരുന്നു. കാര്യമായ ചർച്ചയൊന്നും ബുധനാഴ്‌ച്ച നടന്ന യോഗത്തിലുണ്ടായിട്ടില്ല. പാർട്ടി പരിപാടികളുടെ റിപ്പോർട്ടിങും ഭാവി പരിപാടികളും മാത്രമേ അജൻഡയായി വന്നിട്ടുള്ളുവെന്നാണ് വിവരം. യോഗത്തിലുടെ നീളം മൗനം പാലിച്ചിരുന്ന വി.കുഞ്ഞികൃഷ്ണൻ ഒടുവിൽ യോഗം കഴിഞ്ഞപ്പോൾ കൂടുതൽ സമയം ഏരിയാകമ്മിറ്റി ഓഫീസിൽ തങ്ങാതെ മടങ്ങുകയും ചെയ്തുവെന്നാണ് അറിയുന്നത്.