- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ധനകാര്യം സമ്പൂര്‍ണ്ണ പരാജയം; ആരോഗ്യത്തിന് മന്ത്രിയുണ്ടോ എന്നും സംശയം; കൊടിയേരി കാല സാഹചര്യം മാറുന്നു; പിണറായി വേദിയില്‍ ഉള്ളപ്പോഴും അതിശക്ത വിമര്‍ശനം; എഡിജിപി അജിത് കുമാറിനെ കടന്നാക്രമിച്ചത് പിണറായിയെ വേദിയില്‍ ഇരുത്തി; സംഘടനാ റിപ്പോര്‍ട്ടിംഗിലും വിമര്‍ശനം; സിപിഎം തിരുവനന്തപുരം സമ്മേളനത്തില്‍ സംഭവിക്കുന്നത്
തിരുവനന്തപുരം: കൊല്ലത്ത് നിന്ന് സിപിഎം ജില്ലാ സമ്മേളനം തിരുവനന്തപുരത്ത് എത്തുമ്പോള്‍ കളി കൂടുതല്‍ കാര്യമാകുന്നു. കടുത്ത വിമര്‍ശനമാണ് ഭരണത്തിന് എതിരെ സമ്മേളനങ്ങളില്‍ ഉയരുന്നത്. മുഖ്യമന്ത്രി പിണറായി വിജയനെ പരസ്യമായി വിമര്‍ശിക്കാന്‍ സഖാക്കള്‍ തയ്യാറാകുന്നു. കൊടിയേരി ബാലകൃഷ്ണന് സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്നപ്പോള്‍ സംഘടനയില്‍ നിന്നും പിണറായി വിജയന് ഇത്രയേറെ വിമര്‍ശനം നേരിടേണ്ടി വന്നിരുന്നില്ല. എ്ന്നാല്‍ എംവി ഗോവിന്ദന് സെക്രട്ടറിയായപ്പോള്‍ കഥമാറുകയാണ്. തിരുവനന്തപുരം ജില്ലാ സമ്മേളനത്തിലെ പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ അടക്കം സര്‍ക്കാര്‍ വിരുദ്ധ പരാമര്‍ശമുണ്ട്. ഇതിനൊപ്പമാണ് സമ്മേളനത്തിലെ വിമര്‍ശനവും.
പാര്‍ട്ടി ര്‍ട്ടി നേതൃത്വം അടിമുടി തിരുത്തലിന് തയാറാകണമെന്നും ഭരണത്തിന്റെ തണലില്‍ സഖാക്കള്‍ക്ക് മൂല്യച്യൂതി സംഭവിച്ചെന്നും ചൂണ്ടിക്കാട്ടി സിപിഎമ്മിന്റെ സംഘടനാ റിപ്പോര്‍ട്ട് ഞെട്ടിക്കുന്നതായി. പാര്‍ട്ടി വിട്ട മധു മുല്ലശേരി ബിജെപിയോട് അടുത്തിട്ടും നേതാക്കള്‍ ഇക്കാര്യം പാര്‍ട്ടി നേതൃത്വത്തിനോട് റിപ്പോര്‍ട്ട് ചെയ്തില്ലെന്നും സംഘടനാ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. മുഖ്യമന്ത്രി ഭരിക്കുന്ന ആഭ്യന്തര വകുപ്പിനെതിരെയും സംഘടനാ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. എം.ആര്. അജിത് കുമാറിനെ ഡിജിപി പട്ടികയില്‍ ഉള്പ്പെടുത്തരുതായിരുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ആഭ്യന്തര വകുപ്പിന് പുറമെ തദ്ദേശ, ടൂറിസം വകുപ്പുകളെയും സംഘനടാ റിപ്പോര്‍ട്ടില്‍ വിമര്‍ശിക്കുന്നുണ്ട്. പിണറായി വിജയന് വേദിയിലുള്ളപ്പോഴും വിമര്‍ശനം ഉയര്‍ന്നുവെന്നതും ശ്രദ്ധേയമായി.
പോലീസില്‍ ഡിജിപിയായുള്ള എം.ആര്. അജിത് കുമാറിന്റെ സ്ഥാനക്കയറ്റത്തെ ഉള്‍പ്പെടെ വിമര്‍ശിച്ച് ആഭ്യന്തരവകുപ്പിനുനേരേ ആഞ്ഞടിച്ച് സി.പി.എം. തിരുവനന്തപുരം ജില്ലാസമ്മേളന പ്രതിനിധികള്‍ രംഗത്തു വന്നു. ആര്.എസ്.എസ്. നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിന് അന്വേഷണം നേരിടുന്ന അജിത് കുമാറിന് ഡി.ജി.പി. റാങ്കിലേക്ക് സ്ഥാനക്കയറ്റം നല്‍കിയതോടെ സര്‍ക്കാര്‍ കീഴടങ്ങിയെന്ന പ്രതീതിയാണുണ്ടാക്കിയതെന്ന് പ്രതിനിധികള്‍ വിമര്‍ശിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിലാണ് ഈ വിമര്‍ശനം.''എ.ഡി.ജി.പി. എം.ആര്. അജിത് കുമാറിനെ ഡി.ജി.പി. റാങ്കിലേക്ക് ഉയര്‍ത്താന്‍ പാടില്ലായിരുന്നു. നിയമപ്രകാരം അവകാശമുണ്ടെങ്കില്‍ അത് കോടതിയില്‍പോയി വാങ്ങിവരട്ടേ എന്ന നിലപാടെടുക്കണമായിരുന്നു'' -പ്രതിനിധികള്‍ പറഞ്ഞു.
പോലീസ് സ്റ്റേഷനുകളില്‍ സി.പി.എം. നേതാക്കളെക്കാള്‍ സ്വീകരണം ലഭിക്കുന്നത് ബി.ജെ.പി.-കോണ്‍ഗ്രസ് നേതാക്കള്‍ക്കാണ്. പോലീസിന്റെ പ്രവര്‍ത്തനത്തില്‍ സമ്പൂര്‍ണമായ മാറ്റമുണ്ടായില്ലെങ്കില്‍ രാഷ്ട്രീയശത്രുക്കള്‍ക്ക് ഗുണമായിമാറും. ബി.ജെ.പി.യിലേക്ക് ചേക്കേറിയ മംഗലപുരം ഏരിയാസെക്രട്ടറി മധു മുല്ലശ്ശേരിയെ പോലുള്ളവരെ ജനങ്ങള്‍ തിരിച്ചറിഞ്ഞു. പാര്‍ട്ടിനേതാക്കള്‍ക്ക് തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്നും പ്രതിനിധികള്‍ പരിഹസിച്ചു. ധനവകുപ്പ് സമ്പൂര്‍ണപരാജയമാണ്. കേന്ദ്രം സാമ്പത്തികഞെരുക്കം സൃഷ്ടിക്കുന്നുവെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ കഴിയാതെ വെറുതേ പരിഭവം പറഞ്ഞ് നടക്കുകയാണ് ധനമന്ത്രി. രണ്ടാം പിണറായിസര്‍ക്കാരില്‍ കിഫ്ബി പോലുള്ള പദ്ധതികള്‍ ഒന്നും നടപ്പാക്കിയിട്ടില്ലെന്നും കുറ്റപ്പെടുത്തലുണ്ട്.
ആരോഗ്യവകുപ്പില്‍ ഒരു മന്ത്രിയുണ്ടോയെന്ന കാര്യത്തില്‍ സംശയമുണ്ടെന്നും പ്രതിനിധികള്‍ പറഞ്ഞു. പുതിയതലമുറ എന്തുകൊണ്ട് പാര്‍ട്ടിയിലേക്ക് വരുന്നില്ലെന്ന് പരിശോധിക്കണമെന്ന് അഭിപ്രായമുയര്‍ന്നു. വൈദ്യുതി, കുടിവെള്ള നിരക്കുകള്‍ കൂട്ടിയതിലും കെട്ടിടനികുതി വര്‍ധിപ്പിച്ചതിലുമെല്ലാം വിമര്‍ശനമുണ്ടായി. തിരുവനന്തപുരത്ത് സഖാക്കള്‍ക്ക് മണ്ണ് ലഹരി മാഫിയയുമായി അടുത്ത ബന്ധമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഡിവൈഎഫ്ഐ വെറുമൊരു ചാരിറ്റി സംഘടനയായി മാറിയെന്നും വിമര്‍ശനമുണ്ട്. തിരുവനന്തപുരം മേയറെ വളഞ്ഞിട്ട് ആക്രമിക്കുകയാണെന്ന് പ്രതിനിധികള്‍ ആരോപിച്ചു. പാര്‍ട്ടിയുടെ വര്‍ഗ ബഹുജന സംഘടനകളുടെ അംഗത്വത്തിനെതിരെയും സംഘടനാ റിപ്പോര്‍ട്ടില്‍ വിമര്‍ശനമുണ്ട്. വോട്ടെടുപ്പില്‍ അംഗങ്ങള്‍ പലരെയും കാണാറില്ലെന്നും, ഇത്രയും അംഗത്വം ഉണ്ടോയെന്നും റിപ്പോര്‍ട്ടില്‍ ചോദിക്കുന്നു.
സംഘടനാ റിപ്പോര്‍ട്ടില്‍ എസ്എഫ്ഐക്കെതിരെയും രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. യൂണിവേഴ്സിറ്റി കോളജിലും ഹോസ്റ്റലിലും തെറ്റായ പ്രവര്‍ത്തനം നടക്കുന്നുവെന്നും ഇതൊരിക്കലും അംഗീകരിച്ചു കൊടുക്കാന്‍ കഴിയില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. എസ്എഫ്ഐയില്‍ ശക്തമായ ഇടപടെല്‍ വേണമെന്നും ജില്ലാ സമ്മേളനത്തിലെ ചര്‍ച്ചയില്‍ ആവശ്യമുയര്‍ന്നു. പാര്‍ട്ടിയില്‍ അടിമുടി തിരുത്തല്‍ വേണമെന്ന് സംഘടനാ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. സര്‍ക്കാരിന്റെ ധനകാര്യ മാനേജ്മെന്റ് പരാജയമാണെന്നും സാമ്പത്തിക പ്രതിസന്ധി ജനങ്ങളെ ബോധ്യപ്പെടുത്താന്‍ കഴിയുന്നില്ലെന്നും പ്രതിനിധികള്‍ കുറ്റപ്പെടുത്തി. 12 ഏരിയാ കമ്മിറ്റികള്‍ വിഷയങ്ങള്‍ അവതരിപ്പിച്ചു.
സിപിഎം, അജിത് കുമാര്‍, പോലീസ്, എസ് എഫ് ഐ, മുഖ്യമന്ത്രി പിണറായി വിജയന്