കണ്ണൂർ: ആകാശ് തില്ലങ്കേരിയുടെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ സി.പി. എം നേതാക്കളെ അപമാനിച്ച സംഭവം ക്രിമിനൽ ഗൂഢാലോചനയാണെന്ന് സി.പി. എം കണ്ണൂർ ജില്ലാസെക്രട്ടറി എം.വി ജയരാജൻ ആരോപിച്ചു. കണ്ണൂർ അഴീക്കോടൻ മന്ദിരത്തിൽ മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

യൂത്ത് കോൺഗ്രസ് നേതാവ് എടയന്നൂരിലെ ഷുഹൈബ വധക്കേസിലെ ഒന്നാം പ്രതിയായ ഇയാൾ കേസിലെ മാപ്പുസാക്ഷിയാകാനുള്ള നീക്കമാണ് ഇപ്പോൾ നടത്തുന്നത്. ഷുഹൈബ് വധക്കേസിൽ പാർട്ടിക്ക് ബന്ധമില്ലെന്ന് അന്നേ പറഞ്ഞതാണെന്നും എം.വി ജയരാജൻ പറഞ്ഞു.

അതേ സമയം ആകാശ് തില്ലങ്കേരിക്കെതിരെ ഡി.വൈ. എഫ്. ഐ കണ്ണൂർ ജില്ലാ നേതൃത്വവും രംഗത്തുവന്നിട്ടുണ്ട്. ഡി.വൈ.എഫ് ഐ നേതാക്കളെ സോഷ്യൽമീഡിയ വഴി അധിക്ഷേപിക്കുന്ന ക്വട്ടേഷൻ സ്വർണക്കടത്ത് സംഘത്തെ പ്രതിരോധിക്കുമെന്ന് ജില്ലാഭാരവാഹികളായ സരിൻ ശശിയും മുഹമ്മദ് അസഫ്ലും അറിയിച്ചു .ഇത്തരം പൊതുശല്യങ്ങളെ സമൂഹം ഒറ്റപ്പെടുത്താൻ തയ്യാറാകണം. ഇവർക്കെതിരെ സംഘടന നിയമനടപടി സ്വീകരിക്കുമെന്ന് നേതാക്കൾ അറിയിച്ചു.

ഇതിനിടെ രാഷ്ട്രീയ കേരളത്തെ ഞെട്ടിച്ച എടയന്നൂർ ഷുഹൈബ് വധക്കേസ് സി.ബി. ഐ വിടണമെന്ന കുടുംബത്തിന്റെ ഹർജിയിൽ ഹൈക്കോടതി ഈ മാസം ഇരുപതിന് വിധി പറയാനിരിക്കെ കേസിൽ നിർണായക വെളിപ്പെടുത്തലുമായി മുഖ്യപ്രതികളിലൊരാൾ രംഗത്തുവന്നത് സി. പി. എമ്മിനെയും ഡി.വൈ. എഫ്. ഐയെയും വെട്ടിലാക്കിയിരിക്കുകയാണ്. യൂത്ത് കോൺഗ്രസ് ബ്ളോക്ക് പ്രസിഡന്റ് ഷുഹെബ് വധക്കേസിനു പിന്നിൽ എടയന്നൂരിലെ സി..പി. എം നേതാക്കളുടെ പങ്കുണ്ടെന്ന ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തൽ വിവാദമായ സാഹചര്യത്തിൽ സി.പി. എം നേതൃത്വത്തിനെതിരെ അതിരൂക്ഷവിമർശനവുമായി ജില്ലാകോൺഗ്രസ് അധ്യക്ഷൻ മാർട്ടിൻ ജോർജ് രംഗത്തുവന്നിട്ടുണ്ട്.

അതേസമയം, സോഷ്യൽ മീഡിയവഴി ഡി.വൈ. എഫ്. ഐ പ്രവർത്തകനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ ആകാശ് തില്ലങ്കേരിക്കെതിരെ മട്ടന്നൂർ പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്. ഡി.വൈ. എഫ്. ഐ മട്ടന്നൂർ ബ്ളോക്ക് കമ്മിറ്റി എക്സിക്യൂട്ടീവ് അംഗം ബിനീഷിന്റെ പരാതിയിലാണ് കേസെടുത്തത്. ഷുഹൈബിനെ വധിക്കാൻ നിർദ്ദേശിച്ചത് സി.പി. എം നേതൃത്വമാണെന്ന ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തൽ വിവാദമായതോടെ സി.പി. എം നേതൃത്വം പ്രതിരോധത്തിലായിട്ടുണ്ട്. കൊല്ലാൻ നിർദ്ദേശിച്ച പാർട്ടി നേതാക്കൾ തന്നെ സംരക്ഷിച്ചില്ലെന്ന ആരോപണമാണ് ആകാശ് തില്ലങ്കേരി ഉന്നയിച്ചത്.

സാധാരണ സി.പി. എമ്മിനായി കൊല്ലിനും കൊലയ്ക്കും ഇറങ്ങുന്നവർ ഇത്തരത്തിൽ പാർട്ടി രഹസ്യങ്ങൾ വെളിപ്പെടുത്താറില്ല. അതുകൊണ്ടുതന്നെ നേതൃത്വം ഇത്തരം കേസുകളിൽ കുടുങ്ങാറുമില്ല. എന്നാൽ ഇപ്പോൾ ആകാശ്തില്ലങ്കേരി ഈക്കാര്യം തുറന്നുപറഞ്ഞതു സി.പി. എം കേന്ദ്രങ്ങളെ രാഷ്ട്രീയ സമ്മർദ്ദത്തിലാക്കിയിട്ടുണ്ട്. കൊല്ലാൻ നിർദ്ദേശിച്ച പാർട്ടി നേതൃത്വം പിന്നീട് തന്നെ സംരക്ഷിക്കാത്തതിനാലാണ് തനിക്ക് വഴിതെറ്റി ക്വട്ടേഷൻ പ്രവൃത്തികൾ ചെയ്യേണ്ടി വന്നതെന്നും സ്വർണക്കടത്തു കേസുകളിൽ ഉൾപ്പെടെ പങ്കെടുക്കേണ്ടി വന്നതെന്നുമാണ് ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തൽ.

എന്നാൽ ആകാശ് തില്ലങ്കേരിക്ക് പാർട്ടിയുമായി യാതൊരു ബന്ധവുമില്ലെന്ന മുൻനിലപാടിൽ തന്നെയാണ് സി.പി. എം നേതൃത്വം ഇപ്പോഴുമുള്ളത്. സ്വർണക്കടത്ത്, ക്വട്ടേഷൻ സംഘങ്ങൾക്ക് നേതൃത്വം നൽകുന്നവരെ നേരത്തെ പാർട്ടിയിൽ നിന്നും പുറത്താക്കിയതെന്നാണ് സി.പി. എംകണ്ണൂർ ജില്ലാ നേതൃത്വത്തിന്റെ നിലപാട്. സി.പി. എം സൈബർ പോരാളിയായി അറിയപ്പെടുന്ന ആകാശ് തില്ലങ്കേരി കഴിഞ്ഞ കുറെക്കാലമായി പാർട്ടിയുമായി അകൽച്ചയിലാണ്. പി.ജയരാജന്റെ കടുത്ത ആരാധകരിലൊരാളായ ആകാശ് ക്വട്ടേഷൻ, സ്വർണക്കടത്ത് കേസുകളിൽ ആരോപണവിധേയനായതോടെയാണ് പാർട്ടി തള്ളിപ്പറഞ്ഞത്.

തന്നെ സംരക്ഷിച്ചില്ലെന്ന ആരോപണമാണ് ആകാശ് തില്ലങ്കേരി ഉന്നയിച്ചത്.ക്വട്ടേഷൻ നൽകിയവർക്ക് പാർട്ടി നേതാക്കൾ സഹകരണബാങ്കിൽ സുരക്ഷിത ജോലിയും കൊലപാതകത്തിൽ പങ്കെടുത്ത തന്നെപ്പോലുള്ളവരെ പടിയടച്ചു പിണ്ഡം വയ്ക്കുകയും ചെയ്തുവെന്ന ഗൗരവകരമായ ആരോപണമാണ് ആകാശ് തില്ലങ്കേരി ഉയർത്തുന്നത്. വിവാഹിതനായ ശേഷം ഏറെ വിവാദങ്ങളിലൊന്നും ഉൾപ്പെടാതെ നിശബ്ദമായി ജീവിച്ചുവന്നിരുന്ന ആകാശ്തില്ലങ്കേരി ഏറെക്കാലമായി സി.പി. എം നേതൃത്വവുമായി അകൽച്ചയിലാണ്. പാർട്ടി കണ്ണൂർ ജില്ലാസെക്രട്ടറി എം.വി ജയരാജൻ പരസ്യമായി ആകാശ്തില്ലങ്കേരിയെയും അർജുൻ ആയങ്കിയെയും തള്ളിപ്പറഞ്ഞിരുന്നു.

സി.പി. എമ്മിനുള്ളിൽ സ്വർണക്കടത്ത്, കേ്വേട്ടൻ സംഘങ്ങളുമായി ചില നേതാക്കൾക്ക് ബന്ധമുണ്ടെന്ന ആരോപണത്തെ തുടർന്നായിരുന്നു പാർട്ടി നേതൃത്വം ആകാശിനെ തള്ളിപ്പറഞ്ഞത്. നേരത്തെ ഡി.വൈ. എഫ്. ഐയും ആകാശ് തില്ലങ്കേരിയുമായി സംഘടനയ്ക്കു യാതൊരു ബന്ധവുമില്ലെന്നു തുറന്നു പറഞ്ഞിരുന്നു. ഡി.വൈ. എഫ്. ഐ മുൻ കണ്ണൂർ ജില്ലാ അധ്യക്ഷൻ മനുതോമസിനെ അപകീർത്തിപ്പെടുത്തുന്ന വിധത്തിൽ ആകാശ് തില്ലങ്കേരി ഫേസ്‌ബുക്ക് പേജിൽ പോസ്റ്റിട്ടതിനെ തുടർന്ന് കേന്ദ്രകമ്മിറ്റിയംഗം എം. ഷാജർ കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണർക്കു പരാതിയും നൽകിയിരുന്നു. എന്നാൽ പാർട്ടി തള്ളിപ്പറയുമ്പോഴും ആകാശ് തില്ലങ്കേരി പ്രതിയായ ഷുഹൈബ് വധക്കേസ് നടത്തുന്നത് പാർട്ടി ചുമതലപ്പെടുത്തിയ അഭിഭാഷകർ തന്നെയാണ്.