കൊല്ലം: സിപിഎം കൊല്ലം ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനത്തില്‍ പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിനെതിരെ ഉയര്‍ന്നത് രൂക്ഷ വിമര്‍ശനം. നേതാക്കളുടെ ശൈലികള്‍ക്കെതിരെയാണ് വിമര്‍ശനം ഉയര്‍ന്നത്. തൊഴിലാളി വര്‍ഗ പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി ജാഥ നടത്തിയപ്പോള്‍ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മൈക്ക് ഓപ്പറേറ്ററോട് തട്ടിക്കയറിയത് ശരിയായില്ലെന്ന് സമ്മേളന പ്രതിനിധികള്‍ കുറ്റപ്പെടുത്തി.

അതുപോലെ മുതിര്‍ന്ന നേതാക്കളുടെ വാവിട്ട പ്രയോഗങ്ങളും തിരിച്ചടിയാകുന്നതായി വിമര്‍ശനം ഉയര്‍ന്നു. എ കെ ബാലന്റെ മരപ്പട്ടി പ്രയോഗം ഒഴിവാക്കേണ്ടതായിരുന്നു എന്നാണ് ഈ വിമര്‍ശനങ്ങളില്‍ പ്രധാനമായത്. ഇത് ഏറെ ചര്‍ച്ചകള്‍ക്കും ട്രോളുകള്‍ക്കും ഇടയാക്കിയിരുന്നു. പദവികള്‍ നല്‍കുന്നതില്‍ പാര്‍ട്ടിയില്‍ രണ്ട് നീതിയെന്നും പൊതുചര്‍ച്ചയില്‍ പ്രതിനിധികള്‍ വിമര്‍ശിച്ചു. എംഎല്‍എമാരായ എം വി ഗോവിന്ദന് സംസ്ഥാന സെക്രട്ടറിയും വിജോയിക്ക് ജില്ലാ സെക്രട്ടറിയുമാകാം. പഞ്ചായത്ത് അംഗത്തിന് ലോക്കല്‍ സെക്രട്ടറിയാകാന്‍ പാടില്ലേ എന്നായിരുന്നു പ്രതിനിധിയുടെ ചോദ്യം.

സീതാറാം യെച്ചൂരി അന്തരിച്ചപ്പോള്‍ പകരം ജനറല്‍ സെക്രട്ടറിയെ കണ്ടെത്താന്‍ കഴിയാത്തതിലും പ്രതിനിധി സമ്മേളനത്തില്‍ വിമര്‍ശനം ഉയര്‍ന്നു. ദേശീയ തലത്തില്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തനം മെച്ചപ്പെടണമെന്നും പ്രതിനിധി ആവശ്യപ്പെട്ടു. ജില്ലാ സമ്മേളനത്തിലെ എം എ ബേബിയുടെ പ്രസംഗത്തിനെതിരെയും വിമര്‍ശനമുണ്ടായി. ശ്രീലങ്കയില്‍ കമ്യൂണിസ്റ്റുകാര്‍ എല്ലാവരെയും കൂട്ടിയോജിപ്പിച്ച് അധികാരം പിടിച്ചെന്ന് പിബി അംഗം പറയുന്നു.

എന്നാല്‍ ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് എന്തുകൊണ്ട് അതിന് കഴിയുന്നില്ലെന്നായിരുന്നു എതിരായി ഉയര്‍ന്ന ചോദ്യം. കഴിഞ്ഞ 30 വര്‍ഷത്തിലേറെയായി ഡല്‍ഹിയില്‍ തമ്പടിച്ച് കിടക്കുന്ന സി.പി.എം കേന്ദ്ര നേതാക്കള്‍ എന്ത് ചെയ്തുവെന്ന് വ്യക്തമാക്കണമെന്നും ആവശ്യമുയര്‍ന്നു.സി.പി.എമ്മിന്റെ വോട്ട് ശതമാനം ദേശീയതലത്തില്‍ ഓരോ തിരഞ്ഞെടുപ്പ് കഴിയുമ്പോഴും കുത്തനെ ഇടിയുകയാണ്.

സമ്മേളനത്തില്‍ കേന്ദ്ര കമ്മിറ്റിയംഗം ഇ പി ജയരാജനും എംഎല്‍എ മുകേഷിനെതിരെയും വിമര്‍ശനമുണ്ടായി. പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് ദിനത്തിലെ ഇപി ജയരാജനുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളും പ്രകാശ് ജാവേദ്ക്കറിനെ കണ്ടതുമായി ബന്ധപ്പെട്ട ഇപിയുടെ വെളിപ്പെടുത്തലും തിരിച്ചടിയായെന്നാണ് വിമര്‍ശനം ഉയര്‍ന്നത്. ഇപിയുടേത് കമ്മ്യൂണിസ്റ്റിന് നിരക്കുന്ന രീതിയല്ലെന്ന് സമ്മേളനത്തിലെ പൊതുചര്‍ച്ചയില്‍ പങ്കെടുത്ത പ്രതിനിധികള്‍ വിമര്‍ശനം ഉന്നയിച്ചു.

എം മുകേഷ് എംഎല്‍എയുടെ ലോക്‌സഭ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിത്വത്തെ കൊല്ലത്തെ പ്രതിനിധികള്‍ രൂക്ഷ ഭാഷയിലാണ് വിമര്‍ശിച്ചത്. ആരുടെ നിര്‍ദ്ദേശപ്രകാരമാണ് മുകേഷിനെ സ്ഥാനാര്‍ത്ഥിയാക്കിയതെന്ന് പ്രതിനിധികള്‍ ചോദിച്ചു. ജനങ്ങളോട് വോട്ട് ചോദിക്കുന്നതിനേക്കാള്‍ അദ്ധ്വാനം സ്ഥാനാര്‍ത്ഥിയെ മേയ്ക്കാന്‍ വേണ്ടി വന്നുവെന്നായിരുന്നു വിമര്‍ശനം. പ്രകാശ് ജാവ്‌ദേകറുമായി ഇ.പി.ജയരാജന്‍ രഹസ്യ ചര്‍ച്ച നടത്തുമ്പോള്‍ പാര്‍ട്ടി വിട്ട് ബി.ജെ.പിയില്‍ പോയ മംഗലാപുരം ഏരിയാ സെക്രട്ടറിയെ എങ്ങനെ കുറ്റപ്പെടുത്തും?

തകരാറിന്റെ പേരില്‍ മൈക്ക് ഓപ്പറേറ്ററെ നൂറുകണക്കിന് പേരുടെ മുന്നില്‍ വച്ച് ശകാരിച്ച പാര്‍ട്ടിയാണ് പ്രവര്‍ത്തകര്‍ക്ക് സാരോപദേശങ്ങള്‍ നല്‍കുന്നത്. ആദ്യം തിരുത്തേണ്ടതും നന്നാകേണ്ടതും നേതാക്കളാണെന്നും വിമര്‍ശനം ഉയര്‍ന്നു. കൊല്ലത്ത് ചില തിരഞ്ഞെടുപ്പുകളില്‍ ജയിക്കുമ്പോള്‍ ജയിക്കാവുന്ന ചില തിരഞ്ഞെടുപ്പുകളില്‍ തോല്‍ക്കുന്നുവെന്നും ഇത്തരം ബലഹീനതകള്‍ തിരുത്തണമെന്നും ഉദ്ഘാടന പ്രസംഗത്തില്‍ എം.എ.ബേബി പറഞ്ഞു.

കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റി പിരിച്ചു വിട്ടിരിക്കുകയാണ്. കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരിച്ച നാല് പേരില്‍ ഒരാളുടെ പേരില്‍ നടപടിയെടുത്തിട്ടുണ്ട്. വ്യതിചലനങ്ങള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ചരിത്രത്തില്‍ ആദ്യമല്ലന്നും അദ്ദേഹം പറഞ്ഞു.