തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ മേയര്‍ ആര്യ രാജേന്ദ്രനും നഗരസഭാ ഭരണത്തിനുമെതിരെ രൂക്ഷ വിമര്‍ശനം. നഗരസഭയുടെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. മേയര്‍ ആര്യയെ ഒറ്റതിരിഞ്ഞും പ്രതിനിധികള്‍ വിമര്‍ശനം ഉയര്‍ന്നു. നഗരത്തിലെ വിവിധ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ആര്യക്കെതിരെ വിമര്‍ശനം ഉയര്‍ന്നത്.

അവാര്‍ഡുകള്‍ നേടിയത് കൊണ്ട് കാര്യമില്ലെന്നും ഭരണം നിലനിര്‍ത്തണമെങ്കില്‍ ജനങ്ങളുടെ പിന്തുണയാണ് വേണ്ടതെന്നുമാണ് നഗരസഭയ്ക്കെതിരെ സി.പി.എം. പ്രതിനിധികള്‍ ഉയര്‍ത്തിയ വിമര്‍ശനം. ബിജെപി ശക്തമായ കോര്‍പ്പറേഷനില്‍ നിലവിലെ പ്രവര്‍ത്തനങ്ങള്‍ തിരഞ്ഞെടുപ്പിനെ ബാധിക്കുമോ എന്ന ആശങ്കയും പ്രതിനിധികള്‍ ഉയര്‍ത്തി.

നഗരസഭയുടെ പ്രവര്‍ത്തനങ്ങളില്‍ തിരുത്തല്‍ വരുത്തിയില്ലെങ്കില്‍ 2025-ല്‍ ഭരണത്തില്‍ തിരിച്ചുവരാനാകില്ലെന്നും സമ്മേളനം വിലയിരുത്തി. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കൂടുതല്‍ മികച്ച പ്രവര്‍ത്തനം നഗരസഭയുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. റോഡുകള്‍, കുടിവെള്ള പ്രശ്നം, മാലിന്യ സംസ്‌കരണം തുടങ്ങിയ വിഷയങ്ങളില്‍ പരാതി ഉണ്ടാകുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കണം. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ തുക അനുവദിക്കണം. നിലവില്‍ പ്രഖ്യാപനങ്ങള്‍ അല്ലാതെ ഫണ്ട് ലഭിക്കുന്നില്ലെന്നും സമ്മേളനത്തില്‍ വിമര്‍ശനം ഉയര്‍ന്നു.

എന്നാല്‍ മേയര്‍ ആര്യ രാജേന്ദ്രനെ പിന്തുണച്ച് ഒരുവിഭാഗം പ്രവര്‍ത്തകര്‍ എത്തിയിട്ടുണ്ട്. മേയറിനെ യു.ഡി.എഫും ബി.ജെ.പിയും വളഞ്ഞിട്ട് ആക്രമിക്കുകയാണ്. ഇവര്‍ക്കെതിരെ മാധ്യമങ്ങളില്‍ പോലും പ്രചാരവേലകള്‍ നടക്കുകയാണ്. അതുകൊണ്ടുതന്നെ നഗരസഭ ചെയ്യുന്ന കാര്യങ്ങള്‍ പോലും ജനങ്ങളിലേക്ക് എത്തുന്നില്ലെന്നും ആര്യ രാജേന്ദ്രന്‍ അനുകൂല പക്ഷം ചുണ്ടിക്കാട്ടുന്നു.

അതേസമയം ഇതാദ്യമായല്ല ആര്യ രാജേന്ദ്രനെതിരെ വിമര്‍ശനം ഉയര്‍ന്നത്. ഏരിയാ സമ്മേളനങ്ങളിലും മേയര്‍ക്കെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. കോര്‍പ്പറേഷനില്‍ കെഎസ്ആര്‍ടിസി ഡ്രൈവറെ വഴിയില്‍ തടഞ്ഞതുമായി ബന്ധപ്പെട്ടും മേയര്‍ക്കെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. സിപിഎം ജില്ലാ കമ്മിറ്റി യോഗത്തിലും അവര്‍ക്കെതിരെ വിമര്‍ശനം ഉയരുകയുണ്ടായി. കോര്‍പറേഷന്‍ ഭരണത്തിലെ വീഴ്ചകളും പ്രവര്‍ത്തന ശൈലിയും അധികാരം നഷ്ടപ്പെടുന്നതിന് ഇടയാക്കുമെന്ന തിരിച്ചറിവിലാണ് അന്ന് പാര്‍ട്ടിയുടെ ഇടപെടല്‍.

മേയര്‍ സ്ഥാനത്ത് നിന്ന് മാറ്റിയാല്‍ രാഷ്ട്രീയ ഭാവിയെ ബാധിക്കുമെന്നും വിലയിരുത്തലു കൊണ്ടാണ് മാറ്റാതിരുന്നത്. മേയറെ മാറ്റിയില്ലെങ്കില്‍ നഗരസഭാ ഭരണം നഷ്ടമാകുമെന്ന് ജില്ലാ കമ്മിറ്റിയില്‍ ആശങ്ക അന്നും ഉയര്‍ത്തിരുന്നു. ഉന്നത നേതൃത്വവുമായി ആര്യാ രാജേന്ദ്രന് അടുത്ത ബന്ധം ഉണ്ടെന്നും അതിനാലാണ് മേയര്‍ സംരക്ഷിക്കപ്പെടുന്നതെന്ന വിമര്‍ശനവും പാര്‍ട്ടി നേതാക്കള്‍ക്കിടയിലുണ്ട്.

മേയറും ഭര്‍ത്താവ് സച്ചിന്‍ ദേവ് എംഎല്‍എയും പക്വതയില്ലാതെ പെരുമാറിയെന്നാണ് വിമര്‍ശനം. ഭരണത്തിലെ വീഴ്ചകളും പ്രവര്‍ത്തനശൈലിയും മൂലം അധികാരം നഷ്ടമാകുമെന്ന തിരിച്ചറിവിലാണ് പാര്‍ട്ടി ഇടപെടല്‍. മേയര്‍ സ്ഥാനത്ത് നിന്ന് മാറ്റിയാല്‍ രാഷ്ട്രീയ ഭാവിയെ ബാധിക്കുമെന്ന വിലയിരുത്തല്‍ കൂടി ഉണ്ടായതിനെ തുടര്‍ന്നാണ് ഒരവസരം കൂടി നല്‍കുന്നത്. കോര്‍പറേഷന്‍ ഭരണത്തിലെ വീഴ്ചകള്‍ ജില്ലാ ഘടകം പ്രത്യേകം പരിശോധിക്കും. സംസ്ഥാന ഭരണത്തിനെതിരെയും വിമര്‍ശനമുണ്ടായി. ക്ഷേമ പെന്‍ഷന്‍ മുടങ്ങിയത് തിരഞ്ഞെടുപ്പില്‍ തിരിച്ചടിച്ചു. ജീവനക്കാരും പെന്‍ഷന്‍കാരും സര്‍ക്കാരിനെതിരായി.