കോട്ടയം: പുതുപ്പള്ളി തിരഞ്ഞെടുപ്പിൽ ആദ്യം ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മനെതിരെയായിരുന്നു സൈബറാക്രമണം. അച്ചു ഉമ്മൻ പരാതി നൽകിയതിന് പിന്നാലെ ഇടതു സ്ഥാനാർത്ഥി ജെയ്ക് സി തോമസിന്റെ ഭാര്യ ഗീതു തോമസിന് എതിരെയായി സൈബറാക്രമണം. നിറവയറുള്ള ഭാര്യയെ തിരഞ്ഞെടുപ്പ് പ്രവർത്തനത്തിന് ഇറക്കി സഹതാപമുണ്ടാക്കി വോട്ട് നേടാൻ ശ്രമിക്കുന്നെന്ന രീതിയിലാണ് ആക്രമണം. ഗീതു വോട്ട് അഭ്യർത്ഥിക്കാൻ പോകുന്ന വീഡിയോ എഡിറ്റ് ചെയ്താണ് സൈബർ ആക്രമണം.

''എന്തെങ്കിലും തരണേ' എന്ന വിധത്തിൽ വോട്ട് യാചിക്കും വിധമാണ് ഗീതുവിന്റെ വീഡിയോയ്ക്ക് ഒപ്പമുള്ള ശബ്ദം. 'ജെയിക്കിന്റെ അവസാനത്തെ അടവ്. ഗർഫിണി എന്ന് പറയപ്പെടുന്ന ഭാര്യയെ ഇലക്ഷൻ വർക്കിന് ഇറക്കി സഹതാപം ഉണ്ടാക്കി എടുക്കൽ. അത് പുതുപ്പള്ളിയിൽ ചെലവാകില്ല ജെയ്ക് മോനു' എന്നായിരുന്നു വീഡിയോയ്ക്ക് നൽകിയ അടിക്കുറിപ്പ്. ഫാന്റം പൈലി എന്ന അക്കൗണ്ടിൽ നിന്നാണ് സൈബർ ആക്രമണം. പോസ്റ്റിന് താഴെ നിരവധിപേരാണ് മോശം കമന്റുകളുമായി എത്തിയത്. എട്ടുമാസം ഗർഭിണിയാണ് ഗീതു. സൈബർ ആക്രമണത്തിനെതിരേ ഗീതു പൊലീസിൽ പരാതി നൽകി. കോട്ടയം എസ്‌പിക്കാണ് പരാതി നൽകിയത്.

എഡിറ്റ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചത് വലിയ വേദനയുണ്ടാക്കിയെന്ന് ഗീതു പ്രതികരിച്ചു. കോൺഗ്രസ് അനുകൂല അക്കൗണ്ടുകളിൽ നിന്നുണ്ടാകുന്നത് വ്യാപകമായ ആക്രമണമാണ്. ഒരൊറ്റ കോൺഗ്രസ് നേതാവും ഇതിനെ തള്ളിപ്പറയാൻ തയാറായില്ലെന്നും ഗീതു പറഞ്ഞു.

ഭാര്യയ്‌ക്കെതിരേയുള്ള സൈബർ ആക്രമണം മ്ലേച്ഛമെന്ന് ജെയ്ക് പറഞ്ഞു. തനിക്ക് പരിചയമുള്ള ചിലയിടങ്ങളിൽ പോയി വോട്ടഭ്യർഥിക്കുക മാത്രമാണ് ഗീതു ചെയ്തത്. അതിന്റെ പേരിലാണ് സൈബർ അധിക്ഷേപം നടക്കുന്നതെന്നും ജെയ്ക് പറഞ്ഞു. തന്റെ ഭാര്യയ്ക്കെതിരായ സെബർ ആക്രമണം കോൺഗ്രസ് നേതൃത്വത്തിന്റെ മൗനാനുവാദത്തോടെയെന്നും, ഇത് തിരുത്താൻ പാർട്ടി നേതൃത്വം തയാറാകുന്നില്ലെന്നും ജെയ്ക് ആരോപിച്ചു.

പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ തന്നെ വിളിച്ചത് നാലാംകിടക്കാരനെന്നാണ്. പുതുപ്പള്ളിക്കാർ ഇതിനെല്ലാം മറുപടി നൽകും. തെരഞ്ഞെടുപ്പിൽ വലിയ അവകാശവാദങ്ങൾ ഉന്നയിക്കാനില്ലെന്നും പൂർണ ആത്മവിശ്വാസമുണ്ടെന്നും ജെയ്ക് കൂട്ടിച്ചേർത്തു.
ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം അര ലക്ഷം കടക്കുമെന്ന രമേശ് ചെന്നിത്തലയുടെ അവകാശവാദത്തിന് മറുപടിയായി 2021ലെ തെരഞ്ഞെടുപ്പിന്റെ കണക്കുകൾ ചരിത്രത്തിലുണ്ടെന്ന് ജെയ്ക്ക് മറുപടി നൽകി. പിണറായി വീരസ്യം പറയാറില്ലെന്നും വികസനം പറയുന്നത് എങ്ങനെ വീരസ്യം പറയലാകുമെന്നും ജെയ്ക്ക് എ കെ ആന്റണിയുടെ ആരോപണത്തിന് മറുപടിയായി പറഞ്ഞു. മുൻ മുഖ്യമന്ത്രി കോൺഗ്രസിന് വേണ്ടി വോട്ട് ചോദിച്ചപ്പോൾ മകൻ ബിജെപി ക്ക് വേണ്ടിയാണ് വോട്ട് ചോദിച്ചതെന്നായിരുന്നു ജെയ്ക്കിന്റെ പരിഹാസം. ഇത് ഇന്ത്യയിൽ മറ്റൊരിടത്തും കാണില്ലെന്നും എന്നിട്ടാണ് മാസപ്പടി വിവാദത്തിൽ ഇ ഡി വരാത്തത് സിപിഎം - ബിജെപി ബന്ധം കൊണ്ടെന്നാണ് വിഡി സതീശൻ പറയുന്നതെന്നും ജെയ്ക്ക് സി തോമസ് പറഞ്ഞു.