- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നവകേരള സദസ് യുഡിഎഫ് ബഹിഷ്കരിച്ചെങ്കിലും ലീഗ് നേതാവ് വേദിയിൽ; കാസർകോട്ടെ സദസിൽ പങ്കെടുത്ത് ലീഗ് സംസ്ഥാന ജനറൽ കൗൺസിൽ അംഗം എൻ എ അബൂബക്കർ; നവകേരള സദസിനെ പ്രതീക്ഷയോടെ കാണുന്നുവെന്നും ആശംസ; ഇരിപ്പിടം മുഖ്യമന്ത്രിക്ക് അടുത്ത്; കൂടുതൽ ലീഗ് നേതാക്കൾ എത്തുമെന്ന് സിപിഎം
കാസർകോട്: മുസ്ലിം ലീഗ് നേതാവ് എൻ എ അബൂബക്കർ നവകേരള സദസ്സിൽ പങ്കെടുത്തു. സദസ് യുഡിഎഫ് ബഹിഷ്കരിച്ചിരിക്കെയാണ് അബൂബക്കർ വേദിയിലെത്തിയത്. ലീഗ് സംസ്ഥാന ജനറൽ കൗൺസിൽ അംഗമാണ് അദ്ദേഹം. കാസർകോട് മണ്ഡലത്തിൽ നടക്കുന്ന നവകേരള സദസ്സിന്റെ പ്രഭാതയോഗത്തിലാണ് അബൂബക്കർ പങ്കെടുത്തത്.
മുഖ്യമന്ത്രിയുടെ തൊട്ടടുത്തായിരുന്നു അദ്ദേഹത്തിന് ഇരിപ്പിടം. കാസർകോട് ജില്ലയിലെ പ്രമുഖ വ്യവസായിയായ അബൂബക്കറെ പൗരപ്രമുഖൻ എന്ന നിലയിലാണ് ക്ഷണിച്ചതെന്നും കക്ഷിരാഷ്ട്രീയം നോക്കിയല്ലെന്നും സംഘാടകർ വിശദീകരിച്ചു. മന്ത്രിമാർ ഒന്നിച്ചു എത്തിയത് ജില്ലക്ക് ഗുണം ചെയ്യുമെന്ന് അബൂബക്കർ ഹാജി യോഗത്തിൽ പറഞ്ഞു. നവകേരള സദസ്സിന് അദ്ദേഹം ആശംസകൾ നേർന്നു. കാസർകോട് മേൽപ്പാലം നിർമ്മാണം ഉടൻ പൂർത്തിയാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ലീഗ് പ്രതിനിധിയായല്ല, നാടിന്റെ പ്രശ്നങ്ങൾ അവതരിപ്പിക്കാനാണ് നവകരേള സദസ്സിലെ പൗര പ്രമുഖരുമായുള്ള പ്രഭാതയോഗത്തിൽ പങ്കെടുത്തതെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിക്കൊപ്പം ഇരിക്കാനായതിൽ സന്തോഷമുണ്ട്. ജനകീയ പ്രശ്നങ്ങൾ സർക്കാരിന്റെ മുന്നിൽ അവതരിപ്പിക്കുക എന്നത് തന്റെ ബാധ്യതയാണ്. നാടിന്റെ വികസനത്തിൽ എല്ലാവരും ഒന്നിക്കണം. എല്ലാവരും കൂടിയാലേ നാടാകൂ എന്ന് എല്ലാവരും ഓർക്കണം.നവകേരള സദസിനെ പ്രതീക്ഷയോടെ കാണുന്നു - അദ്ദേഹം പറഞ്ഞു.മറ്റ് വിവാദങ്ങളോട് പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.
കർണാടക കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന നേതാവാണ് എൻ എ അബൂബക്കർ. നേരത്തെ ദേശീയ കൗൺസിൽ അംഗമായിരുന്നു. നായന്മാർമൂല ലീഗ് യൂണിറ്റ് പ്രസിഡന്റാണ്. എൻ എ അബൂബക്കറിനെ തങ്ങൾ ക്ഷണിച്ചതാണെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണൻ ടെലിവിഷൻ ചാനലിനോട് പറഞ്ഞു. കൂടുതൽ ലീഗ് നേതാക്കൾ വരും ദിവസങ്ങളിൽ എത്തുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, നവകേരള സദസിനെതിരെ സമസ്ത രംഗത്ത് എത്തി. സദസ് ആരെ കബളിപ്പിക്കാനാണെന്ന് സമസ്ത മുഖപത്രമായ സുപ്രഭാതത്തിലെ മുഖപ്രസംഗത്തിൽ കുറ്റപ്പെടുത്തി. ലോക്സഭ തിരെഞ്ഞെടുപ്പ് ലക്ഷ്യംവെക്കുന്നതാണ് പരിപാടിയെന്ന പ്രതിപക്ഷ ആരോപണം ശരിവെക്കുന്നതാണ് നവകേരള സദസെന്നും മുഖപ്രസംഗത്തിൽ കുറ്റപ്പെടുത്തുന്നു.
.കർഷക ആത്മഹത്യ നടക്കുമ്പോഴും നിത്യ ചെലവിന് വഴികണ്ടെത്താൻ ബുദ്ധിമുട്ടുമ്പോഴും 100 കോടിരൂപ ചെലവിട്ട് എന്തിനാണ് ജനസദസ്സെന്നും സമസ്ത വിമർശിക്കുന്നു. ലോക്സഭ തെരഞ്ഞെടുപ്പ് ലക്ഷ്യംവച്ചുള്ള കൺകെട്ട് വിദ്യയെന്നും മുഖപ്രസംഗത്തിൽ വിമർശിക്കുന്നു.
മറുനാടന് മലയാളി ബ്യൂറോ