തലശേരി: നിരവധി ബലിദാനികളുടെ നാടായ പാനൂരിലെ ബിജെപിയിൽ അതൃപ്തി പുകയുന്നത് ജില്ലാ നേതൃത്വത്തിന് തലവേദനയാകുന്നു. പ്രാദേശിക നേതാക്കൾ അടക്കം നിരവധി പ്രവർത്തകർ പാർട്ടി പ്രവർത്തനത്തിൽ നിന്നും മാറി നിൽക്കുന്നതാണ് പാർട്ടി നേതൃത്വത്തിന് പ്രതി. സന്ധി സൃഷ്ടിക്കുന്നത്.

കഴിഞ്ഞ ദിവസം ബിജെപി പാനൂർ ഏരിയ സെക്രട്ടറി സജിത്ത് ബാബു പാർട്ടി ചുമതല ഒഴിഞ്ഞത് പ്രഖ്യാപിച്ചത് സോഷ്യൽ മീഡിയ വഴിയായിരുന്നു. പാനൂർ ഏരിയ പ്രസിഡണ്ട് പി.സജീവൻ മണ്ഡലം പ്രസിഡണ്ടിന് രാജിക്കത്ത് നൽകിയിട്ട് മാസങ്ങളായി. എന്നാൽ ഈ വിഷയത്തിൽ തുടർ നടപടികളുണ്ടായിട്ടില്ല.

പാർട്ടി നേതൃത്വവുമായി ഒത്തു പോകാത്തതിനെ തുടർന്നാണ് പല നേതാക്കളും പാർട്ടി പ്രവർത്തനം അവസാനിപ്പിക്കുന്നത്. ജില്ലാ, മണ്ഡലം നേതാക്കൾക്കെതിരെ ശക്തമായ വിമർശനമാണ് രാജിവെച്ചവർ ഉന്നയിക്കുന്നത്. ഗ്രൂപ്പ് സമവാക്യങ്ങളിലൂടെ മാത്രമാണ് മണ്ഡലത്തിൽ പാർട്ടി പ്രവർത്തനം നടക്കുന്നതെന്ന് ഒരു വിഭാഗം ആരോപിക്കുന്നു. പാനൂർ മുനിസിപ്പാലിറ്റി ജനറൽ സെക്രട്ടറി സുരേഷ് പാറേങ്ങാട്ട് പാർട്ടി ചുമതല ഒഴിഞ്ഞത്, ഒരു നേതാവിന്റെ അഴിമതി ആരോപണം ചൂണ്ടിക്കാട്ടിയിട്ടും, മണ്ഡലം കമ്മറ്റി നടപടിയെടുക്കാത്തതിനെ തുടർന്നാണെന്നാണ് വിവരം.

പ്രാദേശിക നേതാക്കൾ രാജിവെച്ചൊഴിയുന്നതോടെ'പല പ്രവർത്തകരും പാർട്ടിയുമായി അകന്നു തുടങ്ങിയിട്ടുണ്ട്. ഇതിനെ തുടർന്ന് ആർഎസ്എസ് നേതൃത്വം അസംതൃപ്തരായ പ്രവർത്തകരെ വിളിച്ച് ചേർത്ത് കാര്യങ്ങൾ പരിഹരിക്കാനും ശ്രമം തുടങ്ങിയിട്ടുണ്ട്. രാജിവെച്ചവർ മറ്റ് പാർട്ടികളിലേക്ക് മാറാതിരിക്കാൻ ഇടപ്പെടാനാണ് ആദ്യ ശ്രമം.

സംഘ പരിവാർ രാഷ്ട്രീയത്തിന് ജില്ലയിൽ തന്നെ നല്ല സ്വാധീനമുള്ള മേഖലയാണ് പാനൂർ. ഇവിടെ, പാർട്ടി നേരിടുന്ന പ്രതിസന്ധിക്ക് പരിഹാരം ഉടൻ ഉണ്ടാമെന്ന നിർദ്ദേശം ജില്ലാ നേതൃത്വം മണ്ഡലം കമ്മിറ്റിക്ക് നൽകിയിട്ടുണ്ടെന്നാണ് സൂചന. പ്രാദേശികനേതാക്കളായ ചിലരുടെ ക്വാറി മാഫിയയുമായുള്ള ചങ്ങാത്തം പാർട്ടിക്കുള്ളിൽ വിവാദമായിരുന്നു. കരിങ്കൽ ക്വാറികൾക്കെതിരെ പൊയിലൂരിലടക്കം അതി ശക്തമായ ജനകീയ പ്രക്ഷോഭങ്ങളാണ് നടന്നത്.