- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പണം എത്തിച്ചത് നീല ട്രോളി ബാഗില്‍; വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസിലെ പ്രതി ഫെനിയാണ് നീല ട്രോളി ബാഗില്‍ പണം എത്തിച്ചത്; മുറി പരിശോധിക്കേണ്ടെന്ന് സിപിഎം നേതാക്കള്‍ പറഞ്ഞില്ല; കോണ്‍ഗ്രസ് എന്തിനാണിത്ര ബേജാറ് കാണിക്കുന്നതെന്ന് ഇ എന്‍ സുരേഷ് ബാബു
പണം എത്തിച്ചത് നീല ട്രോളി ബാഗില്‍;
പാലക്കാട്: പാലക്കാട് കള്ളപ്പണം എത്തിയെന്ന ആരോപണത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന ആവശ്യപ്പെട്ട് പരാതി നല്‍കി സിപിഎം. എസ്പിക്കാണ് സിപിഎം പരാതി നല്‍കിയത്. കള്ളപ്പണം എത്തിച്ചുവെന്നും വിശദമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബുയാണ് പരാതി നല്‍കിയത്. തെരഞ്ഞെടുപ്പില്‍ വിതരണം ചെയ്യാന്‍ വേണ്ടിയാണ് പണം എത്തിച്ചത് എന്നാണ് ഉയരുന്ന ആരോപണം.
ഹോട്ടലിലെ സിസിടിവി പരിശോധിക്കണമെന്നും പരാതിയില്‍ അവശ്യപ്പെടുന്നു. രാഹുലും ഷാഫിയും 10.45 മണി മുതല്‍ ഹോട്ടലില്‍ ഉണ്ടായിരുന്നു. വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസിലെ പ്രതി ഫെനിയാണ് നീല ട്രോളി ബാഗില്‍ പണം എത്തിച്ചതെന്നും പരാതിയില്‍ പറയുന്നു. ഇന്നലെ കെപിഎം ഹോട്ടലില്‍ കള്ളപ്പണം കൊണ്ട് വന്നിരുന്നു എന്നാണ് പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബു ആരോപിക്കുന്നത്. വ്യാജ ഐഡി കാര്‍ഡ് കേസിലെ പ്രതി ഫെനി നൈനാന്‍ എന്തിന് കെപിഎം ഹോട്ടലില്‍ വന്നു.
ഇയാളുടെ കയ്യില്‍ ട്രോളി ബാഗ് ഉണ്ടായിരുന്നു. രാഹുലും ഉണ്ടായിരുന്നു. ഇതിന്റെ എല്ലാ തെളിവുകളും ഉടന്‍ മാധ്യമങ്ങള്‍ വഴി പുറത്ത് വിടുമെന്നും സുരേഷ് ബാബു പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കള്‍ താമസിച്ച ഹോട്ടലില്‍ പോലീസ് മിന്നല്‍ പരിശോധന നടത്തിയതില്‍ കോണ്‍ഗ്രസ് ബേജാറാകേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. നേതാക്കള്‍ താമസിച്ച ഹോട്ടലില്‍ പോലീസ് നടത്തിയ പരിശോധനയേക്കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊണ്ടുപോയ ട്രോളി ബാഗ് എവിടെയെന്നും അതിലെന്തായിരുന്നെന്നും കണ്ടുപിടിക്കണം. ഷാഫി പറമ്പിലിന്റെ കൂടെ വ്യാജ ഐഡി കാര്‍ഡ് നിര്‍മിച്ച ഫെനി എന്നുപറയുന്ന പ്രതിയുണ്ടോ എന്നെല്ലാം കണ്ടുപിടിക്കണം. സിസിടിവി പരിശോധിക്കണം. ഇതെല്ലാം അന്വേഷണത്തിന് വിധേയമാക്കണമെന്നാണ് സിപിഎമ്മിന്റെ ആവശ്യം- ഇ.എന്‍. സുരേഷ് ബാബു പറഞ്ഞു.
ഈ കാര്യങ്ങളൊന്നും പരിശോധിക്കാതെ കോണ്‍ഗ്രസ് നടത്തുന്ന ദുരൂഹമായ സംഭവവികാസങ്ങളുടെ പിറകിലല്ല നില്‍ക്കേണ്ടതെന്നും അവര്‍ക്ക് ഇത്ര ബോജാറ് കാണിക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. റെയ്ഡ് നടന്ന ഹോട്ടലില്‍ താമസിക്കുന്ന സിപിഎം നേതാക്കളായ ടി.വി. രാജേഷ്, നികേഷ് കുമാര്‍, വിജിന്‍ എംഎല്‍എ എന്നിവരൊന്നും തങ്ങളുടെ മുറി പരിശോധിക്കാന്‍ പാടില്ലെന്ന് പറഞ്ഞിട്ടില്ല. എന്തുകൊണ്ടാണ് കോണ്‍ഗ്രസിന് മാത്രം പ്രശ്നമെന്നും അദ്ദേഹം ചോദിച്ചു.
പോലീസ് കോണ്‍ഗ്രസിന്റെ മുറി മാത്രം പരിശോധിക്കാനാണ് വന്നതെന്നും അത് പറ്റില്ലെന്നും പറഞ്ഞാല്‍ നമുക്ക് മനസ്സിലാക്കാം. പോലീസിന് കൃത്യമായ വിവരം കിട്ടിയോ എന്നുള്ളതൊന്നും ഞാന്‍ മനസ്സിലാക്കിയിട്ടില്ല. പക്ഷേ, പോലീസിന് എന്തെങ്കിലും സൂചന ലഭിക്കാതെ ഇത്തരം കാര്യങ്ങള്‍ പരിശോധിക്കില്ല എന്നുള്ളത് ഉറപ്പാണ്. അത് കോണ്‍ഗ്രസുതന്നെ കൊടുത്തതാകാം. വ്യാജ കാര്‍ഡ് നിര്‍മാണം, സോളാര്‍ കേസ്, തുടങ്ങി ഒരുപാട് കാര്യങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ കോണ്‍ഗ്രസാണ് കൊടുത്തത്. ഇതും കോണ്‍ഗ്രസുതന്നെ ആകാം ചോര്‍ത്തിയതെന്നും ഇ.എന്‍. സുരേഷ് ബാബു ആരോപിച്ചു.