- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശോഭ സുരേന്ദ്രന് എതിരെ ഇ പി മാനഷ്ടക്കേസ് നൽകി
കണ്ണൂർ: തന്നെ അപകീർത്തിപ്പെടുത്തി എന്നാരോപിച്ച്, ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രനെതിരെ എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ മാനനഷ്ടക്കേസ് നൽകി. കണ്ണൂർ ജൂഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിലാണ് കേസ് ഫയൽ ചെയ്തത്. വ്യാജ ആരോപണങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്നാണ് കേസ്. വ്യാജ ആരോപണങ്ങൾ രാഷ്ട്രീയ പ്രതിച്ഛായക്ക് കളങ്കമുണ്ടാക്കിയെന്ന് ഇപി പരാതിയിൽ പറയുന്നു.
ബിജെപിയിൽ ചേരാൻ മൂന്ന് തവണ ചർച്ച നടത്തിയെന്നും ഡൽഹിയിലെ ഹോട്ടലിൽ വച്ച് കൂടിക്കാഴ്ച നടത്തിയെന്നുമുൾപ്പെടെയുള്ള ശോഭയുടെ വ്യാജ ആരോപണങ്ങൾ അപകീർത്തിയുണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ്. ഏപ്രിൽ 26ന് മാധ്യമങ്ങളിൽ നൽകിയ പ്രസ്താവനയിലൂടെയും 28ന് രണ്ട് പത്രങ്ങൾക്ക് നൽകിയ അഭിമുഖത്തിലൂടെയും മനപ്പൂർവം അപകീർത്തിയുണ്ടാക്കിയെന്നും കണ്ണൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി (രണ്ട്)യിൽ സമർപ്പിച്ച ക്രിമിനൽ ഹർജിയിൽ പറയുന്നു. ഹർജി ശനിയാഴ്ചത്തേക്ക് മാറ്റി.
ബിജെപിയിൽ ചേരാൻ താൽപര്യം പ്രകടിപ്പിച്ച് ദല്ലാൾ നന്ദകുമാറിനൊപ്പം ഇ.പി തന്നെ വന്നുകണ്ടെന്ന് വോട്ടെടുപ്പ് ദിവസം ശോഭാ സുരേന്ദ്രൻ ആരോപണം ഉന്നയിച്ചിരുന്നു. എന്നാൽ ആരോപണം ഇ.പി.ജയരാജൻ നിഷേധിച്ചിരുന്നു. പിന്നാലെ വ്യാജ ആരോപണം പിൻവലിച്ച് മാധ്യമങ്ങളിലൂടെ പരസ്യമായി മാപ്പുപറയണമെന്നും അല്ലാത്തപക്ഷം സിവിൽക്രിമിനൽ നിയമനടപടികൾക്ക് വിധേയരായി രണ്ടുകോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ട് ശോഭ സുരേന്ദ്രൻ, കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ, ദല്ലാൾ നന്ദകുമാർ എന്നിവർക്ക് ഇപി വക്കീൽ നോട്ടിസ് അയച്ചിരുന്നു. ഗൂഢാലോചന നടത്തിയതിന് ശോഭ സുരേന്ദ്രൻ, കെ. സുധാകരൻ, നന്ദകുമാർ എന്നിവർക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഇ പി ഡിജിപിക്ക് പരാതി നൽകിയിരുന്നെങ്കിലും കേസെടുക്കാൻ കഴമ്പില്ലെന്ന് പൊലീസ് മറുപടി നൽകിയിരുന്നു.
അതേസമയം, തിരഞ്ഞെടുപ്പിന് മണിക്കൂറുകൾക്ക് മുമ്പ് തന്റെ വെളിപ്പെടുത്തലിനൊപ്പം തെളിവുകളും ശോഭ സുരേന്ദ്രൻ ഹാജരാക്കിയിരുന്നു. ജയരാജൻ ബിജെപിയിൽ ചേരുന്നതിനുള്ള 90 ശതമാനം ചർച്ചകളും പൂർത്തിയായിരുന്നു. പിന്നെ എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞിരുന്നു.
ഇ പി ജയരാജന്റെ മകന്റെ നമ്പറിലൂടെയാണ് തന്നെ ആദ്യം ബന്ധപ്പെട്ടത്. നോട്ട് മൈ നമ്പർ എന്ന് ഇപി ജയരാജന്റെ മകൻ വാട്ട്സ് ആപ്പിലൂടെ മെസേജ് അയച്ചെന്നും ശോഭ തെളിവുകൾ ഹാജരാക്കി വ്യക്തമാക്കി. പിന്നീട് ഇപി പിന്മാറിയത് എന്തുകൊണ്ടാണെന്ന് പിണറായിക്ക് അറിയാമെന്നും ശോഭ ആരോപിച്ചു. ഇപിയും ഭാര്യയും ജീവിച്ചിരിക്കണം എന്ന് തനിക്ക് ആഗ്രഹം ഉണ്ടെന്നും ശോഭ സുരേന്ദ്രൻ കൂട്ടിച്ചേർത്തു. ഇപിയുമായുള്ള ഡൽഹി ചർച്ചക്ക് തനിക്ക് ടിക്കറ്റ് അയച്ചു തന്നത് നന്ദകുമാർ ആണെന്നും കൊച്ചി -കോയമ്പത്തൂർ, കോയമ്പത്തൂർ -ഡൽഹി ടിക്കറ്റ് ആണ് അയച്ചതെന്ന് പറഞ്ഞ ശോഭ സുരേന്ദ്രൻ, നന്ദകുമാർ വാട്സപ്പിൽ അയച്ച ടിക്കറ്റും ഹാജരാക്കി.
'2023 ഏപ്രിൽ 24-ാം തീയതി ശോഭാസുരേന്ദ്രന് ഡൽഹിയിലേക്ക് പോകാൻ നന്ദകുമാർ എന്തിനാണ് ടിക്കറ്റെടുത്ത് എന്റെ വാട്സാപ്പിലേക്കയച്ചത്. എന്നെ അറിയില്ലെന്ന് പറഞ്ഞ ജയരാജന്റെ മകന് എന്തിനാണ് എന്റെ വാട്സാപ്പിലേക്ക് മെസേജ് അയക്കുന്നത്. ജയരാജന്റെ മകനെ ഞാൻ കാണുന്നത് 2023 ജനുവരി 18-ാം തിയതിയിലാണ്. എറണാകുളത്തെ ഒരു ഹോട്ടലിൽ വച്ചാണ് ഞാൻ കാണുന്നത്. ടി.ജി.രാജഗോപാലും എന്റെ കൂടെയുണ്ടായിരുന്നു. ഏത് തലയെടുപ്പുള്ള നേതാവ് ബിജെപിയിൽ ചേരാൻ വന്നാലും എട്ട് സംസ്ഥാനങ്ങളുടെ ചുമതലക്കാരിയായിട്ടുള്ള എനിക്ക് ചർച്ച നടത്താൻ കേന്ദ്ര നേതൃത്വം നൽകിയിട്ടുണ്ട്. അത് ഇനിയും തുടരും', ശോഭാ സുരേന്ദ്രൻ പറഞ്ഞു.
ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയ സിപിഎം നേതാവ് ഇ.പി ജയരാജനാണെന്ന് കെ. സുധാകരൻ ആരോപിക്കുകയും ഇത് ഇ.പി. ജയാരജൻ തള്ളുകയും ചെയ്തതിന് പിന്നാലെയാണ് ആരോപണം സ്ഥിരീകരിച്ച് ശോഭ സുരേന്ദ്രൻ രംഗത്ത് വന്നത്.