തിരുവനന്തപുരം: മുതിർന്ന സിപിഎം നേതാവ് ഇ പി ജയരാജൻ ബിജെപിയിൽ ചേരാൻ ശ്രമം നടത്തിയെന്ന ആരോപണം സിപിഎമ്മിനെ അടിമുടി വെട്ടിലാക്കിയിരിക്കവെ അദ്ദേഹത്തിനെതിരെ പാർട്ടി നടപടി ഉണ്ടാകുമെന്നാണ് സൂചനകൾ. ഇതിനിടെ സ്വയം പ്രതിരോധം തീർത്ത് മുതിർന്ന നേതാവ് രംഗത്തുവന്നു. തനിക്കെതിരെ നടക്കുന്നത് ഗൂഢാലോചനയാണെന്ന സിദ്ധാന്തവുമായാണ് ജയരാജൻ പ്രതിരോധം തീർക്കുന്നത്. മാധ്യമങ്ങളെ അടക്കം പഴിചാരിക്കൊണ്ടാണ് അദ്ദേഹത്തിന്റെ വിശദീകരണം.

പ്രകാശ് ജാവദേക്കറെ കണ്ടെന്ന് വ്യക്തമാക്കുന്ന ഇ പി ജയരാജൻ അദ്ദേഹവുമായി രാഷ്ട്രീയം സംസാരിച്ചിട്ടില്ലെന്നാണ് വ്യക്തമാക്കുന്നത്. പോളിങ് ദിനത്തിൽ കൂട്ടിക്കാഴ്ച വെളിപ്പെടുത്തിയതിൽ അസ്വാഭാവികത ഇല്ല. താൻ വഴി ലക്ഷ്യമിട്ടത് മുഖ്യമന്ത്രിയെയാണ്. ജാവ്‌ദേക്കർ വന്നത് കഴിഞ്ഞ വർഷം മാർച്ച് 5 നാണ് വന്നത്. കൊച്ചു മകന്റെ പിറന്നാൾ ദിനത്തിലാണ് വന്നതെന്നം ഇ പി വിശദീകരിക്കുന്നു. ആകെ സംസാരിച്ചത് ചുരുങ്ങിയ വാക്കുകൾ മാത്രമാണ്. വീട്ടിൽ വന്നവരോട് ഇറങ്ങി പോകാൻ പറയുന്നത് തന്റെ ശീലം അല്ലെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിയിലേക്ക് പോകും എന്ന് വാർത്ത കൊടുക്കാൻ മാധ്യമങ്ങൾക്ക് എങ്ങിനെ ധൈര്യം വന്നു. തൃശൂരിലും ദുബായിലും ഒരു ചർച്ചയും നടന്നില്ല. കൂട്ട് കെട്ടിനെ കുറിച്ച് മുഖ്യമന്ത്രി പറഞ്ഞത് സമൂഹത്തിന് ആകെ ബാധകമാണെന്നും ഇ പി ജയരാജൻ വ്യക്തമാക്കി. തെരഞ്ഞെടുപ്പു ദിവസം ആളിക്കത്തിയ വിവാദത്തിൽ ദ്വീർഘമായ സമയത്തെ മൗനത്തിന് ശേഷമാണ് ഇപി പ്രതികരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

നാളെ സിപിഎം സെക്രട്ടറിയേറ്റ് യോഗത്തിൽ പങ്കെടുക്കുമോ എന്നതിൽ അദ്ദേഹം വ്യക്തമായ മറുപടി നൽകിയില്ല. ഇ പി ബിജെപിയുടെ പ്രലോഭനത്തിൽ വീണുവെന്ന വിലയിരുത്തലുകൾ വിവിധ കോണുകളിൽ നിന്നും ഉയരുന്നുണ്ട്. ഇതോടെ അദ്ദേഹത്തിന്റെ മുന്നോട്ടുള്ള പ്രയാണം ഇനി അത്രയ്ക്ക് എളുപ്പമല്ല. തിരഞ്ഞെടുപ്പിന്റെ പ്രാഥമിക വിശകലനത്തിനായി വിളിച്ചു ചേർത്ത യോഗത്തിൽ ഇക്കാര്യം ചർച്ചയ്ക്കു വരാനാണു സാധ്യത. നാളെയാണ് സിപിഎം സംസ്ഥന സെക്രട്ടറിയേറ്റ് യോഗം നടക്കുക.

മുഖ്യമന്ത്രി ബിജെപി ചർച്ചയിലെ ഇടനിലക്കാരൻ മാത്രമാണ് ജയരാജൻ എന്ന ആരോപണവുമായി പ്രതിപക്ഷം പിണറായി വിജയനിലേക്കു മുന കൂർപ്പിച്ചു കഴിഞ്ഞു. ദല്ലാൾ നന്ദകുമാറുമായുള്ള ജയരാജന്റെ സൗഹൃദത്തെ തള്ളിയ പിണറായി, ജാവഡേക്കറെ താനും കാണാറുണ്ടെന്നു പറഞ്ഞ് ആ കൂടിക്കാഴ്ചയെ ലഘൂകരിച്ചെന്നാണ് അവരുടെ വിലയിരുത്തൽ. ബിജെപിയുടെ കേരള ചുമതലയുള്ള ജാവഡേക്കറിനെ എന്തിനാണ് മുഖ്യമന്ത്രി കാണുന്നതെന്നു ചോദിച്ച് സിപിഎം - ബിജെപി അന്തർധാരാ ആക്ഷേപം കടുപ്പിക്കാനുള്ള നീക്കവും പ്രതിപക്ഷം തുടങ്ങി.

നന്ദകുമാറിനെപ്പോലുള്ളവരുമായി ബന്ധം സ്ഥാപിച്ചു വൻ കെണിയിൽ പോയി ജയരാജൻ ചാടിക്കൊടുത്തെന്ന നിഗമനമാണ് സിപിഎമ്മിനുള്ളിൽ ഉള്ളത്. ജയരാജന്റെ ദുർബലമായ വിശദീകരണം അതിനെ സാധൂകരിക്കുകയും ചെയ്യുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ മൂർധന്യത്തിൽ പാർട്ടിക്കു തന്നെ നാണക്കേടുണ്ടാക്കിയ സംഭവത്തെ ഗൗരവത്തോടെയാണ് നേതാക്കൾ കാണുന്നത്. ഇ.പിയെ മുഖ്യമന്ത്രി പരസ്യമായി ശാസിച്ചതോടെ അദ്ദേഹം ഏറക്കുറെ ഒറ്റപ്പെട്ട നിലയിലാണ്.

ബിജെപിയുമായി ചർച്ചയ്ക്കു തയാറായ നേതാവിനെ എൽഡിഎഫ് കൺവീനർ സ്ഥാനത്തു നിലനിർത്തുക എളുപ്പമാകില്ല. പാർട്ടിയിൽ തരംതാഴ്‌ത്തപ്പെടുകയോ മറ്റോ ചെയ്താലും എൽഡിഎഫ് കൺവീനർ സ്ഥാനവും തെറിക്കുമെന്ന് ഉറപ്പായിട്ടുണ്ട്. തുടർച്ചയായി വിവാദങ്ങൾ സൃഷ്ടിച്ചു പാർട്ടിയെ പ്രതിസന്ധിയിലാക്കുകയാണ് ജയരാജൻ എന്ന വികാരവും സിപിഎമ്മിലുണ്ട്. പാർട്ടിയുടെ ഫണ്ട് റെയ്സറായിരുന്നു ഒരു കാലത്ത് ഇ പി. അതുകൊണ്ട് തന്നെയാണ് പല അവിശുദ്ധ കൂട്ടുകെട്ടിലും അദ്ദേഹം വീണത്.

കേന്ദ്രകമ്മിറ്റി അംഗമായതിനാൽ ജയരാജനെതിരെ സംഘടനാ നടപടി ഇവിടെ സാധ്യമാകില്ല. എന്നാൽ, സംസ്ഥാന കമ്മിറ്റിക്കു ശുപാർശ ചെയ്യാം. നാളെ ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റിന് അതിനുള്ള അധികാരമില്ല. അതിനിടെ തൃശൂർ ലോകസഭാ മണ്ഡലത്തിൽ ബിജെപിക്ക് വോട്ടു മറിക്കാനായിരുന്നു ഇപിയുടെ കൂടിക്കാഴ്‌ച്ച എന്ന വികാരവും ഉയരുന്നുണ്ട്.