- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തന്നേക്കാൾ ജൂനിയറായ എം വി ഗോവിന്ദനെ പാർട്ടി സെക്രട്ടറിയാക്കിയതിൽ അനിഷ്ടം; കോടിയേരിയുടെ ഒഴിവിൽ പി.ബിയിലേക്ക് പരിഗണിക്കുമെന്ന പ്രതീക്ഷയും പൊലിഞ്ഞു; ആരോഗ്യകാരണം അവധിക്കായി ചൂണ്ടിക്കാട്ടുമ്പോഴും ഇ പി ജയരാജൻ കടുത്ത അതൃപ്തിയിൽ; കണ്ണൂർ സിപിഎമ്മിൽ വീണ്ടും വിഭാഗീയതയുടെ തിരയിളക്കമോ?
കണ്ണൂർ: കണ്ണൂർ സിപിഎമ്മിൽ വീണ്ടും വിഭാഗീയതയുടെ തിരയിളക്കം. തന്നോടുള്ള അവഗണനയിൽ പ്രതിഷേധിച്ചു കേന്ദ്രകമ്മിറ്റിയംഗവും എൽഡിഎഫ് കൺവീനറുമായ ഇ.പി ജയരാജൻ പാർട്ടിയുടെയും മുന്നണിയുടെയും വേദികളിൽ നിന്നും പിൻവലിഞ്ഞതോടെ പിണറായി സർക്കാർ കഠിനമായ അഗ്നി പരീക്ഷണങ്ങളിലൂടെ കടന്നു പോകുന്ന കാലത്ത് എൽ. ഡി. എഫിനെ നയിക്കാൻ നാഥനില്ലാത്ത അവസ്ഥയിലായി. ഗവർണർക്കെതിരെ സർക്കാരും സിപിഎമ്മും ജീവന്മരണ പോരാട്ടം നടത്തിക്കൊണ്ടിരിക്കെയാണ് പാളയത്തിൽ പടയെന്ന പോലെ എൽ.ഡി.എഫ് കൺവീനറും കേന്ദ്രകമ്മിറ്റിയംഗവുമായ ഇ.പി ജയരാജന്റെ പിൻവലിയൽ.
പാർട്ടിയിൽ തന്നെക്കാൾ ജൂനിയറായ എം.വി ഗോവിന്ദനെ സംസ്ഥാന സെക്രട്ടറിയും പിന്നീട് പി.ബി അംഗവുമാക്കിയതിൽ ഇ.പി ജയരാജന് കടുത്ത അതൃപ്തിയുണ്ടെന്നാണ് സൂചന. ജയരാജൻ കണ്ണൂർ ജില്ലാസെക്രട്ടറിയായതിനു ശേഷമാണ് എം.വി ഗോവിന്ദൻ ആ ചുമതലയിലേക്കു വരുന്നത്. പാർട്ടിയിലും കെ. എസ്. വൈ. എഫ്, ഡി.വൈ. എഫ്. ഐ സംഘടനകളിലും ജയരാജനെക്കാൾ ജൂനിയറാണ് എം.വി ഗോവിന്ദൻ. രണ്ടാം പിണറായി സർക്കാരിൽ ഇടം കിട്ടിയില്ലെന്നു മാത്രമല്ല പാർട്ടിയിലും തന്നെ തഴഞ്ഞുവെന്ന അതൃപ്തി ജയരാജനുണ്ട്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം ആരോഗ്യപരമായ കാരണങ്ങളാൽ താൻ സജീവരാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കുന്നുവെന്ന് ജയരാജൻ പറഞ്ഞുവെങ്കിൽ എൽ. ഡി. എഫ് കൺവീനർ സ്ഥാനം ജയരാജന്റെ തലയിൽ കെട്ടിവയ്ക്കുകയായിരുന്നു. ആദ്യമിതു സന്തോഷത്തൊടെ ഏറ്റെടുത്തുവെങ്കിലും പാർട്ടിയിലും സർക്കാരിലും യാതൊരു സ്വാധീനവും എൽ.ഡി.എഫ് കൺവീനർക്കില്ലെന്നു പതിയെ ഇ.പി ജയരാജൻ തിരിച്ചറിയുകയായിരുന്നു.
എന്നാൽ കോടിയേരിയുടെ ഒഴിവിൽ തന്നെ പി.ബി സ്ഥാനത്തേക്ക് പരിഗണിക്കുമെന്ന് ജയരാജൻ പ്രതീക്ഷിച്ചിരുന്നുവെങ്കിലും അവിടെയും എം.വി ഗോവിന്ദനെയാണ് പാർട്ടി പരിഗണിച്ചത്. ഇതോടെയാണ് ഇ.പി മുഖ്യമന്ത്രി പിണറായി വിജയനുമായും പാർട്ടിയുമായും അകലാൻ തുടങ്ങിയത്. റബർ സ്റ്റാംപായി എൽ. ഡി. എഫ് കൺവീനറായി തുടരാനില്ലെന്ന തീരുമാനത്തിലാണ് ഇ.പി ജയരാജനെന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി പാർട്ടിയിൽ നിന്നും അവധി നേടിയ ഇ.പി ജയരാജൻ വൈകാതെ കൺവീനർ സ്ഥാനമൊഴിയുമെന്ന വിവരം പാർട്ടി വൃത്തങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ഇതുവരും നാളുകളിൽ സിപിഎമ്മിനെ കൂടുതൽ പ്രതിസന്ധിയിലാക്കും. എന്നാൽ താൻ പാർട്ടി പരിപാടികളിൽ നിന്നും വിട്ടു നിൽക്കുന്നത് കണ്ണൂരിൽ നിന്നുള്ള മറ്റൊരു നേതാവായ എം.വി ഗോവിന്ദനെ പാർട്ടി പൊളിറ്റ്ബ്യൂറോയിലേക്ക് എടുത്തതിന്റെ അതൃപ്തികാരണമാണെന്ന പ്രചാരണം ഇ.പി ജയരാജൻ പുറമേക്ക് തള്ളി പറഞ്ഞിട്ടുണ്ട്. മുന്നണിയുടെയും പാർട്ടിയുടെയും പരിപാടികളിൽ പങ്കെടുക്കാത്തത് ഏതെങ്കിലും തരത്തിലുള്ള അതൃപ്തി കൊണ്ടല്ലെന്നും ആരോഗ്യപരമായ കാരണങ്ങളാലാണെന്ന വിശദീകരണവുമായി സി. പി. എം കേന്ദ്രകമ്മിറ്റിയംഗം ഇ.പി ജയരാജൻ പ്രതികരിച്ചത്.
കഴിഞ്ഞ ദിവസം ഗവർണർക്കെതിരെ സി.പി. എം നടത്തിയ രാജ്ഭവൻ മാർച്ചിലും കണ്ണൂരിൽ എൽ. ഡി. എഫ് പിൻതുണയോടെ ഉന്നതവിദ്യാഭ്യാസ സംരക്ഷണ സമിതി നടത്തിയ ജനകീയ കൂട്ടായ്മയിലും ഇ.പിയുടെ അസാന്നിധ്യം ശ്രദ്ധേയമായിരുന്നു.ഇതു മാധ്യമങ്ങളിൽ ചർച്ചയായതിനെ തുടർന്നാണ് പ്രതികരണവുമായി ഇ.പി ജയരാജൻ രംഗത്തു വന്നത്്. പി.ബി അംഗത്തിന്റെ ദൗത്യം തനിക്ക് നിർവഹിക്കാൻ കഴിയുന്നതല്ല. എം.വി ഗോവിന്ദൻ അനുയോജ്യനായ സംസ്ഥാന സെക്രട്ടറിയാണ്. തനിക്ക് യാതൊരുവിധ ഈഗോയുമില്ലെന്നും ഇ.പി ജയരാജൻ വ്യക്തമാക്കി.
ആരോഗ്യ പ്രശ്നങ്ങൾ കാരണമാണ് താൻ പരിപാടിയിൽ പങ്കെടുക്കാതിരുന്നതെന്നും ഈക്കാര്യം പാർട്ടിയെ അറിയിച്ച് മുൻകൂർ അവധിലഭിച്ചിരുന്നുവെന്നും പാപ്പിനിശേരിയിലെ വീട്ടിൽ വിശ്രമത്തിലുള്ള അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. കൊവിഡിന് ശേഷം ചില ആരോഗ്യ പ്രശ്നങ്ങൾ തന്നെ അലട്ടുന്നുണ്ട്. അസുഖങ്ങൾ വർധിക്കുകയും ചെയ്തു. ഉപകരണങ്ങളുടെ സഹായത്തോടെയാണ് ഉറങ്ങാൻ കഴിയുന്നത്. അലോപ്പതിയും ആയുർവേദവും ചേർന്ന ചികിത്സയിലാണിപ്പോൾ. മൂന്ന് ആഴ്ചയോളം ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ഇക്കാര്യം മാധ്യമങ്ങളെ അറിയിക്കേണ്ടെന്ന് താൻ തന്നെയാണ് പാർട്ടിയോട് പറഞ്ഞത്. എന്നാൽ ആശുപത്രിയിൽ നിന്നും നേരത്തെ നിശ്ചയിച്ച ചില പരിപാടികളിൽ പങ്കെടുത്തു. ഇത് ആരോഗ്യസ്ഥിതി വഷളാക്കി. തുടർന്ന് നിയന്ത്രണങ്ങൾ സ്വയം ഏർപ്പെടുത്തുകയായിരുന്നുവെന്നും ഇ.പി പാപ്പിനിശേരിയിലെ വീട്ടിൽ നിന്നും മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു.




