- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്വാറം തികയാത്തതിനെ തുടര്ന്ന് മാറ്റിവെച്ചു; ആറു പഞ്ചായത്തുകളിലെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന് നടക്കും; പ്രതീക്ഷയിൽ അണികൾ
തിരുവനന്തപുരം: സംസ്ഥാനത്തെ ആറ് ഗ്രാമപഞ്ചായത്തുകളിലെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. മുന്നണികളിലെ ആഭ്യന്തര തർക്കങ്ങളെ തുടര്‍ന്നും ക്വാറം തികയാത്തതിനാലും മാറ്റിവെച്ച തിരഞ്ഞെടുപ്പുകളാണ് ഇന്ന് നടക്കുന്നത്. മിക്കയിടങ്ങളിലും തർക്കങ്ങൾ പരിഹരിച്ചതിനാൽ ഇന്ന് വോട്ടെടുപ്പ് പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷ.
ആലപ്പുഴയിലെ നെടുമുടി, വീയപുരം പഞ്ചായത്തുകളിലെ തിരഞ്ഞെടുപ്പാണ് നേരത്തെ മാറ്റിവെച്ചിരുന്നത്. നെടുമുടിയിൽ പാർട്ടി തീരുമാനിച്ച പ്രസിഡന്റ് സ്ഥാനാർത്ഥിക്കെതിരെ സിപിഎം അംഗങ്ങൾ നിലപാടെടുക്കുകയും തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കുകയും ചെയ്തതോടെയാണ് വോട്ടെടുപ്പ് മുടങ്ങിയത്. പിന്നീട്, സിപിഎം ജില്ലാ നേതൃത്വം ഇടപെട്ട് തർക്കം പരിഹരിച്ചു.
പട്ടികജാതി വനിതാ സംവരണമുള്ള വീയപുരത്ത് യുഡിഎഫിന് ഭൂരിപക്ഷമുണ്ടെങ്കിലും, അവരുടെ സ്ഥാനാർത്ഥി വാർഡിൽ പരാജയപ്പെട്ടതിനാൽ പ്രസിഡന്റ് സ്ഥാനം ലഭിക്കില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ യുഡിഎഫ് അംഗങ്ങൾ വിട്ടുനിന്നതോടെയാണ് വോട്ടെടുപ്പ് മാറ്റിവെച്ചത്. ഇന്നത്തെ തിരഞ്ഞെടുപ്പിലും യുഡിഎഫ് അംഗങ്ങൾ പങ്കെടുക്കില്ലെന്നാണ് സൂചന. ഇതോടെ, അഞ്ച് അംഗങ്ങളുള്ള എൽഡിഎഫിന് പ്രസിഡന്റ് സ്ഥാനം ലഭിക്കാൻ സാധ്യതയുണ്ട്. പങ്കെടുക്കുന്ന അംഗങ്ങളെവെച്ച് വോട്ടെടുപ്പ് നടത്തി ഭൂരിപക്ഷമുള്ളയാളെ പ്രസിഡന്റായി തിരഞ്ഞെടുക്കും.
കാസർകോട് പുല്ലൂർ-പെരിയ പഞ്ചായത്തിൽ പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് യുഡിഎഫ് അംഗങ്ങൾ വിട്ടുനിന്നതിനാലാണ് തിരഞ്ഞെടുപ്പ് മാറ്റിവെച്ചത്. നിലവിൽ പ്രശ്നം പരിഹരിക്കപ്പെട്ടതായും യുഡിഎഫിന്റെ ഔദ്യോഗിക പ്രസിഡന്റ് സ്ഥാനാർത്ഥിയായി ഉഷ എൻ. നായർ മത്സരിക്കുമെന്നും അറിയിച്ചിട്ടുണ്ട്. ഇവിടെ യുഡിഎഫിനും എൽഡിഎഫിനും ഒൻപത് അംഗങ്ങൾ വീതവും എൻഡിഎയ്ക്ക് ഒരു അംഗവുമാണുള്ളത്. എൽഡിഎഫിന്റെ പ്രസിഡന്റ് സ്ഥാനാർത്ഥി ഡോ. സബിതയാണ്.
എറണാകുളം വെങ്ങോല പഞ്ചായത്തിൽ എൽഡിഎഫും ട്വന്റി ട്വന്റിയും തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിന്നിരുന്നു. 24 സീറ്റുകളുള്ള ഭരണസമിതിയിൽ യുഡിഎഫിന് 9, എൽഡിഎഫിന് 8, ട്വന്റി ട്വന്റിക്ക് 6, എസ്ഡിപിഐക്ക് 1 എന്നിങ്ങനെയാണ് കക്ഷിനില. മലപ്പുറം തിരുവാലി പഞ്ചായത്തിൽ യുഡിഎഫ് അംഗങ്ങൾ വിട്ടുനിന്നത് മുസ്ലീം ലീഗിന്റെ തർക്കത്തെ തുടർന്നാണ്. 19 അംഗ ഭരണസമിതിയിൽ യുഡിഎഫിന് 11ഉം എൽഡിഎഫിന് 7ഉം അംഗങ്ങളാണുള്ളത്. നാല് അംഗങ്ങളുള്ള മുസ്ലീം ലീഗ് രണ്ടര വർഷം പ്രസിഡന്റ് സ്ഥാനം ആവശ്യപ്പെട്ടതാണ് തർക്കത്തിന് കാരണമായത്.




