- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കാനം ബെൽറ്റിന് അനഭിമതൻ; സമ്മേളനകാലത്ത് മനസില്ലാ മനസോടെ ഒരു ടേം കൂടി സെക്രട്ടറി സ്ഥാനം നൽകി; ജില്ലാ സമ്മേളനത്തിന്റെ ബാക്കി പത്രമെന്നോണം അനധികൃതസ്വത്തു സമ്പാദനത്തിന് ജില്ലാ പഞ്ചായത്തംഗത്തിന്റെ പരാതി; സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി എ.പി ജയനെതിരേ പാർട്ടി തലത്തിൽ അന്വേഷണം പ്രഖ്യാപിച്ചു
പത്തനംതിട്ട: സിപിഐ ജില്ലാ സെക്രട്ടറി എ.പി ജയനെതിരേ പാർട്ടി സംസ്ഥാന നേതൃത്വം അന്വേഷണം പ്രഖ്യാപിച്ചു. ജയൻ പാർട്ടിയിൽ നിന്നു കൊണ്ട് അനധികൃത സ്വത്തു സമ്പാദനം നടത്തിയെന്ന ജില്ലാ പഞ്ചായത്തംഗം ശ്രീനാ കുമാരിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നേതൃത്വത്തിൽ ചേർന്ന സംസ്ഥാന എക്സിക്യൂട്ടീവ് യോഗം കെ.കെ. അഷറഫിനെ ഏകാംഗ അന്വേഷണ കമ്മിഷനായി നിയോഗിച്ചു.
സിപിഐ ജില്ലാ സമ്മേളന കാലത്ത് തുടങ്ങിയ വിഭാഗീയതയാണ് പുതിയ സംഭവ വികാസങ്ങളിൽ എത്തി നിൽക്കുന്നത്. അടൂരിൽ വീടിന് സമീപത്ത് ആറു കോടിയുടെ ഫാം സ്വന്തമാക്കി എന്ന ആരോപണത്തിന്മേലാണ് അന്വേഷണം. പള്ളിക്കലിൽ നിന്നുള്ള ജില്ലാ പഞ്ചായത്തംഗം ശ്രീനാകുമാരി കഴിഞ്ഞ സമ്മേളന കാലയളവിൽ നിരന്തരം ഈ വിഷയം ഉന്നയിച്ചിരുന്നു. സിപിഐ ജില്ലാ സെക്രട്ടറിയായി ഒരു ടേം കൂടി എ.പി ജയൻ തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ഇക്കാര്യം ചൂണ്ടിക്കാണ്ടി ശ്രീനാകുമാരി സംസ്ഥാന നേതൃത്വത്തിന് പരാതി നൽകിയതായി മാധ്യമങ്ങളെ അറിയിച്ചിരുന്നു. അതിന്മേലാണ് ഇപ്പോൾ നടപടിയായിരിക്കുന്നത്.
കാനം വിരുദ്ധനാണ് എ.പി ജയൻ. കഴിഞ്ഞ ജില്ലാ സമ്മേളനത്തിൽ ജയനെ മാറ്റി അടൂർ നഗരസഭാ ചെയർമാൻ ഡി. സജിയെ ജില്ലാ സെക്രട്ടറിയാക്കാൻ നീക്കം നടന്നിരുന്നു. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നേതൃത്വത്തിലാണ് ഇതിനായി വടംവലി നടന്നത്. കാനം, മന്ത്രിമാരായ പി. പ്രസാദ്, ജെ. ചിഞ്ചുറാണി എന്നിവരുടെ നേതൃത്വത്തിൽ ഇതിനായി ചരടു വലിക്കുമെന്നാണ് കരുതിയിരുന്നത്. എന്നാൽ കാനം സമ്മേളനത്തിൽ നിന്ന് വിട്ടു നിന്ന് ഞെട്ടിച്ചു. നേർക്കു നേർ വിമർശനം ഭയന്നാണ് കാനം സമ്മേളനത്തിൽ നിന്ന് വിട്ടു നിന്നത്. ജയനെ ഒഴിവാക്കുമെന്ന് കരുതിയിരുന്നവരെ ഞെട്ടിച്ചു കൊണ്ടാണ് അന്ന് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്.
ജയൻ വീടിന് സമീപമാണ് ഫാം പണിതുയർത്തിയിരിക്കുന്നത്. അതിന് ആറു കോടിയോളം രൂപ ചെലവായി എന്നത് പെരുപ്പിച്ച് കാണിച്ച ആരോപണമാണെന്ന് ജയൻ അനുകൂലികൾ പറയുന്നു. ശ്രീനാകുമാരിയെ കരുവാക്കി കാനം അടക്കമുള്ളവരാണ് ഇതിന് പിന്നിൽ കളിക്കുന്നത് എന്നാണ് ആക്ഷേപം. നേരത്തേയും ഫാമിനെ ചൊല്ലി വിവാദം ഉയർന്നപ്പോൾ അടിസ്ഥാനപരമായി കർഷകനായ താൻ പശുവളർത്തൽ നടത്തുകയാണെന്ന വിശദീകരണമാണ് ജയൻ നൽകിയത്. എന്തായാലും ജയനെ അഴിമതി ആരോപണത്തിൽ കുടുക്കി ഇറക്കി വിടാനുള്ള ഒരു വിഭാഗത്തിന്റെ തന്ത്രം ഫലം കാണുമെന്ന് തന്നെയാണ് സൂചന.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്