- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പുല്യോട്ടുംകാവിലെ കലശമെഴുന്നെള്ളിപ്പിൽ പി.ജയരാജന്റെ കറങ്ങുന്ന ചിത്രം; സി പി എം അന്വേഷണമാരംഭിച്ചു; പാർട്ടി അംഗങ്ങൾക്കു പങ്കുണ്ടെങ്കിൽ നടപടി; അനുഭാവികളെങ്കിൽ ശാസനയിൽ ഒതുങ്ങും; പ്രാദേശിക നേതൃത്വത്തിന് വീഴ്ച പറ്റിയെന്ന് വിലയിരുത്തൽ
തലശേരി: കതിരൂർ പുല്യോട് കുരുംബ ക്ഷേത്രോത്സവത്തിന്റെ ഭാഗമായുള്ള കലശമെഴുന്നെള്ളിപ്പിനിടെ പാർട്ടികൊടിയും സി.പി. എം സംസ്ഥാനകമ്മിറ്റിയംഗം പി.ജയരാജന്റെ കറങ്ങുന്ന ചിത്രവും വെച്ച സംഭവത്തിൽ സി.പി. എം ജില്ലാനേതൃത്വം അന്വേഷണമാരംഭിച്ചു. പ്രദേശത്തുള്ള ലോക്കൽ കമ്മിറ്റി യോഗം അടിയന്തിരമായി വിളിച്ചു ചേർക്കാൻ തീരുമാനമായിട്ടുണ്ട്.
പാർട്ടി പ്രവർത്തകർ ഇതിനു പിന്നിൽ പ്രവർത്തിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയാൽ നടപടിയെടുക്കാനാണ് കണ്ണൂർ ജില്ലാ നേതൃത്വത്തിന്റെ തീരുമാനം. എന്നാൽ സംഭവത്തിന് പിന്നിൽ അനുഭാവികളാണെങ്കിൽ പാർട്ടികൊടിയും നേതാവിന്റെ ചിത്രവും ഉപയോഗിച്ചതിന് ശാസനയിൽ ഒതുങ്ങിയേക്കും. എങ്കിലും പാർട്ടി പ്രാദേശിക നേതൃത്വത്തിന് വീഴ്‌ച്ച പറ്റിയിട്ടുണ്ടെന്നാണ് വിലയിരുത്തൽ.
നേരത്തെ വ്യക്തിപൂജയുടെ പേരിൽ പാർട്ടിയിൽ നിന്നും ഒതുക്കപ്പെട്ട നേതാവാണ് പി.ജയരാജൻ. അതുകൊണ്ടു തന്നെ വീണ്ടും അതേ വിവാദങ്ങൾ ആവർത്തിക്കുന്നത് പാർട്ടി നേതൃത്വം അതീവഗൗരവത്തോടെയാണ് വീക്ഷിക്കുന്നത്. സംഭവത്തെ കുറിച്ചു സി.പി. എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പാർട്ടി ജില്ലാ നേതൃത്വത്തിനോട് റിപ്പോർട്ട് തേടിയിട്ടുണ്ടെന്നാണ് സൂചന.
ജനകീയ പ്രതിരോധ ജാഥ തിരുവനന്തപുരത്ത് സമാപിച്ചാൽ ഇക്കാര്യം പാർട്ടി പരിശോധിച്ചേക്കും. പി.ജയരാജന്റെ വീടുനിൽക്കുന്ന സ്ഥലമായ പാട്യത്തിനടുത്തുള്ള പ്രദേശമാണ് പുല്യോട്. നേരത്തെ പി.ജയരാജൻ കിഴക്കെ കതിരൂരിലാണ് താമസിച്ചുവന്നിരുന്നത്. ആർ. എസ്. എസ് വധശ്രമം നടന്നതിനു ശേഷമാണ് അദ്ദേഹം പാട്യത്തേക്ക് വീടുമാറിയത്.
സി.പി. എം പാർട്ടി ഗ്രാമമായ കതിരൂർ പുല്യോട്ടുകാവ് ക്ഷേത്രോത്സവ കലശത്തിലാണ് പി. ജയരാജന്റെ ചിത്രം ഉൾപ്പെടുത്തിയത്. അതേസമയം, നേതാക്കളുടെ ചിത്രം ഉൾപ്പെടുത്തുന്നത് പാർട്ടി നിലപാടല്ലെന്ന് ജില്ലാ സെക്രട്ടറി എം വി ജയരാജൻ വിവാദത്തെ കുറിച്ച് പ്രതികരിച്ചു. തെയ്യത്തിന്റെയും പാർട്ടി ചിഹ്നത്തിന്റെയും ഒപ്പമായിരുന്നു പുല്യോട്ടുംകാവ് ക്ഷേത്രോത്സവ കലശത്തിൽ പി. ജയരാജന്റെ ചിത്രം. ചെഗുവേരയുടെ ചിത്രവും കലശത്തിലുണ്ടായിരുന്നു.
പാർട്ടി പ്രവർത്തകരാണ് ചിത്രങ്ങൾ കലശത്തിൽ ഉൾപ്പെടുത്തിയത്. കലശങ്ങളും ഘോഷയാത്രകളും രാഷ്ട്രീയ ചിഹ്നങ്ങളോ നേതാക്കളുടെ ചിത്രങ്ങളോ ഇല്ലാതെയാണ് നടത്തേണ്ടതെന്ന് എം വി ജയരാജൻ ചൂണ്ടിക്കാട്ടി. വിശ്വാസത്തെ രാഷ്ട്രീയവത്കരിക്കരുതെന്നും ഇക്കാര്യത്തിൽ പാർട്ടി അന്വേഷണം നടത്തുമെന്നും എം.വി ജയരാജൻ ചൂണ്ടിക്കാട്ടി.




