തിരുവനന്തപുരം: ഇ.പി. ജയരാജന്‍ എല്‍.ഡി.എഫ്. കണ്‍വീനര്‍ സ്ഥാനം രാജിവച്ചു. രാജി കത്ത് മുഖ്യമന്ത്രി പിണറായി വിജയനാണ് കൈമാറിയത്. ഇപിയുടെ രാജിയില്‍ സിപിഎം സംസ്ഥാന സമിതി അന്തിമ തീരുമാനം എടുക്കും. ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറുമായുള്ള കൂടിക്കാഴ്ച വിവാദം ശനിയാഴ്ച നടക്കുന്ന സി.പി.എം. സംസ്ഥാന സമിതി ചര്‍ച്ച ചെയ്യാനിരിക്കെയാണ് ഇ.പി.യുടെ രാജി. സംസ്ഥാന സമിതി യോഗത്തില്‍ പങ്കെടുക്കാന്‍ നില്‍ക്കാതെ ഇ.പി. ജയരാജന്‍ തിരുവനന്തപുരത്തുനിന്ന് കണ്ണൂരിലേക്ക് തിരിച്ചു. രാജി കൊടുത്ത ശേഷമാണ് മടക്കം. ഇടതു മുന്നണിയുടെ ചെയര്‍മാന്‍ മുഖ്യമന്ത്രിയാണ്. ഈ സാഹചര്യത്തിലാണ് രാജി മുഖ്യമന്ത്രിക്ക് നല്‍കിയത്.

വെള്ളിയാഴ്ചത്തെ സെക്രട്ടേറിയറ്റ് യോഗത്തില്‍ ഇ.പിക്കെതിരെ രൂക്ഷമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. സംസ്ഥാന സമിതിക്ക് മുമ്പാകെ ഈ വിഷയം ഇന്ന് വരുന്നത് കൂടി കണക്കിലെടുത്താണ് അദ്ദേഹം രാജി നല്‍കിയത്. ഇപിയെ മാറ്റണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ നിലപാട് എടുത്തു. ഇപിയ്ക്ക് പകരം ടിപി രാമകൃഷ്ണനെ ഇടതു കണ്‍വീനറാക്കാനാണ് ഗോവിന്ദന്റെ നീക്കം. എന്നാല്‍ എകെ ബാലന് ഒപ്പമാണ് പിണറായി. ഈ വിഷയത്തിലും സിപിഎമ്മില്‍ ഭിന്നതയുണ്ട്. ഈ സാഹചര്യത്തില്‍ ആരാകും അടുത്ത ഇടതു കണ്‍വീനറെന്നത് നിര്‍ണ്ണായകമാണ്. ചില അപ്രതീക്ഷിത മുഖങ്ങള്‍ ഇടതു കണ്‍വീനറാകാനും സാധ്യതയുണ്ട്. രാഷ്ട്രീയത്തില്‍ നിന്നും ഇപി ഇനി കുറച്ചു കാലം മാറി നില്‍ക്കുമെന്നാണ് സൂചന.

സംസ്ഥാന സമിതിക്ക് കാക്കാതെ ഇ.പി.ജയരാജന്‍ കണ്ണൂരിലേക്ക് കഴിഞ്ഞ ദിവസം തന്നെ മടങ്ങിയിരുന്നു. സംഭവത്തെ കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് 'എല്ലാം നടക്കട്ടെ' എന്നു മാത്രമാണ് ഇ.പി പ്രതികരിച്ചത്. കണ്ണൂരില്‍ നേരത്തേ പ്രഖ്യാപിച്ച പാര്‍ട്ടി പരിപാടികളോ പൊതുപരിപാടികളോ ഇ.പി.ജയരാജനില്ല. കേന്ദ്ര കമ്മിറ്റി അംഗമായതിനാല്‍ ഇ.പിക്കെതിരെ നടപടിയെടുക്കാനുള്ള അധികാരം കേന്ദ്ര കമ്മിറ്റിക്കാണ്. സംസ്ഥാന സമിതിക്കു നടപടിക്കു നിര്‍ദേശിക്കാനാകും. ഈ സാഹചര്യം തിരിച്ചറിഞ്ഞാണ് ഇപിയുടെ രാജി നല്‍കല്‍. തനിക്കെതിരായ ആരോപണങ്ങളിലെ ചര്‍ച്ചകള്‍ തന്റെ സാന്നിധ്യത്തില്‍ വേണ്ടെന്നുകൂടി കരുതിയാകണം ഇ.പി തിരുവനന്തപുരത്തുനിന്നു കണ്ണൂരിലേക്കു പോയതെന്നാണു സൂചന. ഇപിയ്ക്ക് ഇനി രാഷ്ട്രീയ വനവാസ കാലമാകും സിപിഎം നല്‍കുക എന്നാണ് വിലയിരുത്തല്‍.

ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറുമായി ഇ.പി.ജയരാജന്‍ ദല്ലാള്‍ നന്ദകുമാറിന്റെ സാന്നിധ്യത്തില്‍ കൂടിക്കാഴ്ച നടത്തിയെന്ന വിവരം വന്‍ വിവാദമായിരുന്നു. ഇ.പി കൂടിക്കാഴ്ച നടത്തിയെന്ന കാര്യം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമായി നേതാക്കള്‍ പലരെയും കാണാറുണ്ട്. ഞാനും ജാവഡേക്കറെ കണ്ടിരുന്നു എന്നായിരുന്നു ഇതില്‍ ഇ.പിയുടെ മറുപടി. മുഖ്യമന്ത്രി പിണറായി വിജയനുള്‍പ്പെടെ ഇക്കാര്യത്തില്‍ ഇ.പിയെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. എംവി ഗോവിന്ദന്‍ ഉറച്ച നിലപാടും എടുത്തു. നാളെ മുതല്‍ സിപിഎം ബ്രാഞ്ച് സമ്മേളനങ്ങള്‍ക്കു തുടക്കമാകും. അതിനു മുന്‍പായി പാര്‍ട്ടിയിലെ അച്ചടക്ക നടപടികള്‍ പൂര്‍ത്തിയാക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം.

ബിജെപി ദേശീയ നേതാവ് പ്രകാശ് ജാവഡേക്കറുമായി കൂടിക്കാഴ്ച നടത്തിയെന്നു ലോക്‌സഭാ തിരഞ്ഞെടുപ്പു ദിവസം രാവിലെ തുറന്നു സമ്മതിച്ച സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജന്റെ നടപടി രാഷ്ട്രീയ സ്‌ഫോടനങ്ങള്‍ക്കാണ് തിരിതെളിച്ചത്. എല്‍ഡിഎഫ് കണ്‍വീനര്‍ കൂടിയായ ജയരാജനെ പരസ്യമായി കുറ്റപ്പെടുത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍, ആളെപ്പറ്റിക്കാന്‍ ശ്രമിക്കുന്നവരുമായുള്ള കൂട്ടുകെട്ട് ഇ.പി ഒഴിവാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. പിണറായി പറഞ്ഞതു കൃത്യമായ മുന്നറിയിപ്പാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിനന്ദനും ശരിവച്ചതോടെ ഇ.പിയുടെ പോക്കില്‍ നേതൃത്വത്തിനുള്ള അതൃപ്തി പരസ്യമായി. ജാഗ്രത കുറവാണ് ഇപിയ്ക്ക് വിനായായത്.

ജാവഡേക്കറുമായി രാഷ്ട്രീയം ചര്‍ച്ച ചെയ്തില്ലെന്നാണ് ഇ.പി അന്നു നല്‍കിയ വിശദീകരണം. "ദല്ലാള്‍ നന്ദകുമാറിനൊപ്പമാണ് ജാവഡേക്കര്‍, എന്റെ മകന്റെ തിരുവനന്തപുരം ആക്കുളത്തെ ഫ്‌ലാറ്റില്‍ വന്നത്. വന്നു, കണ്ടു പരിചയപ്പെട്ടു. എന്താ വന്നതെന്നു ചോദിച്ചപ്പോള്‍ ഇതുവഴി പോകുമ്പോള്‍ നിങ്ങളെ കണ്ടു പരിചയപ്പെടാന്‍ വന്നതാണെന്നു പറഞ്ഞു. എങ്ങനെയുണ്ട് രാഷ്ട്രീയമെന്ന് അദ്ദേഹം ചോദിച്ചപ്പോള്‍, രാഷ്ട്രീയമെല്ലാം നമുക്കു പിന്നീടു ചര്‍ച്ച ചെയ്യാമെന്നു പറഞ്ഞു. അവിടെ തീര്‍ന്നു. ഈ കൂടിക്കാഴ്ചയാണ് മറ്റു രീതിയില്‍ വളച്ചൊടിക്കുന്നത്. കെ.സുധാകരനും ശോഭ സുരേന്ദ്രനും 4 മാധ്യമ പ്രവര്‍ത്തകര്‍ക്കും ഗൂഢാലോചനയില്‍ പങ്കുണ്ട്."