തിരുവനന്തപുരം: സിപിഎം സമ്മേളനം തുടങ്ങും മുമ്പേ ഇടതു കണ്‍വീനര്‍ ഇപി ജയരാജനെ മാറ്റുമെന്ന് സൂചന. ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിമര്‍ശനങ്ങള്‍ സിപിഎം സമ്മേളനത്തില്‍ ബ്രാഞ്ച് തലം മുതല്‍ ഉയരും. ഇവിടെ പ്രതിരോധം തീര്‍ക്കാന്‍ ഇടതു കണ്‍വീനറായ ഇപിയെ മാറ്റാനാണ് ആലോചന. ഇതിലൂടെ അണികളുടെ നേതൃത്വത്തിനെതിരായ വികാരം മറികടക്കാന്‍ ശ്രമിക്കും. മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആരോപനങ്ങള്‍ കേന്ദ്രീകരിക്കാതിരിക്കാനും കരുതലെടുക്കും.

ലോക്‌സഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടി മുന്‍ നിറുത്തിയുള്ള ചര്‍ച്ചകള്‍ക്കും വിശകലനത്തിനും ശേഷം 24-ാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള സമ്മേളനങ്ങള്‍ക്ക് സി.പി.എം സംസ്ഥാനഘടകം ഒരുങ്ങുകയാണ്. ഇനിയുമൊരു ഭരണത്തുടര്‍ച്ച ലക്ഷ്യമിടുന്ന പാര്‍ട്ടിക്കും മുന്നണിക്കും സര്‍ക്കാരിനും പുതിയ ദിശാബോധം നല്‍കുന്ന ചര്‍ച്ചകള്‍ക്കാവും സിപിഎം ശ്രമിക്കുക. ചര്‍ച്ചകള്‍ വഴിമാറി പോകാതിരിക്കാന്‍ ലോക്‌സഭാ തോല്‍വിയിലെ 'വില്ലനെ' കണ്ടെത്താനാണ് നീക്കം. ഇപി ജയരാജന്റെ പ്രസ്താവനകളും ബിജെപി നേതാവുമായുള്ള കൂടിക്കാഴ്ചയും എല്ലാം അണികളില്‍ അമര്‍ഷമുണ്ടാക്കിയിട്ടുണ്ട്. ഇത് മനസ്സിലാക്കിയാകും ഇപിയെ മാറ്റുക. അതിനിടെ ഇപി ഉടന്‍ ഇടതു കണ്‍വീനര്‍ സ്ഥാനം രാജിവയ്ക്കുമെന്നും അഭ്യൂഹമുണ്ട്.

തുടര്‍ച്ചയായി രണ്ടാം തവണയും മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടത് സര്‍ക്കാര്‍ ഭരണം തുടരുന്നതിനിടെയാണ് സമ്മേളനങ്ങള്‍ക്ക് തുടക്കമാവുന്നത്. ബംഗാള്‍, ത്രിപുര സംസ്ഥാനങ്ങളില്‍ വിവിധ കാരണത്താല്‍ സംഘടനാരംഗത്തുണ്ടായ ശക്തിക്ഷയം കേരളത്തിലുണ്ടാവാതിരിക്കാനുള്ള കരുതലിലേക്ക് ചര്‍ച്ച എത്തിക്കാനാകും ശ്രമം. പാര്‍ട്ടിയില്‍ ഭിന്നതയുണ്ടെന്ന തരത്തില്‍ വാര്‍ത്ത സമ്മേളന കാലത്ത് പുറത്തു വരാതിരിക്കാന്‍ ഇടപെടലുണ്ടാകും.

ബ്രാഞ്ച് ലോക്കല്‍ സമ്മേളനങ്ങള്‍ സെപ്തംബര്‍ - ഒക്ടോബര്‍ മാസങ്ങളിലും ഏരിയ സമ്മേളനങ്ങള്‍ നവംബറിലും, ജില്ലാ സമ്മേളനങ്ങള്‍ ഡിസംബറിലും അടുത്ത വര്‍ഷം ജനുവരിയിലുമായാണ് ക്രമീകരിച്ചിരിക്കുന്നത്. സംസ്ഥാന സമ്മേളനം 2025 ഫെബ്രുവരിയില്‍ കൊല്ലത്തും പാര്‍ട്ടി കോണ്‍ഗ്രസ് ഏപ്രിലില്‍ തമിഴ്‌നാട്ടിലെ മധുരയിലുമാണ് നടക്കുക. ഈ സമ്മേളനത്തില്‍ കേരളത്തിലെ നേതൃത്വത്തില്‍ മാറ്റം വരാന്‍ സാധ്യതയില്ല. എംവി ഗോവിന്ദന്‍ തന്നെ വീണ്ടും സെക്രട്ടറിയായി തുടരുമെന്നാണ് സൂചന. എന്നാല്‍ സെക്രട്ടറിയേറ്റിലും സംസ്ഥാന സമിതിയിലും എല്ലാം പുതിയ മുഖങ്ങള്‍ വരും.

സംസ്ഥാനത്ത് നിന്നുള്ള പി.കെ ശ്രീമതി, എ.കെ ബാലന്‍ എന്നിവര്‍ക്ക് 75 വയസ് കഴിയുന്നതിനാല്‍ അവര്‍ക്ക് കേന്ദ്രക്കമ്മിറ്റി അംഗത്വം നഷ്ടമാവും. കഴിഞ്ഞ സമ്മേളനത്തില്‍ 75 വയസ് കഴിഞ്ഞ 13 പേരെ സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. അതുകൊണ്ട് തന്നെ ബാലനും ശ്രീമതിയ്ക്കും സംസ്ഥാന സമിതിയില്‍ നിന്നും മാറേണ്ടി വന്നേക്കും.