- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആത്മകഥ എഴുതി പൂര്‍ത്തിയായിട്ടില്ല; എഴുതാന്‍ പാര്‍ട്ടിയുടെ അനുമതി ആവശ്യമില്ല; പ്രസിദ്ധീകരിക്കും മുമ്പ് അനുവാദം വാങ്ങും; തിരഞ്ഞെടുപ്പ് ദിനം വിവാദമുണ്ടായത് ആസൂത്രിതമെന്ന് ആവര്‍ത്തിച്ച് ഇ പി ജയരാജന്‍
ആത്മകഥ എഴുതുന്നതിന് പാര്‍ട്ടിയുടെ അനുമതി ആവശ്യമില്ല
പാലക്കാട്: വോട്ടെടുപ്പ് ദിനത്തില്‍ ഇടതുമുന്നണിയെ വെട്ടിലാക്കി ആത്മകഥാ പരാമര്‍ശം പുറത്തുവന്നത് ആസൂത്രിതമെന്ന് ആവര്‍ത്തിച്ച് സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഇ.പി. ജയരാജന്‍. ആത്മകഥ എഴുതുന്നതിന് പാര്‍ട്ടിയുടെ അനുമതി ആവശ്യമില്ല. പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് പാര്‍ട്ടിയുടെ അനുവാദം വാങ്ങുമെന്നും വാര്‍ത്താ സമ്മേളനത്തില്‍ ഇ.പി ജയരാജന്‍ വ്യക്തമാക്കി.
ഡി.സി. ബുക്‌സുമായി യാതൊരു കരാറുമില്ല. ഇതുവരെ എഴുതിയതില്‍ തെറ്റു തിരുത്താന്‍ പോലും ഇതുവരെ സാധിച്ചിട്ടില്ല. മാധ്യമങ്ങള്‍ വഴിയാണ് ഇത് അറിയുന്നത്. അപ്പോള്‍ തന്നെ ഡി.സി. ബുക്‌സുമായി ബന്ധപ്പെട്ടിരുന്നു. എങ്ങിനെയാണ് ഇത് സംഭവിച്ചത് എന്ന് അവരോട് ചോദിച്ചിരുന്നു. എന്നാല്‍, അവര്‍ കൃത്യമായി മറുപടി തന്നിട്ടില്ലെന്നും ജയരാജന്‍ പറഞ്ഞു.
ആത്മകഥ ഇപ്പോള്‍ എഴുതുകയാണ്. അത് പൂര്‍ത്തിയായിട്ടില്ല. ആര്‍ക്കും പ്രസാധന ചുമതല നല്‍കിയിട്ടില്ല. ഡി.സി. ബുക്‌സും മാതൃഭൂമിയും സമീപിച്ചിരുന്നു. ഒരാള്‍ക്കും കരാര്‍ നല്‍കിയിട്ടില്ല. സ്വന്തമായാണ് ആത്മകഥ എഴുതുന്നത്. ആരെയും ഏല്‍പ്പിക്കുന്നില്ല. ഭാഷാശുദ്ധി വരുത്താന്‍ വേണ്ടി മാത്രം ഒരാളെ ഏല്‍പ്പിച്ചിട്ടുണ്ട്. പുസ്തകം പ്രസിദ്ധീകരിക്കാന്‍ തനിക്ക് മാത്രമാണ് അധികാരം. ആര്‍ക്കും ചുമതല നല്‍കിയിട്ടില്ല. കവര്‍ പേജ് പോലും ഇന്നലെയാണ് കാണുന്നത്. പുസ്തകം അധികം താമസിയാതെ പുറത്തിറക്കും. അപ്പോള്‍ കാര്യങ്ങള്‍ മനസ്സിലാക്കും. തിരഞ്ഞെടുപ്പ് ദിനം ഇത്തരമൊരു വിവാദമുണ്ടായത് ആസൂത്രിതമാണ്.
ഭാഷാശുദ്ധി നോക്കാന്‍ നല്‍കിയ ആളുടെ അടുത്തും ഇക്കാര്യം പരിശോധിക്കാന്‍ പറഞ്ഞിട്ടുണ്ട്. നിങ്ങളുടെ കൈയ്യില്‍ നിന്ന് ചോര്‍ന്നിട്ടുണ്ടോ ഏതെങ്കിലും ഭാഗമെന്ന് നോക്കാന്‍ പറഞ്ഞിട്ടുണ്ട്. വിശ്വസിക്കാന്‍ പറ്റുന്ന ഒരു പത്രപ്രവര്‍ത്തകനെയാണ് ഇക്കാര്യം ഏല്‍പ്പിച്ചിട്ടുള്ളത്. അദ്ദേഹത്തിന് എഴുതിക്കൊടുത്ത് തയ്യാറാക്കിയതില്‍നിന്ന് മോഷണം പോയോ എന്ന് പരിശോധിക്കാന്‍ പറഞ്ഞു. ഇത് ഏങ്ങോട്ടെങ്കിലും നഷ്ടപ്പെട്ടിട്ടുണ്ടോ എന്നും പരിശോധിക്കാന്‍ അദ്ദേഹത്തിന് നിര്‍ദേശം നല്‍കിയതായും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.
ഡി.ജി.പിക്ക് പരാതി സമര്‍പ്പിച്ചിട്ടുണ്ട്. മാധ്യമങ്ങളില്‍ വന്നിട്ടുള്ള ഒരു കാര്യവും താന്‍ എഴുതിയതല്ല. ടൈംസ് ഓഫ് ഇന്ത്യയുടെ ആദ്യ പേജില്‍ ഇത് വരണമെങ്കില്‍ നിസ്സാരമായ കാര്യമായി കാണുന്നില്ല. തിരഞ്ഞെടുപ്പ് ദിവസം ഇത്തരമൊരു സംഭവം ഉണ്ടായത് ആസൂത്രിതമായാണ്. പാലക്കാട്ടും ചേലക്കരയിലും ഇടതുപക്ഷം മുന്നേറുകയാണ്. ഈ രാഷ്ട്രീയസാഹചര്യം ഉയര്‍ന്നുവരുമ്പോള്‍ അത് ഇല്ലാതാക്കാന്‍ വേണ്ടി നടത്തിയതാണ്. കഴിഞ്ഞ തവണ ജാവഡേക്കറുമായുള്ള കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട വാര്‍ത്ത തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പുറത്തുവിട്ടതും ആസൂത്രിതമായിരുന്നു.
വാര്‍ത്താസമ്മേളനത്തില്‍നിന്നുള്ള പ്രസക്ത ഭാഗങ്ങള്‍:
''പി. സരിന്‍ പാലക്കാട്ടെ ജനങ്ങള്‍ക്കു ലഭിച്ച ഉത്തമനായ സ്ഥാനാര്‍ഥിയാണ്. ജനസേവനത്തിനായി ജോലി വരെ ഉപേക്ഷിച്ചു. പഠിക്കുന്ന കാലത്തേ മിടുക്കനായിരുന്നു. സിവില്‍ സര്‍വീസില്‍ ഉയര്‍ന്ന തസ്തികയില്‍ ഉയര്‍ന്ന ശമ്പളം വാങ്ങി. അദ്ദേഹത്തിന്റെ മനസ്സ് എപ്പോഴും തൊഴിലാളികള്‍ക്ക് ഒപ്പമായിരുന്നു. വിശ്വസിച്ച രാഷ്ട്രീയത്തില്‍ സരിന് സത്യസന്ധതയും നീതിയും ലഭിച്ചില്ല. പാലക്കാടിന്റെ വികസനമുരടിപ്പ് മാറ്റാന്‍ സരിനു കഴിയും. സരിന്റെ വിജയമാണ് ഇവിടുത്തെ ചെറുപ്പക്കാരും സ്ത്രീകളും ആഗ്രഹിക്കുന്നത്. വയ്യാവേലിയല്ല. സരിന്‍ നല്ല സ്വതന്ത്രന്‍'' സരിനെ പുകഴ്ത്തി ഇ.പി. ജയരാജന്‍ വ്യക്തമാക്കി.
ആത്മകഥ വൈകാതെ പുറത്തിറങ്ങുമെന്ന് ജയരാജന്‍ ആവര്‍ത്തിക്കുകയും ചെയ്തു. ''ഞാന്‍ ഇപ്പോഴും ആത്മകഥ എഴുതിക്കൊണ്ടിരിക്കുകയാണ്. ഞാന്‍ എഴുതിയ ആത്മകഥ അധികം വൈകാതെ പുറത്തിറക്കും. എഴുതിക്കഴിഞ്ഞ ഭാഗം വാചകശുദ്ധി വരുത്താന്‍ ഒരാളെ ഏല്‍പ്പിച്ചിട്ടുണ്ട്. എന്റെ ആത്മകഥയെന്നു പറഞ്ഞ് പ്രസിദ്ധീകരിക്കാന്‍ ഡി.സിക്ക് എന്ത് അവകാശം പ്രസിദ്ധീകരിക്കാന്‍ ആര്‍ക്കും അനുമതി നല്‍കിയിട്ടില്ല. തിരുത്താന്‍ ഏല്‍പ്പിച്ച ആളോടു മോഷണമോ മറ്റോ പോയോ എന്നു നോക്കാന്‍ പറഞ്ഞിട്ടുണ്ട്. ആത്മകഥ ചോര്‍ന്നോയെന്നു പരിശോധിക്കും. ഞാന്‍ എഴുതിയതല്ല പുറത്തുവന്നത്. തിരഞ്ഞെടുപ്പു ദിവസം പുറത്തുവന്നത് ആസൂത്രിതം. നിയമനടപടി സ്വീകരിക്കും. ശക്തമായ അന്വേഷണം വേണം. യഥാര്‍ഥ ആത്മകഥ ഉടന്‍ പ്രസിദ്ധീകരിക്കും. ആത്മകഥ എഴുതി പൂര്‍ത്തിയായിട്ടില്ല'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.