കൊച്ചി: ഫേസ് ബുക്കിലൂടെ പ്രമുഖര്‍ക്കെതിരെ തുടര്‍ച്ചയായി അശ്ലീലവും അധിക്ഷേപവും ചൊരിയുന്ന നടന്‍ വിനായകനെതിരെ കോണ്‍ഗ്രസ് നേതാവ് മുഹമ്മദ് ഷിയാസ്. വിനായകന്‍ ഒരു പൊതുശല്യം, കലാകാരന്‍മാര്‍ക്ക് അപമാനമായി ഈ വൃത്തിക്കെട്ടവന്‍ മാറുകയാണെന്നും എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ആരോപിച്ചു. ഇയാളെ സര്‍ക്കാര്‍ പിടിച്ചുക്കെട്ടികൊണ്ട് പോയി ചികിത്സ നല്‍കണം. എല്ലാ കലാകാരന്മാര്‍ക്കും നടന്‍ അപമാനമാണെന്നും എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു. ലഹരി വ്യാപനത്തിനെതിരെ നാളെ നടക്കുന്ന വാക്കത്തോണ്‍ സംബന്ധിച്ച കാര്യത്തിനായി വിളിച്ചുചേര്‍ത്ത വാര്‍ത്ത സമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്.

നടന്‍ വിനായകന്‍ ഒരു പൊതുശല്യം ആണ്. വിനായകനെ സര്‍ക്കാര്‍ പിടിച്ച് കൊണ്ടുപോയി ചികിത്സിക്കണം. എല്ലാ കലാകാരന്മാര്‍ക്കും അപമാനമായി മാറിയിരിക്കുകയാണ് ഈ നടന്‍. എല്ലാത്തിനും പിന്നില്‍ ലഹരിയാണ്. വേടന്‍ ലഹരിക്കേസില്‍ ഉള്‍പ്പെട്ടപ്പോള്‍ തെറ്റ് ഏറ്റു പറഞ്ഞു. സിനിമ മേഖലയില്‍ എത്ര ആളുകള്‍ അതിന് തയ്യാറാക്കുന്നുണ്ട്. വിനായകന്‍ എന്ന പൊതുശല്യത്തെ സര്‍ക്കാര്‍ ചികിത്സ നല്‍കണം, അല്ലെങ്കില്‍ പൊതുജനം തെരുവില്‍ കൈകാര്യം ചെയ്യുമെന്നും ഷിയാസ് വ്യക്തമാക്കി. എല്ലാവരെയും തെറി പറഞ്ഞിട്ട് സോറി പറഞ്ഞിട്ട് കാര്യമുണ്ടോയെന്നും ഷിയാസ് ചോദിച്ചു.

കഴിഞ്ഞ ദിവസമാണ് അടൂര്‍ ഗോപാലകൃഷ്ണനെതിരെയും ഗായകന്‍ യേശുദാസിനെതിരെയും വിനായകന്‍ അശ്ലീല പോസ്റ്റ് ഇട്ടത്. ഇന്ന് എല്ലാത്തിനും ക്ഷമ ചോദിച്ച് മറ്റൊരു പോസ്റ്റിട്ടെങ്കിലും പിന്നാലെ മാധ്യമപ്രവര്‍കയെ അധിക്ഷേപിച്ച് വീണ്ടും ഫേസ്ബുക്കിലെഴുതി. വിനായകനെതിരെ യൂത്ത് കോണ്‍ഗ്രസ് നേതാവ് എന്‍എസ് നുസൂര്‍ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു.

ഗായകന്‍ യേശുദാസിനും സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനുമെതിരായ ഫേസ്ബുക്ക് പോസ്റ്റില്‍ നടന്‍ വിനായകനെതിരെ കോണ്‍ഗ്രസ് നേതാവ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. കോണ്‍ഗ്രസ് നേതാവ് എന്‍ എസ് നുസൂറാണ് ഡിജിപിക്ക് പരാതി നല്‍കിയത്. വിനായകനെതിരെ നടപടി വേണമെന്നാണ് കോണ്‍ഗ്രസ് നേതാവ് ആവശ്യപ്പെട്ടിരിക്കുന്നത്. പ്രമുഖര്‍ക്കെതിരെ അവഹേളനം നടത്തുന്നത് വിനായകന് ഹരമാണെന്ന് പരാതിയില്‍ പറയുന്നു.

നിരവധി കേസുകളില്‍ പ്രതിയായ വിനായകനെതിരെ വിഷയത്തില്‍ ശക്തമായ നടപടി സ്വീകരിക്കണം. വിനായകന്റെ മാനസികനില പരിശോധിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും പരാതിയില്‍ പറയുന്നു. യേശുദാസിനും അടൂരിനുമെതിരായ പോസ്റ്റ് വിനായകന്‍ പിന്‍വലിച്ചിരുന്നു.

ഇന്നലെയായിരുന്നു യേശുദാസിനേയും അടൂരിനേയും അധിക്ഷേപിച്ച് വിനായകന്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. സിനിമാ കോണ്‍ക്ലേവില്‍ ദളിത് വിഭാഗങ്ങള്‍ക്കും സ്ത്രീകള്‍ക്കുമെതിരെ അടൂര്‍ ഗോപാലകൃഷ്ണന്‍ നടത്തിയ പരാമര്‍ശം വിവാദമായ പശ്ചാത്തലത്തിലായിരുന്നു വിനായകന്റെ പ്രതികരണം.