- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കുത്തക മുതലാളിയായ അദാനിക്കായി വിഴിഞ്ഞത്ത് മത്സ്യ തൊഴിലാളികളെ തള്ളിപ്പറയും; അംബാനിക്കായി കേരളത്തിൽ പരവതാനി വിരിക്കാം; അമേരിക്കയിൽ പോയി ചികിത്സ തേടാം; എന്നാൽ, കെ കെ ശൈലജ മാഗ്സാസെ പുരസ്ക്കാരം സ്വീകരിക്കരുത്; ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് സ്വീകാര്യമായ പുരസ്ക്കാരത്തിൽ സിപിഎമ്മിന് ഇരട്ടത്താപ്പ്; പ്രശ്നം പിണറായിയുടെ ഈഗോ തന്നെ!
തിരുവനന്തപുരം: സിപിഎമ്മിൽ പിണറായി വിജയൻ എന്ന വന്മരത്തിന് മുകളിൽ ആരു വളർന്നാലും അവരെ വെട്ടിമാറ്റും. കുറച്ചുകാലമായി ഇതാണ് കേഡർ പാർട്ടിയിലെ അവസ്ഥ. കെ കെ ശൈലജയുടെ കൂടി വ്യക്തിപ്രഭാവത്താലാണ് രണ്ടാം പിണറായി സർക്കാർ രൂപം കൊണ്ടത്. എന്നാൽ, ശൈലജക്ക് മുഖ്യമന്ത്രിയേക്കാൾ പിന്തുണ ലഭിച്ചത് ആർക്കും സുഖിച്ചില്ല. പിണറായി വിജയനുണ്ടായ ഈഗോയാണ് അവരെ രണ്ടാമത് മന്ത്രിയാക്കാതിരുന്നതിന് പിന്നിലും. കേരളം ആഗ്രഹിച്ചത് ശൈലജ മന്ത്രിയാകണമെന്നായിരുന്നു. എന്നാൽ, അതിന് പാർട്ടി അവസരം കൊടുത്തില്ല. പുതുമുഖങ്ങൾക്ക് അവസരം നൽകിയപ്പോൾ സംഭവിച്ചതാകട്ടെ മന്ത്രിസഭ ഒരു ദുരന്തമായി മാറുക എന്നതായിരുന്നു.
ഏറ്റവും ഒടുവിൽ ശൈലജക്ക് മാഗ്സസെ പുരസ്കാരം വിലക്കിയുള്ള സിപിഎം നടപടിയും വിമർശിക്കപ്പെടുന്നത് പിണറായിയുടെ ഈഗോയുടെ പേരിലാണ്. പാർട്ടി നൽകിയ വിശദീകരണം അണികൾക്ക് തീരെ ദഹിക്കുകന്നത് ആയിരുന്നില്ല. പുരസ്കാര സ്വീകരിക്കാൻ അനുവദിക്കാത്തത് പാർട്ടിക്കുള്ളിൽ നീറിക്കത്തുന്നുമുണ്ട്. പുറത്തു വിവാദത്തിൽ കക്ഷിചേരാൻ നേതാക്കൾ ആരും തയാറായില്ല.
ജനറൽ സെക്രട്ടറിയും സംസ്ഥാന സെക്രട്ടറിയും ശൈലജയും വിശദീകരിച്ചതോടെ ആ അധ്യായം അടഞ്ഞെന്നാണു പാർട്ടി നിലപാട്. എന്നാൽ, തീരുമാനം ശരിയോ തെറ്റോ എന്നതു സംബന്ധിച്ചു ഭിന്നാഭിപ്രായങ്ങൾ നേതൃതലത്തിൽ ഉണ്ട്. ശൈലജയ്ക്കു 2021 ൽ സെൻട്രൽ യൂറോപ്യൻ യൂണിവേഴ്സിറ്റിയുടെ പുരസ്കാരം ലഭിച്ചിരുന്നു. കോവിഡിനെ നിയന്ത്രിക്കുന്നതിൽ മന്ത്രി എന്ന നിലയിൽ കാണിച്ച നേതൃമികവായിരുന്നു അതിനും ആധാരം.
മധ്യ യൂറോപ്പിൽ കമ്യൂണിസം തകർക്കാൻ പ്രവർത്തിച്ച ഒരാളെന്നു വിലയിരുത്തപ്പെടുന്ന ജോർജ് സോറോസാണ് ഈ സർവകലാശാല സ്ഥാപിച്ചത്. റമോൺ മാഗ്സസെ കമ്യൂണിസ്റ്റ് വിരുദ്ധനായിരുന്നു എന്ന ന്യായം ഇപ്പോൾ പറയുന്ന പാർട്ടി ആ പുരസ്കാരം വിലക്കിയില്ല. ഇതു കൂടാതെ മുതലാളിത്ത ശക്തികളുമായി അടുത്ത ബന്ധമാണ് ഇപ്പോൾ സിപിഎം സ്വീകരിക്കുന്നത്. അദാനിക്ക് വേണ്ട് മത്സ്യത്തൊഴിലാളികളെ മറന്നു കൊണ്ടാണ് പ്രവർത്തനം. അംബാനിയുമായി അടുത്ത ചങ്ങാത്തമാണ് താനും. ഇതെല്ലാം മറന്നു കൊണ്ടാണ് ഇപ്പോൾ സിപിഎം ഒരു പുരസ്ക്കാരത്തിന്റെ പേരിൽ ശൈലജയെ തള്ളിപ്പറഞ്ഞത്. മറിച്ച് പിണറായി വിജയനെയാണ് ഈ പുരസ്ക്കാരത്തിന് പരിഗണിച്ചിരുന്നത് എങ്കിൽ എന്താകും പ്രചരണം എന്ന ചോദ്യവും ഉയരുന്നുണ്ട്. ഇപ്പോൾ ന്യായീകരണ ക്യാപ്സ്യൂളുമായി എത്തിയവർ പുതിയ ബീജിയം ഇട്ട് ആഘോഷിച്ചേനെ എന്നാണ് മറുപക്ഷം പറയുന്നത്.
കോവിഡ് പ്രതിരോധത്തിൽ കേരളത്തിന്റെ കീർത്തി ലോകമെങ്ങും പടരുന്നതായി പാർട്ടിയും ഇടതുപക്ഷവും അവകാശപ്പെട്ട കാലത്തും അതിന്റെ പ്രചാരകർ കമ്യൂണിസ്റ്റ് പാർട്ടിയെ പിന്തുണയ്ക്കുന്നവരാണോ എന്നതു പരിശോധിച്ചിട്ടില്ല. 'വോഗ്' മാസികയുടെ കവറിൽ ശൈലജ പ്രത്യക്ഷപ്പെട്ടതു പാർട്ടിക്കാരാണ് ഏറെ ആഘോഷിച്ചത്.
സജീവ രാഷ്ട്രീയ പ്രവർത്തകർക്ക് ഇതുവരെ മാഗ്സസെ പുരസ്കാരം നൽകിയിട്ടില്ല എന്ന സിപിഎമ്മിന്റെ വാദത്തെയും പലരും ഖണ്ഡിക്കുന്നു. 1965 ൽ ഇതേ പുരസ്കാരം ലഭിക്കുമ്പോൾ ജയപ്രകാശ് നാരായൺ രാഷ്ട്രീയത്തിൽ സജീവമായിരുന്നു. മാഗ്സസെക്കെതിരെ സിപിഎം ഈ നിലപാട് എടുക്കുമ്പോൾ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിക്ക് ആ സമീപനമല്ല ഉള്ളതെന്നതും കൗതുകകരമാണ്. ചൈനീസ് സർക്കാരിലെ മുൻ ഉന്നതോദ്യോഗസ്ഥനും പരിസ്ഥിതി പ്രചാരകനും നിലവിൽ എത്നിക് അഫയേഴ്സ് കമ്മിഷൻ സഹമന്ത്രിയുമായ പാൻ യുവേ 2010 ൽ ഇതേ മാഗ്സസെ പുരസ്കാരം സ്വീകരിച്ചു. ശൈലജയെപ്പോലെ തന്നെ അദ്ദേഹവും പാർട്ടി കേന്ദ്ര കമ്മിറ്റി അംഗമാണ്.
പുരസ്കാരം സംബന്ധിച്ച തീരുമാനം എടുത്തതു പാർട്ടിയുടെ കേന്ദ്ര നേതൃത്വമാണ് എന്നാണു സംസ്ഥാന നേതാക്കൾ വിശദീകരിക്കുന്നത്. എന്നാൽ, ശൈലജ വ്യക്തിപരമായി ഈ പുരസ്കാരം ഏറ്റുവാങ്ങുന്നതിനോടു സംസ്ഥാന നേതൃത്വത്തിന് ഉണ്ടായ വിയോജിപ്പാണു നിർണായകമായത്. പല ഘട്ടങ്ങളിലെ പരിശോധന കഴിഞ്ഞെത്തിയ പുരസ്കാരം വാങ്ങാൻ കഴിയുമെന്നാണു ശൈലജ കരുതിയത് എന്നാണ് വിവരം.
പാർട്ടിയുടെ അനുമതി ഔപചാരികം മാത്രമായി കരുതി ചോദിച്ച അവർക്കു തെറ്റി. ഒന്നാം പിണറായി സർക്കാരിന്റെ നേട്ടം ഇപ്പോൾ മുന്മന്ത്രി മാത്രമായ നേതാവിനു ചാർത്തിക്കൊടുക്കേണ്ട എന്നായിരുന്നു സിപിഎമ്മിനെ നിയന്ത്രിക്കുന്നവരുടെ തീരുമാനം. അതേസമയം മഗ്സസെ അവാർഡ് നിരസിച്ചതുമായി ബന്ധപ്പെട്ട് പറയാനുള്ളതു പറഞ്ഞു കഴിഞ്ഞതാണെന്നും കൂടുതലായി ഒന്നും പറയാനില്ലെന്നും കെ.കെ.ശൈലജ വ്യക്തമാക്കി. അവാർഡ് നിരസിക്കാനുള്ള തീരുമാനം പാർട്ടിയുമായി ആലോചിച്ച് എടുത്തതാണ്. എന്തുകൊണ്ടാണ് നിരസിച്ചതെന്ന് കഴിഞ്ഞദിവസം സിപിഎം ജനറൽ സെക്രട്ടറിയും സംസ്ഥാന സെക്രട്ടറിയും താനും വ്യക്തമാക്കിയിട്ടുണ്ടെന്നും ശൈലജ തലശ്ശേരിയിൽ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ