കണ്ണൂർ: കെപിസിസി അധ്യക്ഷൻ കെ സുധാകരനെതിരെ കണ്ണൂർ ഡി.സി.സി ഓഫിസ് പരിസരത്ത് യൂത്ത് കോൺഗ്രസിന്റെ പേരിൽ സ്ഥാപിച്ച ഫ്ളക്സ് ബോർഡിനെതിരെ യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡന്റ് സുദീപ് ജെയിംസ് കണ്ണൂർ ടൗൺ പൊലിസിൽ പരാതി നൽകി. പ്രദേശത്തെ സി.സി.ടി.വി ക്യാമകൾ പരിശോധിക്കണമെന്നും തങ്ങളെ രാഷ്ട്രീയപരമായി അപകീർത്തിപ്പെടുത്തിയവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും സുധീപ് ജയിംസ് പൊലിസിന് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു.

കെപിസിസി അധ്യക്ഷൻ കെ.സുധാകരനെതിരെ കണ്ണൂർ നഗരത്തിൽ വ്യാഴാഴ്‌ച്ച രാവിലെയാണ് കണ്ണൂർ നഗരത്തിൽ ഫ്ളക്സ്ബോർഡ്-പോസ്റ്റർ എന്നിവ പ്രത്യക്ഷപ്പെട്ടത്. ആർ. എസ്. എസ് അനുകൂലപ്രസ്താവന നടത്തിയെന്ന് ആരോപിച്ചു യൂത്ത് കോൺഗ്രസിന്റെ പേരിലാണ് കെ.സുധാകരനെതിരെ കണ്ണൂർ ഡി.സി.സി ഓഫിസ് റോഡിൽ ഫ്ളക്സ്, പോസ്റ്റർ പ്രചരണം നടന്നത്.

കണ്ണൂർ തളാപ്പ് റോഡിലാണ് വിവിധയിടങ്ങളിൽയൂത്ത് കോൺഗ്രസിന്റെ പേരിൽ സുധാകരനെ വിമർശിക്കുന്ന പോസ്റ്ററുകളും ബോർഡുകളും സ്ഥാപിച്ചത്. നെഹ്രുവിനെ തള്ളി പറഞ്ഞ് ആർ. എസ്. എസിനെ ന്യായീകരിക്കുന്ന സുധാകരൻ കോൺഗ്രസിന്റെ അന്തകൻ, കോൺഗ്രസിനെ ആർ. എസ്. എസിൽ ലയിപ്പിക്കാനുള്ള നീക്കം പരാജയപ്പെടുത്തുക തുടങ്ങിയ മുദ്രാവാക്യങ്ങളാണ് പോസ്റ്ററുകളിലുള്ളത്. ഗാന്ധി ഘാതകരെ സംരക്ഷിച്ച കെ. സുധാകരൻ, കോൺഗ്രസിന്റെ ശാപം, ആർ. എസ്. എസ് ശാഖയ്ക്ക് കാവൽ നിന്ന പാരമ്പര്യം അപമാനകരം, തുടങ്ങിയ വിമർശനങ്ങളും പോസ്റ്ററിലുണ്ട്. മുൻഡി.സി.സി പ്രസിഡന്റായിരുന്ന പി. രാമകൃഷ്ണന്റെ സുധാകരനെതിരായ വിമർശനങ്ങൾ ശരിയായിരുന്നുവെന്നും ഡി.സി.സി ഓഫീസിനു മുൻപിലെ തളാപ്പ് റോഡിൽ സ്ഥാപിച്ച ഫ്ളക്സ് ബോർഡിൽ പറയുന്നു.

യൂത്ത് കോൺഗ്രസിന്റെ പേരിലാണ് പോസ്റ്ററുകളും ഫ്ളക്സ് ബോർഡും പ്രത്യക്ഷപ്പെട്ടത്. ദേഹാസ്യസ്ഥം കാരണം ചാല മിംമ്സ് ആശുപത്രിയിൽ ചികിത്സയിലാണ് കെ.സുധാകരൻ. ഇതുകാരണം കെപിസിസി രാഷ്്ട്രീയകാര്യസമിതിയോഗം മാറ്റിയിട്ടുണ്ട്.കെ.സുധാകരൻ നടത്തിയ വിവാദ പ്രസംഗത്തിനെതിരെ മുസ്ലിംലീഗ് നേതാക്കൾ രംഗത്തുവന്നിരുന്നുവെങ്കിലും നാവു പിഴയാണെന്ന് സുധാകരൻ ഖേദപ്രകടനം നടത്തിയതോടെ വിവാദം കെട്ടടങ്ങുകയായിരുന്നു.