ആലപ്പുഴ: സി.പി.എം വിട്ട് അമ്പലപ്പുഴയില്‍ സ്വതന്ത്രനായി അങ്കത്തിനിറങ്ങുന്ന ജി. സുധാകരന്റെ 'പിണറായി സ്തുതി' കോണ്‍ഗ്രസ് പാളയത്തില്‍ വന്‍ അസ്വസ്ഥതയുണ്ടാക്കുന്നു. 'പിണറായി മൂന്നാമതും മുഖ്യമന്ത്രിയായാല്‍ സന്തോഷം' എന്ന സുധാകരന്റെ പരാമര്‍ശമാണ് കോണ്‍ഗ്രസ് ജില്ലാ നേതൃത്വത്തെ ചൊടിപ്പിച്ചത്. ഈ നിലപാടുള്ള സുധാകരനെ എന്തിന് പിന്തുണയ്ക്കണമെന്ന ചോദ്യവുമായി നേതാക്കള്‍ കെ.പി.സി.സിയ്ക്കും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിനും പരാതി നല്‍കിക്കഴിഞ്ഞു. എന്നാല്‍, ഇതൊരു തന്ത്രപരമായ നീക്കമായി കണ്ട് വോട്ടുറപ്പിക്കാനാണ് ഹൈക്കമാന്‍ഡ് നല്‍കിയിരിക്കുന്ന രഹസ്യ നിര്‍ദ്ദേശം.

അമ്പലപ്പുഴയില്‍ കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കാന്‍ മോഹിച്ചിരുന്ന കെ.പി.സി.സി വൈസ് പ്രസിഡന്റ് എ.എ. ഷുക്കൂര്‍ കടുത്ത അമര്‍ഷത്തിലാണ്. സുധാകരനെ പിന്തുണയ്ക്കാന്‍ പാര്‍ട്ടി തീരുമാനിച്ചാല്‍ അത് മാനിക്കുമെങ്കിലും, തന്നെ വെട്ടാന്‍ ശ്രമിക്കുന്ന ചില നേതാക്കള്‍ക്കെതിരെ പൊട്ടിത്തെറിക്കുമെന്ന മുന്നറിയിപ്പ് അദ്ദേഹം നല്‍കി. ഷുക്കൂറിനെ അരൂരിലേക്കോ ആലപ്പുഴയിലേക്കോ മാറ്റാന്‍ ആലോചനയുണ്ടെങ്കിലും അരൂരില്‍ ഷാനിമോള്‍ ഉസ്മാന്റെ പേരിനാണ് മുന്‍തൂക്കം. ഇത് ജില്ലയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെ സങ്കീര്‍ണ്ണമായ പത്മവ്യൂഹത്തിലാക്കിയിരിക്കുകയാണ്. എം. ലിജുവിനെ തൃപ്പൂണിത്തുറയിലേക്കും ബാബു പ്രസാദിനെ കായംകുളത്തേക്കും മാറ്റാനും നീക്കമുണ്ട്.

ജി. സുധാകരന്‍ പാര്‍ട്ടി വിട്ടതോടെ അദ്ദേഹത്തിന്റെ ജന്മനാടായ ചാരുംമൂട്ടില്‍ സി.പി.എം പ്രകടനവുമായി തെരുവിലിറങ്ങി. സുധാകരന്റെ സഹോദരന്‍ രക്തസാക്ഷി ജി. ഭുവനേശ്വരന്റെ മണ്ഡപത്തിലേക്കായിരുന്നു 'വര്‍ഗ്ഗവഞ്ചനയ്ക്ക് മാപ്പില്ല' എന്ന മുദ്രാവാക്യമുയര്‍ത്തി പ്രവര്‍ത്തകര്‍ നീങ്ങിയത്. എന്നാല്‍ ഇതിനിടെ സുധാകരന്‍ അനുകൂലികള്‍ ചാരുംമൂട്ടില്‍ രഹസ്യയോഗം ചേര്‍ന്നത് സി.പി.എം നേതൃത്വത്തെ ഞെട്ടിച്ചിട്ടുണ്ട്. സുധാകരനെതിരെ പരസ്യമായി മുദ്രാവാക്യം വിളിച്ചതില്‍ അമര്‍ഷമുള്ള പ്രാദേശിക നേതാക്കള്‍ വരും ദിവസങ്ങളില്‍ സുധാകരനൊപ്പം പ്രചാരണത്തിനിറങ്ങാനാണ് സാധ്യത. എന്നാല്‍ ഇങ്ങനെയൊരു യോഗം നടന്നിട്ടില്ലെന്ന് ഏരിയ സെക്രട്ടറി ബി. ബിനു ആവര്‍ത്തിക്കുന്നു.

തനിക്കെതിരെ പ്രകടനം നടത്തുന്നവരോട് പതറാതെ ജി. സുധാകരന്‍ ആഞ്ഞടിച്ചു. 'ചുവന്ന കൊടി പിടിച്ചാല്‍ ആരും കമ്മ്യൂണിസ്റ്റാകില്ല, എച്ച്. സലാമിനെ കമ്മ്യൂണിസ്റ്റായി അംഗീകരിക്കില്ല' എന്നായിരുന്നു സുധാകരന്റെ മറുപടി. തന്നെ വേട്ടയാടുന്നത് മന്ത്രി സജി ചെറിയാനും ജില്ലാ സെക്രട്ടറി ആര്‍. നാസറുമാണെന്നും ഭുവനേശ്വരനെക്കുറിച്ച് സംസാരിക്കാന്‍ തനിക്ക് മാത്രമേ അര്‍ഹതയുള്ളൂവെന്നും അദ്ദേഹം തുറന്നടിച്ചു. ചെങ്ങന്നൂരില്‍ സി.പി.എം - ബി.ജെ.പി രഹസ്യ ധാരണയുണ്ടെന്ന ഗൗരവകരമായ വെളിപ്പെടുത്തലും സുധാകരന്‍ നടത്തി.

ആലപ്പുഴയില്‍ മതഭീകര സംഘടനകള്‍ വളരുന്നുവെന്ന സുധാകരന്റെ വെളിപ്പെടുത്തലില്‍ സമഗ്ര അന്വേഷണം വേണമെന്ന് ബി.ജെ.പി മേഖലാ പ്രസിഡന്റ് എന്‍. ഹരി ആവശ്യപ്പെട്ടു. രഞ്ജിത് ശ്രീനിവാസന്റെ കൊലപാതകം ഉള്‍പ്പെടെയുള്ള സംഭവങ്ങള്‍ ചൂണ്ടിക്കാട്ടി സുധാകരന്റെ മുന്നറിയിപ്പിനെ ബി.ജെ.പി സ്വാഗതം ചെയ്തു.