തിരുവനന്തപുരം: മുന്നണി മര്യാദ ലംഘിച്ചു മുന്നോക്ക ക്ഷേമ കോർപറേഷൻ ചെയർമാൻ സ്ഥാനം കേരളാ കോൺഗ്രസ് ബിയിൽ നിന്നും പിടിച്ചു വാങ്ങിയ സിപിഎം നടപടിക്കെതിരായ കെ ബി ഗണേശ് കുമാറിന്റെ പ്രതിഷേധം ഫലം കണ്ടു. മുന്നോക്ക ക്ഷേമ കോർപറേഷൻ ചെയർമാൻ സ്ഥാനം കേരളാ കോൺഗ്രസ് ബിക്ക് തിരികെ നൽകി സർക്കാറിന്റെ മലക്കം മറിച്ചിൽ. സിപിഎം നേതാവായ എം രാജഗോപാലൻ നായരെ നിയമിച്ച നടപടി മരവിപ്പിച്ചു. ഗണേശ് മുഖ്യമന്ത്രിയെ പ്രതിഷേധം അറിയിച്ചതോടെയാണ് സർക്കാർ തീരുമാനം പിൻവലിച്ചത്. സംഭവിച്ചത് പൊതുഭരണ വകുപ്പിന് സംഭവിച്ച സാങ്കേതിക പിഴവാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞതെന്ന് ഗണേശ് കുമാർ വ്യക്തമാക്കി.

മുഖ്യമന്ത്രിയുമായി താൻ സംസാരിച്ചിരുന്നു എന്നാണ് ഗണേശ് കുമാർ മാധ്യമങ്ങളോട് പറഞ്ഞു. എൻഎസ്എസ് ഇടപെടൽ കൂടി ഉണ്ടായതോടയാണ് സർക്കാർ തീരുമാനത്തിൽ നിന്നും മലക്കം മറിഞ്ഞത് എന്നാണ് പുറത്തുവന്ന സൂചനകൾ. നേരത്തെ എൽഡിഎഫ് കൺവീനർക്കും ഗണേശ് പരാതി നല്കിയിരുന്നു. ഇന്നലെ വൈകുന്നേരം പുറത്തിറങ്ങിയ ഉത്തരവാണ് ഒരു രാത്രികൊണ്ട് മലക്കം മറിഞ്ഞിരിക്കുന്നത്. ഈ തീരുമാനത്തിന് പിന്നിൽ രാഷ്ട്രീയ സാഹചര്യങ്ങളാണ് വിലയിരുത്തുന്നത്. വി പ്രേംജിത്ത് തന്നെ പുതിയ തീരുമാനത്തോടെ മുന്നോക്ക ക്ഷേമ കോർപറേഷൻ ചെയർമാൻ സ്ഥാനത്ത് തുടരുമെന്നാണ് അറിയുന്നത്.

സ്ഥാനം തിരികെ കിട്ടിയ സാഹചര്യത്തിൽ ഗണേശ് കുമാറും കൂടുതൽ പ്രതിഷേധങ്ങൾക്ക് നിൽക്കില്ല. തന്റെ പിതാവ് വഹിച്ച സ്ഥാനമായിരുന്നു അത്. പെട്ടന്ന് ഉത്തരവ് കണ്ടപ്പോഴാണ് താനും അതേക്കുറിച്ച് അറിഞ്ഞത്. മുഖ്യമന്ത്രിയെയും എം വി ഗോവിന്ദൻ മാസ്റ്ററെയും ഇ പി ജയരാജനെയും വിഷയം അറിയിച്ചു. സംഭവം ശ്രദ്ധയിൽ പെട്ടതോടെ നിയമന ഉത്തരവ് മരവിപ്പിക്കുകയായിരുന്നു എന്നാണ് ഗണേശ് കുമാർ വ്യക്തമാക്കിയത്. ബോർഡ് പുനഃസംഘടിപ്പിച്ചപ്പോൾ സംഭവിച്ച സാങ്കേതിക പിഴവാണ് എന്നാണ് ഗണേശ് വിശദീകരിച്ചത്.

അതേസമയം ആരാണ് രാജഗോപാലിൻ നായരെ നിയമിക്കാൻ തീരുമാനിച്ചത് എന്നതിൽ ഇപ്പോഴും ദുരൂഹത തുടരുകയാണ്. ഇക്കാര്യത്തിൽ അവ്യക്തതകൾ തുടരുകയാണ്. എം രാജഗോപാലൻ നായരെ ചെയർമാനാക്കിയാണ് ഭരണസമിതി സർക്കാർ പുനഃസംഘടിപ്പിച്ചത്.കേരള കോൺഗ്രസ് ബി സംസ്ഥാന ജനറൽ സെക്രട്ടറി ആണ് പ്രേംജിത്. ആർ.ബാലകൃഷ്ണ പിള്ളയുടെ മരണത്തെ തുടർന്നായിരുന്നു പാർട്ടി നോമിനിയായി പ്രേംജിത്തിനെ നിയമിച്ചത്.

പാർട്ടിയോട് ആലോചിക്കാതെ പ്രതിനിധിയെ മാറ്റിയതിൽ കേരള കോൺഗ്രസ് ബിക്ക് അതൃപ്തിയുണ്ട്. ഇചതുമുന്നണി കൺവീനർക്ക് കെബി ഗണേശ്‌കുമാർ കത്ത് നൽകിയിരുന്നു. മുന്നണി മര്യാദ പാലിക്കാതെയുള്ള തീരുമാനം പിൻവലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി ഇടപെട്ടത്.

കേരള കോൺഗ്രസ് ബിയുടെ ഏക എംഎൽഎ കെബി ഗണേശ് കുമാർ സംസ്ഥാന സർക്കാരിനെതിരെ നിരന്തരം വിമർശനങ്ങൾ ഉന്നയിക്കാറുണ്ട്. പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസിനെ പരസ്യമായി കെ ബി ഗണേശ് കുമാർ വിമർശിച്ചിരുന്നു. തന്നെ പോലെ സീനിയറായ ജനപ്രതിനിധികളുടെ ആവശ്യങ്ങൾ മന്ത്രി പരിഗണിക്കുന്നില്ലെന്നായിരുന്നു വിമർശനം. പത്തനാപുരം ബ്ലോക്കിൽ 100 മീറ്റർ റോഡ് പോലും ഈ വർഷം പി ഡബ്ല്യുഡി അനുവദിച്ചിട്ടില്ലെന്നും മുൻ മന്ത്രി ജി സുധാകരൻ സ്‌നേഹവും പരിഗണനയും നൽകിയിരുന്നെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഗണേശ് കുമാറിന്റെ വിമർശനം അതിരു കടന്ന പശ്ചാത്തലത്തിലാണ് പാർട്ടിയുടെ പ്രതിനിധിയെ മുന്നോക്ക സമുദായ വികസന കോർപറേഷൻ ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കിയതെന്ന വിലയിരുത്തലുണ്ട്. ഇടതു മുന്നണിയിൽ ഇടതു മുന്നണിയിൽ കൂടിയാലോചനകൾ ഇല്ലെന്ന് തുറന്നു പറഞ്ഞും നേരത്തെ ഗണേശ് വാർത്തകളിൽ നിറഞ്ഞിരുന്നു. കൂടാതെ വൈക്കം സത്യാഗ്രഹ ആഘോഷ വേദിയിൽ നിന്നും പിൻവാങ്ങാനുള്ള എൻഎസ്എസ് തീരുമാനത്തെയും അദ്ദേഹം പിന്തുണച്ചു. കൂടാതെ സർക്കാർ നയങ്ങളെയും അദ്ദേഹം ഇടക്കിടെ വിമർശിച്ചു രംഗത്തുവന്നിരുന്നു.

പിണറായി സർക്കാറിന്റെ കീഴിൽ കേരളം വളരെ വ്യവസായ സൗഹൃദമാണെന്ന പ്രചരണത്തിനിടെയാണ് ഗണേശ് വിമർശനവുമായി എത്തിയത്. കേരളത്തിൽ തൽക്കാലം ആരും ബിസിനസോ സംരഭങ്ങളോ തുടങ്ങരുതന്നും ഉള്ള പണം ബാങ്കുകളിൽ നിക്ഷേപിക്കലാണ് ബുദ്ധിയെന്നും ഇടതുപക്ഷ എംഎൽഎയും സിനിമ നടനുമായ കെ.ബി ഗണേശ് കുമാർ പറഞ്ഞിരുന്നു. പ്രവാസികൾ ഇപ്പോൾ നിൽക്കുന്നത് പൊന്മുട്ടയിടുന്ന താറാവുള്ള സ്ഥലത്താണെന്നും എന്നാൽ നാട്ടിലെത്തിയാൽ ചവിട്ടു കിട്ടുന്ന താറാവാകുമെന്നും കെ.ബി ഗണേശ് കുമാർ എംഎൽഎ. തൽക്കാലത്തേക്ക് ആരും കേരളത്തിൽ വ്യവസായമോ വ്യാപാരമോ നടത്താൻ ഒരുങ്ങരുതെന്നും അതിനേക്കാൾ നല്ലത് ആ പണം ബാങ്കിൽ നിക്ഷേപിക്കുന്നതാണെന്നും ഗണേശ് കുമാർ മുന്നറിയിപ്പ് നൽകി.

പ്രവാസ ജീവിതം കൊണ്ട് ഉണ്ടാകുന്ന പണം നാട്ടിൽ വന്ന് നിക്ഷേപിച്ചാൽ എന്താകും എന്ന കാര്യം നിങ്ങളോർക്കണം. നിങ്ങൾക്കിപ്പോ ഇവിടെ നല്ല ജോല്ലിയുണ്ട്, ബിസിനസുണ്ട്. അപ്പോൾ അതാണ് നല്ലത്. നമ്മുടെ നാട് ബിസിനസ് സൗഹൃദമായിട്ടില്ലെന്നും ഗണേശ് കുമാർ തുറന്നടിച്ചു. കേരളം വ്യവസായ സൗഹൃദ സംസ്ഥാനമാണ് എന്ന് സംസ്ഥാന സർക്കാരും ഇടതുമുന്നണിയും പ്രചരണം നടത്തുമ്പോൾ ആണ് അതിനെ തള്ളിയുള്ള ഗണേശ് കുമാറിന്റെ വാക്കുകൾ.