തിരുവനന്തപുരം: കേരളാ കോൺഗ്രസ് ബി കൈവശം വെച്ചിരുന്ന മുന്നോക്ക സമുദായ വികസന കോർപറേഷൻ ചെയർമാൻ സ്ഥാനം ചർച്ചകളില്ലാതെ പിടിച്ചുവാങ്ങിയ സിപിഎം നടപടിയിൽ കടുത്ത അമർഷത്തിൽ കെ ബി ഗണേശ് കുമാർ. മുന്നണി മര്യാദകളുടെ ലംഘനമാണ് ഉണ്ടായതെന്നാണ് കേരളാ കോൺഗ്രസ് ബി ഇതിനെ വിലയിരുത്തുന്നത്. കെ ബാലകൃഷ്ണ പിള്ളയായിരുന്നു നേരത്തെ മുന്നോക്ക സമുദായ വികസന കോർപറേഷൻ ചെയർമാൻ സ്ഥാനത്ത്. അദ്ദേഹം അന്തരിച്ചതോടെ കെ ജി പ്രേംജിത്തിനെ പാർട്ടി ഈ സ്ഥാനത്ത് നിയോഗക്കുകയായിരുന്നു.

ഇതിനിടെയാണ് ഗണേശിനെ വരുതിയിൽ നിർത്തുക എന്ന ലക്ഷ്യത്തോടു കൂടിയുള്ള ഇടതു നീക്കം നടക്കുന്നത്. തങ്ങളുമായി ചർച്ച ചെയ്യാതെ എടുത്ത തീരുമാനത്തിന് പിന്നിൽ താൻ ഉയർത്തിയ വിമർശനങ്ങളും കാരണമാണെന്ന് ഗണേശിന് ബോധ്യമുണ്ട്. എങ്കിലും പരമ്പരാഗത വഴിയിൽ തന്നെ വിഷയം കൈകാര്യം ചെയ്യാനാണ് ഗണേശ് ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമെന്ന നിലയിൽ ഇടതു മുന്നണി കൺവീനർക്ക് കെബി ഗണേശ് കുമാർ കത്തു നൽകി.

മുന്നണി മര്യാദക്ക് ചേരാത്ത നടപടി എന്ന് കത്തിൽ വിമർശനം ഉന്നയിച്ചിട്ടുണ്ട്. കേരള കോൺഗ്രസ് ബി പ്രതിനിധി കെ ജി പ്രേം ജിതിനെയാണ് മാറ്റിയത്.നടപടി പിൻവലിക്കണം എന്നും കത്തിൽ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. കേരള കോൺഗ്രസ് ബി സംസ്ഥാന ജനറൽ സെക്രട്ടറി ആണ് പ്രേംജിത്. ആർ. എം രാജഗോപാലൻ നായരെ ചെയർമാനാക്കിയാണ് ഭരണസമിതി സർക്കാർ പുനഃസംഘടിപ്പിച്ചത്.ബാലകൃഷ്ണ പിള്ളയുടെ മരണത്തെ തുടർന്നായിരുന്നു പാർട്ടി നോമിനിയായി പ്രേംജിത്തിനെ നിയമിച്ചത്.പാർട്ടിയോട് ആലോചിക്കാതെ പ്രതിനിധിയെ മാറ്റിയതിൽ കേരള കോൺഗ്രസ് ബി ക്ക് കടുത്ത അതൃപ്തിയുണ്ട്.

കേരള കോൺഗ്രസ് ബിയുടെ ഏക എംഎൽഎ കെബി ഗണേശ് കുമാർ സംസ്ഥാന സർക്കാരിനെതിരെ നിരന്തരം വിമർശനങ്ങൾ ഉന്നയിക്കാറുണ്ട്. പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസിനെ പരസ്യമായി കെ ബി ഗണേശ് കുമാർ വിമർശിച്ചിരുന്നു. തന്നെ പോലെ സീനിയറായ ജനപ്രതിനിധികളുടെ ആവശ്യങ്ങൾ മന്ത്രി പരിഗണിക്കുന്നില്ലെന്നായിരുന്നു വിമർശനം. പത്തനാപുരം ബ്ലോക്കിൽ 100 മീറ്റർ റോഡ് പോലും ഈ വർഷം പി ഡബ്ല്യുഡി അനുവദിച്ചിട്ടില്ലെന്നും മുൻ മന്ത്രി ജി സുധാകരൻ സ്‌നേഹവും പരിഗണനയും നൽകിയിരുന്നെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഗണേശ് കുമാറിന്റെ വിമർശനം അതിരു കടന്ന പശ്ചാത്തലത്തിലാണ് പാർട്ടിയുടെ പ്രതിനിധിയെ മുന്നോക്ക സമുദായ വികസന കോർപറേഷൻ ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കിയതെന്ന വിലയിരുത്തലുണ്ട്. ഇടതു മുന്നണിയിൽ ഇടതു മുന്നണിയിൽ കൂടിയാലോചനകൾ ഇല്ലെന്ന് തുറന്നു പറഞ്ഞും നേരത്തെ ഗണേശ് വാർത്തകളിൽ നിറഞ്ഞിരുന്നു. കൂടാതെ വൈക്കം സത്യാഗ്രഹ ആഘോഷ വേദിയിൽ നിന്നും പിൻവാങ്ങാനുള്ള എൻഎസ്എസ് തീരുമാനത്തെയും അദ്ദേഹം പിന്തുണച്ചു. കൂടാതെ സർക്കാർ നയങ്ങളെയും അദ്ദേഹം ഇടക്കിടെ വിമർശിച്ചു രംഗത്തുവന്നിരുന്നു.

പിണറായി സർക്കാറിന്റെ കീഴിൽ കേരളം വളരെ വ്യവസായ സൗഹൃദമാണെന്ന പ്രചരണത്തിനിടെയാണ് ഗണേശ് വിമർശനവുമായി എത്തിയത്. കേരളത്തിൽ തൽക്കാലം ആരും ബിസിനസോ സംരഭങ്ങളോ തുടങ്ങരുതന്നും ഉള്ള പണം ബാങ്കുകളിൽ നിക്ഷേപിക്കലാണ് ബുദ്ധിയെന്നും ഇടതുപക്ഷ എംഎൽഎയും സിനിമ നടനുമായ കെ.ബി ഗണേശ് കുമാർ പറഞ്ഞിരുന്നു. പ്രവാസികൾ ഇപ്പോൾ നിൽക്കുന്നത് പൊന്മുട്ടയിടുന്ന താറാവുള്ള സ്ഥലത്താണെന്നും എന്നാൽ നാട്ടിലെത്തിയാൽ ചവിട്ടു കിട്ടുന്ന താറാവാകുമെന്നും കെ.ബി ഗണേശ് കുമാർ എംഎൽഎ. തൽക്കാലത്തേക്ക് ആരും കേരളത്തിൽ വ്യവസായമോ വ്യാപാരമോ നടത്താൻ ഒരുങ്ങരുതെന്നും അതിനേക്കാൾ നല്ലത് ആ പണം ബാങ്കിൽ നിക്ഷേപിക്കുന്നതാണെന്നും ഗണേശ് കുമാർ മുന്നറിയിപ്പ് നൽകി.

പ്രവാസ ജീവിതം കൊണ്ട് ഉണ്ടാകുന്ന പണം നാട്ടിൽ വന്ന് നിക്ഷേപിച്ചാൽ എന്താകും എന്ന കാര്യം നിങ്ങളോർക്കണം. നിങ്ങൾക്കിപ്പോ ഇവിടെ നല്ല ജോല്ലിയുണ്ട്, ബിസിനസുണ്ട്. അപ്പോൾ അതാണ് നല്ലത്. നമ്മുടെ നാട് ബിസിനസ് സൗഹൃദമായിട്ടില്ലെന്നും ഗണേശ് കുമാർ തുറന്നടിച്ചു. കേരളം വ്യവസായ സൗഹൃദ സംസ്ഥാനമാണ് എന്ന് സംസ്ഥാന സർക്കാരും ഇടതുമുന്നണിയും പ്രചരണം നടത്തുമ്പോൾ ആണ് അതിനെ തള്ളിയുള്ള ഗണേശ് കുമാറിന്റെ വാക്കുകൾ.

രണ്ടാം പിണറായി സർക്കാർ രണ്ടരവർഷം പൂർത്തിയാക്കിയാൽ ഗണേശിനെ മന്ത്രിയായി പരിഗണിക്കാമെന്നായിരുന്നു നേരത്തെയുള്ള ധാരണ. എന്നാൽ മന്ത്രിസ്ഥാനം കിട്ടുമെന്ന് കരുതി സത്യം പറയാതിരിക്കാനാവില്ല എന്ന് ഗണേശ് നേരത്തെ പറഞ്ഞിരുന്നു. കുറച്ചുകാലം മുൻപ് കിഫ്ബിയെ നിയമസഭയിൽ വിമർശിച്ച ഗണേശ് സമീപകാലത്തുണ്ടായ പല വിവാദങ്ങളിലും സർക്കാരിനൊപ്പമല്ല നിന്നത്. ഏതാനും ദിവസം മുമ്പ് ആരോഗ്യവകുപ്പിനെതിരെ രൂക്ഷ വിമർശനവുമായി കെ.ബി. ഗണേശ് കുമാർ രംഗത്തുവന്നിരുന്നു.

എഐ ക്യാമറാ സംവിധാനത്തെയും തുറന്നെതിർത്തു കൊണ്ട് ഗണേശ്കുമാർ രംഗത്തു വന്നിരുന്നു. ജനകീയമല്ല ഈ തീരുമാനമെന്നതു കൊണ്ടാണ് ഗണേശ് കുമാർ വിമർശനം ഉന്നിയിച്ചത്. ഇപ്പോൾ വീണ്ടും തുറന്നു പറഞ്ഞ് രംഗത്തുവന്നിരിക്കയാണ് ഗണേശ്. പൊതുജനം കഴുതയല്ലെന്ന് മനസിലാക്കാൻ രാഷ്ട്രീയ പാർട്ടികൾക്ക് കഴിയണമെന്ന് കെ ബി ഗണേശ് കുമാർ എം എൽ എ തുറന്നടിക്കുകയുണ്ടായി.

അനീതിക്കെതിരെ പ്രതികരിക്കുന്നവരാകണം രാഷ്ട്രീയപ്രവർത്തകർ. അത് സർക്കാരിനെ നാറ്റിക്കലല്ല. അതിനർത്ഥം ജനങ്ങൾക്ക് വേണ്ടി സംസാരിക്കുന്നുവെന്നാണ്. എന്നെ നിയമസഭയിൽ പറഞ്ഞുവിട്ടത് ജനങ്ങളാണ്. അവരുടെ കാര്യം പറയേണ്ടത് സഭയിലാണ്. അതുകൊണ്ടാണ് അവിടെ പറയുന്നത്. മിണ്ടാതിരുന്നാൽ ഇയാളെ മന്ത്രിയാക്കും. അങ്ങനെയുള്ള യാതൊരു സ്ഥാനമാനങ്ങളും ആഗ്രഹമില്ല. മിണ്ടാതിരുന്നിട്ട് ഒരു സ്ഥാനമാനവും വേണ്ട.'- ഗണേശ് കുമാർ പറഞ്ഞിരുന്നു.

ഇപ്പോഴത്തെ നിലയിൽ ഇടതു മുന്നണിയിൽ ഗണേശ് കുമാർ തുടരുമോ എന്ന ചോദ്യങ്ങളും ഉയർന്നു കഴിഞ്ഞു. യുഡിഎഫിലെ നേതാക്കൾക്ക് ഗണേശിനെ തിരികെ കൊണ്ടുവരുന്നതിൽ താൽപ്പര്യമുള്ളഴവരുമുണ്ട്. എൻഎസ്എസ് ഡയറക്ടർ ബോർഡിൽ കൂടി അംഗമായ ഗണേശിനെ യുഡിഎഫ് പാളയത്തിൽ എത്തിക്കാൻ ആര് മുൻകൈയെടുക്കും എന്നാണ് അറിയേണ്ടത്. അതേസമയം മന്ത്രിസ്ഥാനത്തേക്ക് ഗണേശിനെ പരിഗണിച്ചേക്കില്ലെന്ന സൂചനകളും മുന്നോക്കക്ഷേമ കോർപറേഷൻ ചെയർമാൻ സ്ഥാനം എടുത്തുമാറ്റിയ തീരുമാനത്തിന് പിന്നിലുണ്ടെന്നാണ് സൂചനകൾ.