- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഭരണഘടനയുടെ ആർട്ടിക്കിൾ 360(1) പ്രകാരം സംസ്ഥാനത്ത് സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കുവാൻ രാഷ്ട്രപതിയോട് ശുപാർശ ചെയ്യാൻ രാജ്ഭവന് കഴിയുമെന്ന് വിലയിരുത്തൽ; മറുപടി നൽകാതെ ഗവർണ്ണറെ പ്രകോപിപ്പിക്കാൻ പിണറായി സർക്കാർ; ഇനി 'ധനസ്ഥിതി' വിവാദം
കൊച്ചി : സാമ്പത്തിക അടിയന്തരാവസ്ഥയുമായി ബന്ധപ്പെട്ട ചോദ്യത്തിന് സർക്കാർ ഗവർണ്ണർക്ക് വിശദീകരണം നൽകില്ല. ഗവർണർക്കു ലഭിക്കുന്ന പരാതികൾക്കെല്ലാം മറുപടി നൽകാൻ സർക്കാരിനു ബാധ്യതയില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ വിശദീകരിച്ചത് ഈ സാഹചര്യത്തിലാണ്. ഗവർണർക്കു ബോധ്യപ്പെട്ട ഏതെങ്കിലും കാര്യത്തിൽ വിശദീകരണം ആവശ്യപ്പെട്ടാൽ സർക്കാർ അതു നൽകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഗവർണ്ണറും സർക്കാരും തമ്മിൽ പലവിധ വിവാദങ്ങളുണ്ടായിട്ടുണ്ട്. ഇതിൽ പുതിയതാകും 'ധനസ്ഥിതി'യുമായി ബന്ധപ്പെട്ട കത്തും ചർച്ചയും.
കേരളത്തിൽ സാമ്പത്തിക അടിയന്തരാവസ്ഥ ഏർപ്പെടുത്തേണ്ട സാഹചര്യമുണ്ടെന്ന ആർ.എസ്. ശശികുമാറിന്റെ പരാതിയിൽ ഗവർണർ ചീഫ് സെക്രട്ടറിയോടു വിശദീകരണം ചോദിച്ചിരുന്നു. പഴയ കേസുകളുടെ ആളാണ് പരാതിക്കാരൻ. പരാതികൾ പലതും കിട്ടും. അതൊക്കെ സർക്കാരിനയച്ചു വിശദീകരണം ചോദിക്കുക ഗവർണർ ചെയ്യേണ്ട കാര്യമല്ല. ഇതിനു മുൻപും അങ്ങനെ ചെയ്തിട്ടുണ്ട്. അത് അഭികാമ്യമല്ലെന്നതാണ് മുഖ്യമന്ത്രിയുടെ നിലപാട്. മറുപടി നൽകേണ്ടതില്ലെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.
സാമ്പത്തിക അടിയന്തരാവസ്ഥയുടെ പേരിലുള്ള ഗവർണറുടെ ഭീഷണി തീക്കളിയാണെന്നും അതു കേരളത്തിൽ വിലപ്പോകില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വിഗോവിന്ദനും പ്രതികരിച്ചിട്ടുണ്ട്. 'കേരള ജനത ഒറ്റക്കെട്ടായി ആ നീക്കത്തെ ചെറുക്കും. സാമ്പത്തിക അടിയന്തരാവസ്ഥ രാഷ്ട്രപതി സ്വയം കാര്യങ്ങൾ വിലയിരുത്തി നടപ്പാക്കേണ്ടതാണ്. അതിന് ഗവർണറുടെ ശുപാർശ ആവശ്യമില്ലെന്നിരിക്കെ പുതിയൊരു അധികാരം സ്ഥാപിച്ചെടുക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്. അർഹമായ വിഹിതം തരാതെയും വായ്പയെടുക്കാൻ അനുവദിക്കാതെയും കേന്ദ്രം സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയാണ് ഇവിടുള്ളതെന്ന് സിപിഎം പറയുന്നു.
സംസ്ഥാനത്ത് സാമ്പത്തിക അടിയന്തരവസ്ഥ പ്രഖ്യാപിക്കാൻ രാഷ്ട്രപതിയോട് ശുപാർശ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ലഭിച്ച നിവേദനം ഗൗരവത്തോടെ എടുക്കാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്റെ ധനസ്ഥിതി അപകടകരമാംവിധം കൈവിട്ടുപോയ നിലയിലാണെന്നത് കണക്കിലെടുത്തും, ഇക്കാര്യം ശരിവച്ച് സംസ്ഥാന ചീഫ് സെക്രട്ടറി ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിന്റെയും, 2020-21 വർഷത്തെ സിഎജി ഓഡിറ്റ് റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിൽ നടപടി വേണമെന്നാണ് നിവേദനം.
സംസ്ഥാനസർക്കാരിന്റെ തകർന്നടിഞ്ഞ ധനസ്ഥിതിയുടെ ഗൗരവം ഉൾക്കൊണ്ട് അടിയന്തിര നടപടി ആവശ്യപെട്ടുള്ള നിവേദനം ഗവർണർക്ക് ലഭിക്കുന്നത് ഇത് ആദ്യമായാണ്. ഹൈക്കോടതി ഉത്തരവിന്റെയും ചീഫ് സെക്രട്ടറി കോടതിയിൽ സമർപ്പിച്ച സത്യവാഗ്മൂലത്തിന്റെയും പകർപ്പുകൾ കൂടി നിവേദനത്തോടൊപ്പം സമർപ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് അടിയന്തര റിപ്പോർട്ട് തേടുന്നത്. ഇതിനാണ് മറുപടി നൽകേണ്ടതില്ലെന്ന പൊതു ധാരണ സർക്കാരിലുണ്ടാകുന്നത്. മറുപടി നൽകുന്നത് കുരുക്കാകുമെന്നാണ് വിലയിരുത്തൽ.
സംസ്ഥാന താല്പര്യങ്ങളിലുപരി സ്വകാര്യ താൽപ്പര്യങ്ങളിൽ വ്യാപൃതരായിരിക്കുന്ന മന്ത്രിമാരുടെ പിടിപ്പുകേടുമൂലം ജനജീവിതം ദുസ്സഹമാവുമ്പോൾ ജീവിക്കുന്നതിന് വേണ്ടി ജനങ്ങളിൽ അക്രമവും കുറ്റവാസനയും ഏറാ നുള്ള സാധ്യത കണക്കിലെടുത്ത് ഭരണഘടനയുടെ ആർട്ടിക്കിൾ 360(1) പ്രകാരം സംസ്ഥാനത്ത് സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കുവാൻ രാഷ്ട്രപതിയോട് ശുപാർശ ചെയ്യണമെന്നാണ് ഗവർണർക്ക് സമർപ്പിച്ച നിവേദനത്തിൽ അഭ്യർത്ഥിച്ചിട്ടുള്ളത്.
സംസ്ഥാന സർക്കാരിന് അനുവദിച്ചിട്ടുള്ള വായ്പ പരിധി കവിഞ്ഞതായും, താഴെപ്പറയുന്ന സാമ്പത്തിക ബാധ്യതകൾ സർക്കാരിന് മുഖ്യമായി ഉള്ളതായും നിവേദനത്തിൽ പറയുന്നു. ഈ നിവേദനത്തിൽ ഗവർണർ നിയമോപദേശവും തേടും. അതിനൊപ്പം ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ടും പരിഗണിക്കും. നവകേരള സദസിന്റെ തിരക്കിലായതിനാൽ ഉടൻ റിപ്പോർട്ട് കൊടുക്കാനും സാധ്യതയില്ല. കാര്യ കാരണങ്ങൾ അക്കമിട്ട് നിരത്തിയാണ് നിവേദനം. കേരള സിവിൽ സപ്ലൈസ് കോർപ്പറേഷന് അത്യാവശ്യ സാധനങ്ങൾ നേരിട്ട് മേടിച്ചതിന്റെ പേരിൽ ആയിരം കോടി രൂപയുടെയും, ധാന്യങ്ങൾ സമാഹരിച്ച പേരിൽ 4000കോടി രൂപയുടെയും ബാധ്യതയുണ്ടെന്ന് നിവേദനത്തിൽ പറയുന്നു.
സർക്കാരിനുവേണ്ടി വിവിധ നിർമ്മാണ പ്രവർത്തനങ്ങൾ ഏറ്റെടുത്ത സർക്കാർ കോൺട്രാക്ടർമാർക്ക് 16,000 കോടി രൂപ കുടിശിക ഇനത്തിൽ നൽകാനുണ്ട്. യൂണിവേഴ്സിറ്റി കോളേജ് അദ്ധ്യാപകരുടെ 2018 മുതലുള്ള യുജിസി ശമ്പള കുടിശ്ശികയും ഡിഎയും ഇനത്തിൽ 1500 കോടി രൂപ നൽകാനുണ്ട്. വിവിധ ഇനം ക്ഷേമ പെൻഷനുകൾ മാസങ്ങളോളം കുടിശികയായത് വയോജനങ്ങളെ ദുരിതത്തിലാക്കി. ഇന്ധന സെസ് ഏർപ്പെടുത്തിയത് ഈ ആവശ്യത്തിനായിരുന്നു. സംസ്ഥാന സർക്കാർ ജീവനക്കാർക്ക് 2019 ലെ ശമ്പള പരിഷ്‌ക്കരണ കുടിശ്ശികയും ഡിഎ യുമടക്കം 24000 കോടി രൂപയുടെ കുടുശിക നൽകാനുണ്ട്.
കേരള സംസ്ഥാന റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ജീവനക്കാർക്ക് കൃത്യമായി ശമ്പളം നൽകാൻ കഴിയുന്നില്ല. റിട്ടയർ ചെയ്യുന്നവരുടെ പെൻഷൻ ആനുകൂല്യങ്ങൾ തടഞ്ഞു വച്ചിരിക്കുന്നു. ജീവനക്കാരുടെ പ്രതിമാസ പെൻഷൻ പോലും മാസങ്ങളായി നൽകുന്നില്ല. സർക്കാർ ഗ്യാരണ്ടിയുടെ അടിസ്ഥാനത്തിൽ കേരള ട്രാൻസ്പോർട്ട് ഡെവലപ്മെന്റ് ഫിനാൻസ് കോർപ്പറേഷൻ സമാഹ രിച്ച സ്ഥിര നിക്ഷേപങ്ങൾ കാലാവധി പൂർത്തിയായിട്ടും മടക്കി ലഭിക്കാത്തത് മൂലം നിക്ഷേപകർ കോടതിയെ സമീപിച്ചിരിക്കുകയാണ്.
പണം മടക്കി കൊടുക്കുവാൻ ഹൈക്കോടതി ഉത്തരവ് നൽകിയിട്ടും സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിനിധിയിലാ ണെന്നും കെഎസ്ആർടിസിക്ക് പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ നൽകാൻ സാധിക്കില്ലെന്നുമുള്ള വിവരം രേഖാമൂലം കോടതിയെ അറിയിക്കുകയായിരുന്നു. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി ഭീതിജനകമാണെന്നും ഭരണഘടന അനുശാസിക്കുന്ന പ്രകാരം സംസ്ഥാന ഭരണം നിർവഹിക്കുവാൻ കഴിയാത്ത നിസ്സഹായ സ്ഥയാണെന്നുമുള്ള ചീഫ് സെക്രട്ടറിയുടെ സത്യവാങ്മൂലം ഹൈ ക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ റെക്കോർഡ് ചെയ്തിരിക്കുകയാണെന്നും നിവേദനം വിശദീകരിക്കുന്നു.
മറുനാടന് മലയാളി ബ്യൂറോ