കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെയും സിപിഎമ്മിനെയും രൂക്ഷമായി വിമർശിച്ചും എസ്എഫ്‌ഐയെ പരിഹസിച്ചും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കടുത്ത പ്രതിഷേധങ്ങൾക്കിടെ കനത്ത സുരക്ഷാ വലയത്തിൽ കാലിക്കറ്റ് സർവകലാശാല ക്യാംപസിനുള്ളിൽ പ്രവേശിച്ചതിനു പിന്നാലെയാണ് ഗവർണറുടെ വിമർശനവും പരിഹാസവും. മുഖ്യമന്ത്രി വാടകയ്ക്കെടുത്ത ക്രിമിനലുകളാണ് പ്രതിഷേധിക്കുന്നതെന്ന് ഗവർണർ ആഞ്ഞടിച്ചു. മുഖ്യമന്ത്രി സ്‌പോൺസർ ചെയ്യുന്ന അതിക്രമമാണ് ക്യാംപസിനുള്ളിൽ അരങ്ങേറുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ശ്രദ്ധ തിരിക്കാനുള്ള മുഖ്യമന്ത്രിയുടെ ശ്രമമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ക്യാംപസിലെ എസ്എഫ്‌ഐ പ്രതിഷേധം കണ്ടില്ലെന്നും ഗവർണർ പരിഹസിച്ചു. കാറിനു സമീപത്തേക്കു വന്നാൽ പുറത്തിറങ്ങുമെന്നാണ് താൻ പറഞ്ഞത്. പ്രതിഷേധക്കാർ കാറിന് സമീപത്തേക്കു വന്നാൽ ഇനിയും പുറത്തിറങ്ങും. തന്റെ ഔദ്യോഗിക വാഹനത്തിൽ തട്ടാൻ ആരെയും അനുവദിക്കില്ലെന്നും ഗവർണർ വെല്ലുവിളിച്ചു. എസ്എഫ്‌ഐയുടെ പ്രതിഷേധം കണ്ട് ഭയക്കുന്നയാളല്ല താനെന്നും അദ്ദേഹം വ്യക്തമാക്കി.

ഡൽഹിയിൽ നിന്ന് വൈകിട്ട് ഏഴു മണിയോടെ കരിപ്പൂർ വിമാനത്താവളത്തിലെത്തിയ ഗവർണർ, 7.15 ഓടെയാണ് സർവകലാശാലയിലെത്തിയത്. സർവകലാശാലയുടെ ചാൻസലർ കൂടിയായ ഗവർണറെ അകത്തുകയറ്റില്ലെന്ന് വ്യക്തമാക്കി എസ്എഫ്‌ഐ പ്രവർത്തകർ സമരം തുടരുന്നതിനിടെയാണ് കനത്ത സുരക്ഷാ സംവിധാനങ്ങളോടെ ഗവർണർ അകത്തു പ്രവേശിച്ചത്. വൻ പൊലീസ് സന്നാഹത്തിൽ പ്രധാന കവാടത്തിലൂടെയാണ് ഗവർണർ അകത്തുകടന്നത്. ഇതിനെതിരെ എസ്എഫ്‌ഐ പ്രവർത്തർ സർവകലാശാലാ കവാടത്തിൽ മുദ്രാവാക്യം വിളികളുമായി കുത്തിയിരുന്നു പ്രതിഷേധിക്കുകയാണ്. മറ്റൊരു കവാടത്തിനു മുന്നിലാണ് എസ്എഫ്‌ഐ പ്രതിഷേധം.

പൊലീസ് ബലം പ്രയോഗിച്ച് പ്രതിഷേധക്കാരെ മാറ്റുന്നതിനിടെ സംഘർഷം ഉണ്ടായി. എസ്എഫ്‌ഐയെ വെല്ലുവിളിച്ചാണ് ഗവർണർ കാലിക്കറ്റ് സർവകലാശാലയിലേക്ക് എത്തുമെന്ന് പ്രഖ്യാപിച്ചത്. നേരത്തെ സർക്കാർ ഗസ്റ്റ് ഹൗസിൽ താമസിക്കുമെന്നായിരുന്നു തീരുമാനം. എസ്എഫ്‌ഐയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് താമസം കാമ്പസിനുള്ളിലെ ഗസ്റ്റ് ഹൗസിലേക്ക് മാറ്റിയത്. മലപ്പുറം എസ്‌പിയുടെ നേതൃത്വത്തിൽ കനത്ത പൊലീസ് സുരക്ഷ ഗവർണർക്ക് ഒരുക്കുന്നുണ്ട്.

ഗവർണറെ ക്യാംപസിൽ പ്രവേശിപ്പിക്കില്ലെന്നും പൊലീസിനെ ഉപയോഗിച്ച് എസ്എഫ്‌ഐയെ നേരിടാമെന്ന് കരുതേണ്ടെന്നും എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എം.ആർഷോ വ്യക്തമാക്കിയിരുന്നു. സമരക്കാരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി. അറുനൂറോളം പൊലീസുകാരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്.

കാലിക്കറ്റ് സർവകലാശാലാ സെമിനാർ കോംപ്ലക്സിൽ 18നു 2.30നു നടക്കുന്ന സനാതന ധർമപീഠത്തിന്റെ സെമിനാറിൽ പങ്കെടുക്കാനാണ് ഗവർണറെത്തിയത്.നാളെ വിവാഹച്ചടങ്ങുകൾ ഉൾപ്പെടെ ചില പരിപാടികളിൽ പങ്കെടുക്കും. 3 ദിവസം ഗവർണർ കാലിക്കറ്റ് സർവകലാശാലാ ക്യാംപസിൽ ഉണ്ടാകും