കോട്ടയം: കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് വിജയിച്ചതിനുശേഷം കേരള കോണ്‍ഗ്രസില്‍ ചേര്‍ന്ന രാമപുരം മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷിന്റെ അയോഗ്യത ഹൈക്കോടതി ശരിവച്ചു. കോണ്‍ഗ്രസിന്റെ കൈപ്പത്തി ചിഹ്നത്തില്‍ മത്സരിച്ച് വിജയിച്ച ഷൈനി സന്തോഷ് ആദ്യ ടേം കഴിഞ്ഞ് ജോസഫ് ഗ്രൂപ്പിലെ ലിസമ്മ മത്തച്ചന് പ്രസിഡന്റ് പദവി കൈമാറണം എന്നതായിരുന്നു യുഡിഎഫിലെ മുന്‍ധാരണ. എന്നാല്‍ ഇത് അട്ടിമറിച്ചു കൊണ്ട് തിരഞ്ഞെടുപ്പ് ദിവസം ഷൈനി കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തിലേക്ക് കൂറുമാറി പദവി നിലനിര്‍ത്തുകയായിരുന്നു.

രാമപുരം പഞ്ചായത്ത് ഭരണം നഷ്ടപ്പെട്ടത് യുഡിഎഫിനും കോണ്‍ഗ്രസിനും കനത്ത തിരിച്ചടിയായിരുന്നു. ജോസ് കെ മാണിയുടെ സര്‍ജിക്കല്‍ സ്‌ട്രൈക്ക് എന്നാണ് കേരള കോണ്‍ഗ്രസ് മാണി വിഭാഗം ഈ നീക്കങ്ങളെ വിശേഷിപ്പിച്ചത്. പിന്നീട് നിയമപരമായി നീങ്ങിയ കോണ്‍ഗ്രസ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഷൈനിയെ അയോഗ്യയായി പ്രഖ്യാപിക്കുകയും 6 വര്‍ഷത്തേക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് വിലക്കുകയും ചെയ്തു.

തുടര്‍ന്ന് കമ്മീഷന്‍ വിധിക്കെതിരെ ഷൈനി സന്തോഷ് അപ്പീലുമായി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍ ഷൈനി സന്തോഷിന്റെ അയോഗ്യത ശരിവെച്ചുകൊണ്ട് ഹൈക്കോടതി കേസ് തീര്‍പ്പാക്കി. യുഡിഎഫിന് വേണ്ടി വിന്‍സന്റ് കുരിശുമൂട്ടിലാണ് ഹൈക്കോടതിയില്‍ ഹാജരായത്. ഷൈനിയുടെ അയോഗ്യത ഹൈക്കോടതി ശരി വെച്ചതോടെ രാമപുരം പഞ്ചായത്തില്‍ ഉപതിരഞ്ഞെടുപ്പിനുള്ള രാഷ്ട്രീയ സാഹചര്യം വന്നിരിക്കുകയാണ്.

2022 ലാണ് യുഡിഎഫിന് രാമപുരം പഞ്ചായത്ത് ഭരണം നഷ്ടമായത്. കോണ്‍ഗ്രസ് പ്രസിഡന്റിന്റെ പിന്തുണയോടെ രാമപുരം പഞ്ചായത്ത് ഭരണം എല്‍ഡിഎഫ് പിടിക്കുകയായിരുന്നു. യുഡിഎഫിന്റെ പ്രസിഡന്റായിരുന്ന ആള്‍ എല്‍ഡിഎഫിന്റെ പ്രസിഡന്റായി മാറുകയായിരുന്നു. കോണ്‍ഗ്രസ് വിമത ഷൈനി സന്തോഷ്, എല്‍.ഡി.എഫിന്റെയും സ്വതന്ത്ര അംഗങ്ങളുടെയും പിന്തുണയോടെയാണ് വീണ്ടും പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. 18 അംഗ പഞ്ചായത്ത് കമ്മിറ്റിയില്‍ ഷൈനിക്ക് എട്ട് വോട്ടും എതിര്‍ സ്ഥാനാര്‍ത്ഥി യു.ഡി.എഫിലെ ലിസമ്മ മത്തച്ചന് ഏഴ് വോട്ടുമാണ് അന്ന് ലഭിച്ചത്.

രാമപുരം പഞ്ചായത്തില്‍ കോണ്‍ഗ്രസിന് ആറ് അംഗങ്ങളും കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് രണ്ടംഗങ്ങളുമാണുള്ളത്. ഈ എട്ടംഗങ്ങളുടെ പിന്തുണയോടെയാണ് നേരത്തെ യുഡിഎഫ് അധികാരം പിടിച്ചത്. ഇവിടെ കേരള കോണ്‍ഗ്രസ്(എം)-ന് അഞ്ച് അംഗങ്ങളും രണ്ട് സ്വതന്ത്ര അംഗങ്ങളും ഉള്‍പ്പെടെ ഏഴ് അംഗങ്ങളായിരുന്നു എല്‍ഡിഎഫിന് ഉണ്ടായിരുന്നത്. ഷൈനി സന്തോഷ് രാജിവെച്ച് എല്‍ഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചതോടെ എട്ടംഗങ്ങളുടെ പിന്തുണയോടെ എല്‍ഡിഎഫ് അധികാരം പിടിക്കുകയായിരുന്നു.

യുഡിഎഫിലെ പ്രശ്നങ്ങളെ തുടര്‍ന്നാണ് പ്രസിഡന്റായിരുന്ന ഷൈനി നേരത്തെ രാജിവെച്ചത്. തനിക്ക് യുഡിഎഫ് അംഗങ്ങളുടെ പിന്തുണ ലഭിച്ചിരുന്നില്ലെന്ന് രാജിവെച്ചശേഷം അവര്‍ പറഞ്ഞിരുന്നു. രണ്ട് ഘട്ടമായി നടന്ന വോട്ടെടുപ്പിലൂടെയാണ് ഷൈനി തെരഞ്ഞെടുക്കപ്പെട്ടത്. ആദ്യ ഘട്ടത്തിലും ഷൈനിക്ക് എട്ട് വോട്ട് കിട്ടിയിരുന്നു. ആദ്യഘട്ടത്തില്‍ കുറഞ്ഞ വോട്ട് (3) കിട്ടിയ ബി.ജെ.പി രണ്ടാം ഘട്ടത്തില്‍ വോട്ടെടുപ്പില്‍ ഉണ്ടായിരുന്നില്ല. വലിയ കോഴ ഇടപാടാണ് കൂറുമാറ്റത്തിന്റെ ഭാഗമായി നടന്നതെന്ന് യുഡിഎഫ് ആരോപിച്ചിരുന്നു. കൂറുമാറ്റ നിരോധന നിയമപ്രകാരം ഷൈനി സന്തോഷിനെതിരേ നടപടി സ്വീകരിക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വം അന്നേ വ്യക്തമാക്കിയിരുന്നു.