കൊച്ചി: തൃശൂരിലെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ഹര്‍ജിയില്‍ കേന്ദ്ര സഹമന്ത്രിയും ബിജെപി നേതാവുമായ സുരേഷ് ഗോപിക്ക് ഹൈക്കോടതി നോട്ടീസ്. മൂന്നാഴ്ചയ്ക്കം മറുപടി നല്‍കണമെന്നാണ് നോട്ടീസിലുള്ളത്.

തൃശൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സുരേഷ്ഗോപി തിരഞ്ഞെടുപ്പ് ചട്ടങ്ങള്‍ പാലിച്ചില്ല എന്ന് കാണിച്ച് എഐവൈഎഫ് തൃശൂര്‍ ജില്ലാ പ്രസിഡന്റ് എ എസ് ബിനോയ് നല്‍കിയ ഹര്‍ജി ഫയലില്‍ സ്വീകരിച്ചാണ് ഹൈക്കോടതി നോട്ടീസ് അയച്ചത്.

വോട്ടര്‍ന്മാര്‍ക്ക് സുരേഷ്ഗോപി വിവിധ ഓഫറുകള്‍ നല്‍കിയതായും മതചിഹ്നങ്ങള്‍ ഉപയോഗിച്ചതായും ഹര്‍ജിയില്‍ പറയുന്നു. കൂടാതെ കോളനികള്‍ കേന്ദ്രികരിച്ച് ബിജെപി പ്രവര്‍ത്തകര്‍ വോട്ടിനായി പണവും നല്‍കി. വോട്ടെടുപ്പ് ദിവസം മതചിഹ്നങ്ങള്‍ ഉപയോഗിച്ച് വോട്ടര്‍മാരെ സ്വാധീനിച്ചുവെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു.

സുരേഷ് ഗോപി സുഹൃത്ത് വഴി വോട്ടര്‍മാര്‍ക്ക് പെന്‍ഷന്‍ വാഗ്ദാനം ചെയ്തു, ബാങ്ക് അക്കൗണ്ടിലേക്ക് എംപി പെന്‍ഷന്‍ തുക പെന്‍ഷനായി കൈമാറി, ശ്രീരാമ ഭഗവാന്റെ പേരില്‍ വോട്ട് ചെയ്യണമെന്ന് ബിജെപി നേതാവായ എപി അബ്ദുള്ള കുട്ടി അഭ്യര്‍ഥിച്ചു, തുടങ്ങിയവയാണ് ഹര്‍ജിയിലെ മറ്റ് ആരോപണങ്ങള്‍. ഇതിനാല്‍ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നായിരുന്നു ഹര്‍ജി.

അട്ടിമറി വിജയമാണ് തൃശൂരില്‍ സുരേഷ് ഗോപി നേടിയത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി കെ മുരളീധരനും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി അഡ്വ. വിഎസ് സുനില്‍ കുമാറുമായിരുന്നു മത്സര രംഗത്തുണ്ടായിരുന്നത്.