കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെടുത്തി കോണ്‍ക്ലേവ് നടത്തിയാല്‍ തടയുമെന്നു പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പ്രതിപക്ഷം ഉയര്‍ത്തിയ അതേ കാര്യങ്ങള്‍ ഡബ്ല്യുസിസിയും ഉയര്‍ത്തി. ഇരകളെയും വേട്ടക്കാരെയും ഒരുമിച്ചിരുത്തിയുള്ള കോണ്‍ക്ലേവ് തെറ്റാണെന്ന് വിഡി സതീശന്‍ പറഞ്ഞു. റിപ്പോര്‍ട്ട് നാലരവര്‍ഷം മറച്ചുവെച്ച മുഖ്യമന്ത്രി ചെയ്തത് കുറ്റകരമായ കാര്യമാണ്. ഗുരുതരമായ കുറ്റം സര്‍ക്കാര്‍ ചെയ്തു. കോണ്‍ക്ലവ് തെറ്റാണെന്നാണെന്ന് പ്രതിപക്ഷം പറയുന്നതെന്ന് വിഡി സതീശന്‍ പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെക്കുറിച്ച് കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കോണ്‍ക്ലവ് സ്ത്രീത്വത്തിന് എതിരായ നടപടിയാണ്. ഇരകളായ സ്ത്രീകളെ ചേര്‍ത്ത് പിടിക്കാന്‍ ആരെയും കണ്ടില്ലല്ലോ. ഇരകള്‍ കൊടുത്ത മൊഴികളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടാണ്. കേസെടുക്കാന്‍ പറ്റില്ലെന്ന ബെഹ്‌റയുടെ ഉപദേശം സര്‍ക്കാര്‍ ആഗ്രഹിച്ചതാണ്. ബെഹ്റയല്ല, കേസെടുക്കാണോ വേണ്ടയോ എന്ന തീരുമാനം അറിയിക്കേണ്ടത്. ഇരകളുടെ അഭിമാനം സംരക്ഷിക്കാന്‍ എല്ലാവരും തയ്യാറാവണമെന്നും സതീശന്‍ പറഞ്ഞു. ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ ഗണേഷ്‌കുമാറിന് പങ്കുണ്ടോയെന്നു അന്വേഷിക്കണം. രാഷ്ട്രീയമായല്ല, സ്ത്രീവിഷയം ആയിട്ടാണ് ഇതിനെ കാണുന്നത്. സര്‍ക്കാര്‍ നടത്തുമെന്നു പറയുന്ന കോണ്‍ക്ലേവ് തട്ടിപ്പാണ്. ഇരകളെയും വേട്ടക്കാരെയും ഒരുമിച്ചിരുത്തി കോണ്‍ക്ലേവ് നടത്തിയാല്‍ തടയുമെന്നും വിഡി സതീശന്‍ പറഞ്ഞു.

ഇരകള്‍ കൊടുത്ത മൊഴികളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ കേസെടുക്കാത്തത് ക്രിമിനല്‍ കുറ്റമാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ഭാരതീയ ന്യായ് സംഹിത 199 വകുപ്പ് പ്രകാരം കേസെടുത്തേ മതിയാകൂവെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. നിയമപരമായും ധാര്‍മികമായും സര്‍ക്കാര്‍ ചെയ്തത് തെറ്റാണെന്ന് വിഡി സതീശന്‍ പറഞ്ഞു. പോലീസ് ഇതില്‍ കേസെടുത്തു അന്വേഷിക്കേണ്ടതായിരുന്നു. ഇരകളുടെ അഭിമാനം സംരക്ഷിക്കാന്‍ എല്ലാവരും തയ്യാറാവണം. ഗണേഷ്‌കുമാറിന് പങ്കുണ്ടോയെന്നു അന്വേഷിക്കണമെന്ന് വിഡി സതീശന്‍ പറഞ്ഞു. രാഷ്ട്രീയമായല്ല, സ്ത്രീവിഷയം ആയിട്ടാണ് കാണുന്നത്. കോണ്‍ക്ലേവ് നടത്തരുതെന്നും നടത്തിയാല്‍ തടയുമെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

അതേസമയം, ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ മൗനം തുടരുകയാണ് മലയാള സിനിമ താര സംഘടനയായ 'അമ്മ'. എക്സിക്യൂട്ടീവ് യോ?ഗം ചേര്‍ന്ന് നിലപാട് വ്യക്തമാക്കാമെന്നാണ് സംഘടനയുടെ വിശദീകരണം. എക്‌സിക്യൂട്ടീവ് യോഗത്തിന്റ തിയ്യതി ഇനിയും തീരുമാനിച്ചിട്ടില്ല. റിപ്പോര്‍ട്ട് പഠിച്ച് മാത്രമേ വിശദായ മറുപടി ഉണ്ടാകൂവെന്നാണ് അമ്മയുടെ ജനറല്‍ സെക്രട്ടറിയായ സിദ്ദിഖ് കഴിഞ്ഞ ദിവസം പ്രതികരിച്ചത്. സിനിമ മേഖലയിലെ നല്ലതിനായി സര്‍ക്കാര്‍ നടത്തുന്ന ഏത് നീക്കത്തിനും പിന്തുണയുണ്ടാകുമെന്നും സിദ്ദിഖ് പ്രതികരിച്ചിരുന്നു.

അതേസമയം, ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ക്രിമിനല്‍ നടപടി ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. തിരുവനന്തപുരം സ്വദേശിയാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. പൂര്‍ണ്ണമായ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടും ആധാരമാക്കിയ തെളിവുകളും വിളിച്ചു വരുത്തണമെന്നും റിപ്പോര്‍ട്ടിന്മേല്‍ ക്രിമിനല്‍ നടപടി സ്വീകരിക്കാന്‍ ഡിജിപിയ്ക്ക് നിര്‍ദേശം നല്‍കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യങ്ങള്‍. ഹര്‍ജി ഇന്ന് പരിഗണക്കുന്ന ഹൈക്കോടതി സ്വീകരിക്കുന്ന നിലപാട് വിഷയത്തില്‍ നിര്‍ണായകമാകും.
നടി അക്രമിക്കപ്പെട്ട സംഭവത്തെ തുടര്‍ന്ന് മലയാള സിനിമയിലെ സ്ത്രീകളുടെ സംഘടനയായ വിമെന്‍ ഇന്‍ സിനിമാ കളക്ടീവിന്റെ (ഡബ്ല്യുസിസി) ആവശ്യം പരിഗണിച്ചാണ് 2017 നവംബര്‍ 16 ന് സര്‍ക്കാര്‍ ജസ്റ്റിസ് ഹേമ അധ്യക്ഷയായി കമ്മിറ്റി രൂപീകരിച്ചത്. ആകെ 233 പേജുകളുള്ള റിപ്പോര്‍ട്ടാണ് ഇന്നലെ പുറത്തുവന്നത്. സ്വകാര്യതയെ ലംഘിക്കുന്ന വിവരങ്ങള്‍ കൈമാറില്ലെന്ന് നേരത്തെ വ്യക്തമാക്കിയതിനാല്‍ ആളുകളെ തിരിച്ചറിയുന്ന വിവരങ്ങള്‍ ഒഴിവാക്കി. 49-ാം പേജിലെ 96-ാം പാരഗ്രാഫ് പ്രസിദ്ധീകരിച്ചില്ല. 81 മുതല്‍ 100 വരെയുള്ള പേജുകളിലെ ചില ഭാഗങ്ങള്‍ ഒഴിവാക്കി. 165 മുതല്‍ 196 വരെയുള്ള പാരഗ്രാഫുകളും അനുബന്ധവും ഒഴിവാക്കിയിട്ടുണ്ട്.