- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പാഠപുസ്തകങ്ങളെ കാവി പുതപ്പിക്കാൻ ശ്രമം; ഇന്ത്യ മാറ്റി ഭാരത് ആക്കാനുള്ള തീരുമാനത്തെ കേരളം അംഗീകരിക്കില്ലെന്ന് മന്ത്രി വി. ശിവൻകുട്ടി; പാഠപുസ്തകങ്ങളിൽ ഭാരതം ഉപയോഗിക്കുന്നതിൽ തെറ്റില്ലെന്ന് ഗവർണറും
തിരുവനന്തപുരം: പാഠപുസ്തകങ്ങളിൽ ഇന്ത്യ മാറ്റി ഭാരത് ആക്കാനുള്ള തീരുമാനത്തെ കേരളം അംഗീകരിക്കില്ല. ഈ നിർദ്ദേശം തള്ളിക്കളയുന്നുവെന്ന് തൊഴിലും വിദ്യാഭ്യാസവും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. പാഠപുസ്തകങ്ങളെ കാവി പുതപ്പിക്കാൻ ശ്രമം നടക്കുന്നുവെന്നും മന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇന്ത്യയുടെ ചരിത്രമാണ് മാറ്റാൻ ശ്രമിക്കുന്നത്. പാഠ്യപദ്ധതി പരിഷ്കരണം എന്ന പേരിൽ നടക്കുന്നത് ജനാധിപത്യ വിരുദ്ധതയാണ്. അക്കാദമിക താത്പര്യങ്ങളെ അവഗണിക്കുന്നുവെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.
ഭരണഘടനയിൽത്തന്നെ പറഞ്ഞ ഇന്ത്യ അഥവാ ഭാരത് എന്നത് എവിടെയും ഉപയോഗിക്കാൻ ഓരോ പൗരനും അവകാശമുണ്ടെന്നും ഭാരതമെന്നത് മാത്രം ഉപയോഗിച്ചാൽ മതിയെന്ന് പറയുന്നത് ദുഷ്ടലാക്കും സങ്കുചിത രാഷ്ട്രീയവുമാണെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി.സാമൂഹിക ശാസ്ത്ര വിഷയങ്ങളെ സംബന്ധിച്ച് നിയോഗിച്ച എൻ.സി.ഇ.ആർ.ടി. സമിതി നൽകിയ ശുപാർശകളെ കേരളം തുടക്കത്തിൽതന്നെ തള്ളിയതാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
ചരിത്രവസ്തുതകളെ വക്രീകരിച്ച് അവതരിപ്പിക്കാനുള്ള ശ്രമങ്ങളെ കേരളം തള്ളിക്കളയുകയാണ്. ദേശീയതലത്തിൽ ഇതിനെതിരേ സംസ്ഥാനം നേരത്തേതന്നെ പ്രതികരിച്ചിട്ടുണ്ട്. 11, 12 ക്ലാസുകളിലെ ചരിത്രം, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി തുടങ്ങിയ പാഠപുസ്തകങ്ങൾക്ക് അഡീഷണൽ പാഠപുസ്തകം പ്രസിദ്ധീകരിച്ചാണ് കേരളം മുൻപ് പ്രതികരിച്ചത്. ഇന്ത്യയിൽ ഇത്തരത്തിൽ അക്കാദമികമായി പ്രതികരിച്ച ഏക സംസ്ഥാനം കേരളമാണ്. ആ പാഠപുസ്തകം കുട്ടികൾക്ക് പരീക്ഷയ്ക്കുവേണ്ടി പഠിക്കുന്നതിനുള്ള പാഠപുസ്തകമാക്കി മാറ്റി. അംഗീകരിക്കുന്നില്ല എന്നു പറയുക മാത്രമല്ല, പ്രവൃത്തിയിലൂടെ തന്നെ മറുപടി നൽകിയിട്ടുണ്ട്. ഇക്കാര്യത്തിൽ ഇത്തരം നിലപാട് തന്നെയാണ് സംസ്ഥാനം തുടർന്നും സ്വീകരിക്കുകയെന്നും മന്ത്രി പറഞ്ഞു.
ഇന്ത്യയുടെ ചരിത്രം, അടിസ്ഥാന പ്രശനങ്ങൾ, ഭരണഘടന മൂല്യങ്ങൾ എല്ലാ വെട്ടി മാറ്റുകയാണ്. പരിണാമസിദ്ധാന്തം അടക്കം മാറ്റുന്നു. 1 മുതൽ 10 വരെയുള്ള ക്ലാസുകളിൽ എസ്സിഇആർടി പുസ്തകങ്ങൾ ആണ് കേരളം ഉപയോഗിക്കുന്നത്. അതങ്ങനെ തന്നെ തുടരുമെന്നും മന്ത്രി വിശദമാക്കി. വിദ്യാഭ്യാസ കാര്യങ്ങളിൽ സംസ്ഥാനം തീരുമാനമെടുക്കുമെന്നും കൂടുതൽ കാര്യങ്ങൾ മുഖ്യമന്ത്രിയുമായി ചർച്ച ചെയ്ത തീരുമാനിക്കുമെന്നും മന്ത്രി കേന്ദ്രം വിദ്യാഭ്യാസ മേഖലയിൽ സ്വീകരിക്കുന്ന കാര്യങ്ങൾ സർക്കാരിനോട് ആലോചിക്കുന്നില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി.
ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുള്ളതാണ് കേരളത്തിലെ പാഠപുസ്തകങ്ങൾ. രാജ്യത്തിന്റെ സാംസ്കാരിക വൈവിധ്യങ്ങളെ ചേർത്തുപിടിച്ചും യഥാർഥ ചരിത്രം കുട്ടികളെ പഠിപ്പിക്കുന്നതും ശാസ്ത്രചിന്ത വളർത്തുന്നതുമായ ഒരു പാഠ്യപദ്ധതി പരിഷ്കരണമാണ് കേരളത്തിൽ നടക്കുക എന്ന് പദ്ധതി പരിഷ്കരണം ആരംഭിച്ചപ്പോൾതന്നെ വ്യക്തമാക്കിയതാണ്. അതിൽ ഒരു വിട്ടുവീഴ്ചയുമില്ല. പാഠപുസ്തക പരിഷ്കരണത്തിൽ സംസ്ഥാനങ്ങളോട് അഭിപ്രായം തേടിയിട്ടില്ല. വരാൻപോകുന്ന തലമുറ യഥാർഥ ചരിത്രം പഠിക്കേണ്ടെന്ന കേന്ദ്ര നിലപാട് കടുത്ത രാജ്യദ്രോഹത്തിന് തുല്യമാണെന്നും അദ്ദേഹം അറിയിച്ചു.
ഭരണഘടനാ മൂല്യങ്ങൾക്ക് നിരക്കാത്തതും ശാസ്ത്ര നീരസമുള്ളതും യഥാർഥ ചരിത്രത്തിന്റെ വളച്ചൊടിക്കലുമാണ് എൻ.സി.ഇ.ആർ.ടി. പാഠപുസ്തകങ്ങളിലൂടെ കുട്ടികൾക്ക് നൽകാൻ ഉദ്ദേശിക്കുന്നതെങ്കിൽ ഇതിനെതിരേ കേരളം അക്കാദമികമായി സംവാദങ്ങൾ നടത്തി പ്രതിരോധിക്കുമെന്നും ശിവൻകുട്ടി അറിയിച്ചു. 2024 ജൂണിൽ ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒൻപത് ക്ലാസുകളിലെ പുതുക്കിയ പാഠപുസ്തകളും 2025 ജൂണിൽ രണ്ട്, നാല്, ആറ്, എട്ട്, പത്ത്ക്ലാസുകളിലെ പുതുക്കിയ പാഠപുസ്തകങ്ങളും വിതരണത്തിനെത്തിക്കുമെന്നും വിദ്യാഭ്യാസമന്ത്രി വ്യക്തമാക്കി.
പാഠപുസ്തകങ്ങളിൽ ഭാരതം ഉപയോഗിക്കുന്നതിൽ തെറ്റില്ലെന്ന് ഗവർണർ
എൻസിഇആർടി സാമൂഹിക പാഠപുസ്തകങ്ങളിൽ ഭാരതം എന്ന് ഉപയോഗിക്കുന്നതിൽ തെറ്റില്ലെന്ന് ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ. ഇന്ത്യ, ഭാരതം എന്നീ രണ്ട് പേരുകൾ ഭരണഘടനയിൽ ഉണ്ടെന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. അതേസമയം, കേന്ദ്ര സാമൂഹിക നീതി മന്ത്രാലയം ആവശ്യപ്പെട്ട പ്രകാരമാണ് സംസ്ഥാന ശിശുക്ഷേമ സമിതി രക്ഷാധികാരി സ്ഥാനമൊഴിഞ്ഞതെന്നും ഗവർണ്ണർ വിശദീകരിച്ചു. ശിശുക്ഷേമ സമിതിക്കെതിരെ ഗുരുതര ആക്ഷേപങ്ങളാണ് ഉയർന്നത്. ക്രമക്കേടുകളെ കുറിച്ച് തനിക്കും പരാതി ലഭിച്ചെന്നും അന്വേഷണം ആവശ്യപ്പെടുമെന്നും ആരിഫ് മുഹമ്മദ് ഖാൻ അറിയിച്ചു.
മറുനാടന് മലയാളി ബ്യൂറോ