കടശിക്കടവ് (ഇടുക്കി): വൃദ്ധയേയും യൂണിയന്‍ പ്രവര്‍ത്തകനെയും ആക്രമിച്ച കേസുകളില്‍ പ്രതിയായ ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് രാജാ മാട്ടുക്കാരനെതിരെ കോണ്‍ഗ്രസിലും യൂണിയനിലും കലാപം. വധഭീഷണി മുഴക്കിയും വീടുകയറി ആക്രമിച്ചും പ്രവര്‍ത്തകരെ വരുതിയില്‍ നിര്‍ത്താനുള്ള പ്രസിഡന്റിന്റെ ശ്രമം പാളിയെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. പ്രസിഡന്റിന്റെ നീക്കത്തിനെതിരെ കെപിസിസിക്കും ഐഎന്‍ടിയുസി സംസ്ഥാന നേതൃത്വത്തിനും പരാതി ലഭിച്ചു. വണ്ടന്‍മേട്, കുമളി സ്റ്റേഷനുകളിലെ കേസുകളില്‍ പ്രതിയായ ഇയാള്‍ നിലവില്‍ ഒളിവിലാണ്.

കഴിഞ്ഞ 26 ന് രാജാ മാട്ടുക്കാരനും ബന്ധുക്കളും മര്‍ദ്ദിച്ചു പരുക്കേല്‍പ്പിച്ച എച്ച്ആര്‍പിഇ യൂണിയന്‍ അംഗം ആനവിലാസം ശാസ്താനട ജെഎല്‍പി എസ്റ്റേറ്റില്‍ താമസിക്കുന്ന തങ്കരാജാണ് കെപിസിസി പ്രസിഡന്റ്, പ്രതിപക്ഷ നേതാവ്, ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ്, ഡിസിസി പ്രസിഡന്റ്, കെപിസിസി പ്രസിഡന്റ് എന്നിവര്‍ക്ക് പരാതി നല്‍കിയത്. വൃദ്ധയെ മര്‍ദ്ദിച്ചതില്‍ കോണ്‍ഗ്രസ് വാട്സാപ് ഗ്രൂപ്പില്‍ പ്രതികരിച്ചതിനായിരുന്നു മര്‍ദ്ദനം. സംഭവത്തില്‍ നേതാക്കളും പ്രവര്‍ത്തകരും അമര്‍ഷത്തിലാണ്. രാജായെ ജില്ലാ പ്രസിഡന്റ് പദവിയില്‍നിന്ന് പുറത്താക്കണമെന്നാണ് പരാതിക്കാരുടെ ആവശ്യം.

കാലുപിടിപ്പിച്ച് ക്ഷമ പറയിപ്പിച്ചു

ഡിസിസി ജനറല്‍ സെക്രട്ടറി സിറിയക് തോമസ് നേതൃത്വം നല്‍കുന്ന ഐഎന്‍ടിയുസിയുടെ പോഷക സംഘടനയാണ് എച്ച്ആര്‍പിഇ യൂണിയന്‍. തങ്കരാജും ചില തൊഴിലാളികളും ഈ യൂണിയനില്‍ അംഗങ്ങളാണ്. രാജാ മാട്ടുക്കാരന്റെ നേതൃത്വത്തിലുള്ള മറ്റൊരു പോഷക സംഘടനയാണ് നാഷണല്‍ എസ്റ്റേറ്റ് വര്‍ക്കേഴ്സ് കോണ്‍ഗ്രസ്.

നിലവിലുള്ള യൂണിയനില്‍ നിന്ന് രാജി വച്ച് തനിക്കൊപ്പം ചേര്‍ന്നില്ലെങ്കില്‍ കൈകാര്യം ചെയ്യുമെന്നു പറഞ്ഞ് രണ്ടുമാസം മുമ്പ് തങ്കരാജിനെ രാജ ഭീഷണിപ്പെടുത്തിയിരുന്നതായി പറയപ്പെടുന്നു. ഓഗസ്റ്റ് ആറിന് വണ്ടന്‍മേട് കടശിക്കടവില്‍ കെട്ടിടനിര്‍മാണം തടസപ്പെടുത്തി തെന്നച്ചേരില്‍ അന്നമ്മ മാണിയെ മര്‍ദ്ദിച്ച സംഭവത്തില്‍ രാജാ മാട്ടുക്കാരന്‍, മരുമകനും ഐഎന്‍ടിയുസി ജില്ലാ കമ്മിറ്റിയംഗവുമായ ശരവണന്‍, ബന്ധുക്കളായ മുരുകന്‍, പാണ്ടി എന്നിവര്‍ക്കെതിരെ വണ്ടന്‍മേട് പൊലീസ് കേസെടുത്തിരുന്നു.

ഈ സംഭവത്തില്‍ വാട്സ്ആപ്പ് ഗ്രൂപ്പില്‍ പ്രതികരിച്ചതിനാണ് തങ്കരാജിനെ ആക്രമിച്ചത്. വീട്ടില്‍ കയറി മര്‍ദ്ദിച്ച ശേഷം വാഹനത്തില്‍ കയറ്റി ക്കൊണ്ടുപോയി. വാഹനത്തില്‍ വച്ചും മര്‍ദ്ദിച്ചെന്ന് പരാതിയിലുണ്ട്. രാജായുടെ വിട്ടിലെത്തിച്ച ശേഷം ബലപ്രയോഗത്തിലൂടെ കാലുപിടിപ്പിച്ച് ക്ഷമ പറയിപ്പിച്ചു. യുണിയന്‍ പ്രവര്‍ത്തനം അവസാനിപ്പിച്ച് തമിഴ്നാട്ടിലേക്ക് പോകണമെന്നും ഭീഷണിപ്പെടുത്തി. നാടുവിട്ടു പോകാമെന്ന് സമ്മതിച്ചതോടെ വാഹനത്തില്‍ കയറ്റി വഴിയരികില്‍ ഉപേക്ഷിച്ചുവെന്നും പരാതിയില്‍ പറയുന്നു.

ഗുരുതരമായി പരുക്കേറ്റ തങ്കരാജ് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലും തേനി മെഡിക്കല്‍ കോളേജിലും ചികിത്സയിലായിരുന്നു. അടുത്തിടെ കോണ്‍ഗ്രസ് മണ്ഡലം ഭാരവാഹിയായ രവി ചിനിക്കാളെയെയും സംഘം വിടുകയറി ആക്രമിച്ചതായും പറയപ്പെടുന്നു. ഭീഷണിയെ തുടര്‍ന്ന് ഇയാള്‍ പരാതിപ്പെട്ടില്ലെന്നാണ് അറിയുന്നത്.