മലപ്പുറം: തിരുരങ്ങാടിയില്‍ മുസ്ലീംലീഗീല്‍ വിമതശല്യം. തിരൂരങ്ങാടി നഗരസഭയില്‍ മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാമിന്റെ ഡിവിഷനില്‍ ലീഗിന് വിമത സ്ഥാനാര്‍ഥി രംഗത്ത്. നിലവിലെ തിരൂരങ്ങാടി നഗരസഭാ ഉപാധ്യക്ഷ കാലൊടി സുലൈഖയാണ് തിരൂരങ്ങാടി 25-ാം ഡിവിഷനില്‍ സ്ഥാനാര്‍ഥിയായി രംഗത്ത് എത്തിയത്. നേതാക്കള്‍ അപമാനിച്ചു എന്നാരോപിച്ചാണ് സുലൈഖ മത്സരിക്കാന്‍ ഒരുങ്ങുന്നത്.

തന്നെ ഇനി സ്ഥാനാര്‍ഥിയാക്കില്ലെന്നാണ് നേതാക്കള്‍ പറഞ്ഞതെന്നും സുലൈഖ പറയുന്നു. ഇതോടെയാണ് വീണ്ടും മത്സരിക്കാനിറങ്ങുന്നത്. അതേസമയം പ്രസിഡന്റ് സ്ഥാനം ചോദിച്ച് തരാത്തതിനാണ് വീണ്ടും മത്സരിക്കുന്നതെന്ന വാദം ശരിയല്ലെന്നും സുലൈഖ വ്യക്തമാക്കി. 'മാറി നില്‍ക്ക് എന്നാണ് എന്നോട് പറഞ്ഞത്. സിപിഎം ഉള്‍പ്പെടെ എല്ലാ പാര്‍ട്ടികളുടെയും പിന്തുണ ലഭിച്ചു, ഇനി പിന്നോട്ടില്ല, മുന്നോട്ടുവെച്ച കാല്‍ മുന്നോട്ട് തന്നെയാണ്''- സുലൈഖ മാധ്യമങ്ങളോട് പറഞ്ഞു.

മത്സരിക്കാന്‍ താല്പര്യം ഇല്ല എന്ന് അറിയിച്ചതുകൊണ്ടാണ് മറ്റൊരു സ്ഥാനാര്‍ഥിയെ നിര്‍ത്തിയതെന്നാണ് ലീഗ് നേതൃത്വത്തിന്റെ വിശദീകരണം. സുലൈഖ തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുകയും ചെയ്തു. അതേസമയം സുലൈഖക്കെതിരെ നടപടിയുണ്ടാകുമെന്ന് ലീഗ് നേതൃത്വം വ്യക്തമാക്കി.