കണ്ണൂർ: സ്വകാര്യചാനലിന് നൽകിയ സി. പി. എം ജില്ലാകമ്മിറ്റിയംഗവും മുൻ എംഎൽഎയുമായ ജെയിംസ് മാത്യുവിന്റെ അഭിമുഖം പാർട്ടിക്കകത്തും പുറത്തും വിവാദമാകുന്നു. പാർട്ടി ജില്ലാ ഘടകത്തിൽ പ്രവർത്തിക്കുന്ന നേതാവ് സംസ്ഥാനകമ്മിറ്റിയംഗമായ മറ്റൊരു നേതാവിനെതിരെ പച്ചയ്ക്ക് നടത്തിയ രൂക്ഷവിമർശനം അസാധാരണമാണെന്നാണ് വിലയിരുത്തൽ.

പാർട്ടിക്കു പുറത്തും ഇപ്പോഴും ശക്തി ചോർന്നിട്ടില്ലാത്ത പി.ജെയുടെ അനുഭാവികളെ ജയിംസ് മാത്യുവിന്റെ തുറന്നു പറച്ചിൽ ചൊടിപ്പിച്ചിട്ടുണ്ട്. സി.പി. എം പ്ളാറ്റ് ഫോമിൽ നിൽക്കുകയും വേണം, എന്റെ വ്യതിരിക്തത പ്രകടിപ്പിക്കുകയും വേണം, അതിന് ഇതിൽ നിന്നും മാറി നിൽക്കണം. പി.ജയരാജൻ വരുമ്പോൾ ആളുകൾ മുദ്രാവാക്യം വിളിക്കുന്നു. വി. എസ് അച്യുതാനന്ദനെപ്പോലെ ഇത്രയും ഇകഴ്‌ത്തപ്പെട്ട നേതാവ് മറ്റാരുമുണ്ടായിട്ടില്ല. എന്നാൽ ഒരാളുടെ മനോഭാവമല്ല ഒരു മോബിന്റെത്.

നിങ്ങൾ പറയുന്നത് ഹലേലുയ്യാ പാടുന്ന കുറെയാളുകളുണ്ടാവും. ഇതു വി. എസിന്റെയും പി. ജയരാജന്റെയും കുറ്റമായല്ല പറയുന്നത്. അതിൽ രണ്ടാളുകളും ശ്രദ്ധിക്കേണ്ട കാര്യമുണ്ട്. അവർ അതു ശ്രദ്ധിക്കേണ്ടതുണ്ടായിരുന്നു. അവർ അഭിപ്രായം പറയുമ്പോൾ അതിനു വ്യാഖ്യാനവും കൂടിയുണ്ടാകുമെന്ന് കാണേണ്ടതുണ്ട്. ഞാൻ വലിയ കേമനാണെന്നു കൂടി വരുത്താൻ പാടില്ല. എല്ലാവരും പാർട്ടിക്ക് കീഴ്പ്പെട്ടു തന്നെ നിൽക്കേണ്ടതുണ്ട്.

പി.ജയരാജൻ ഈ പാർട്ടിയിലെ ഏറ്റവും പ്രധാനപ്പെട്ട നേതാവാണ്. ഏതൊരർത്ഥത്തിൽ എടുത്താലും പാർട്ടിയുടെ ഒരു വാല്യൂബളായ പ്രോപർട്ടിയാണ് ജയരാജൻ. പക്ഷേ എന്താണ് സംഭവിക്കുന്നത്. ആ വാല്യുവിനെ മുഴുവൻ ഇല്ലാതാക്കുന്ന രീതിയിൽ ധൃതരാഷ്ട്ര ആലിംഗനം പോലെ കെട്ടിപ്പിടിക്കുന്നു അപ്പോൾ തകരുന്നത് പി.ജയരാജൻ തന്നെയാണെന്നു കാണുന്നില്ലെന്നും ജയിംസ് മാത്യു പ്രത്യേക അഭിമുഖത്തിൽ ചൂണ്ടിക്കാട്ടുന്നു.

പാർട്ടിക്കുള്ളിൽ പി.ജയരാജന്റെ തിരിച്ചുവരവിനെ പരോക്ഷമായി എതിർത്തുകൊണ്ടു ജയിംസ് മാത്യു രംഗത്തുവന്നത് കണ്ണൂരിലെ നേതാക്കളിലെ അഭിപ്രായഭിന്നതയായിട്ടാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ ദിവസമാണ് പാർട്ടിനിയന്ത്രിത സാന്ത്വനസംഘടനയായ ഐ. ആർ. പി.സിയുടെ ഉപദേശക സമിതിയുടെ ചെയർമാൻ സ്ഥാനത്തേക്ക് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്.

ഔദ്യോഗിക വിഭാഗത്തിന്റെ പ്രതിനിധിയായ എം. പ്രകാശനാണ് ചെയർമാൻ. എന്നാൽ പി.ജയരാജൻ രൂപംകൊടുത്ത ഐ. ആർ.പി.സിയിൽ നിന്നും ഒഴിവാക്കാൻ പാർട്ടി ജില്ലാനേതൃത്വം നീക്കം നടത്തിയിരുന്നുവെങ്കിലും പ്രവർത്തകരുടെ എതിർപ്പുള്ളതിനാൽ സാധ്യമായില്ല. വി. എസ് പാർട്ടി സംസ്ഥാന സെക്രട്ടറിയായിരുന്ന പാർട്ടിയിൽ സർവാധികാരിയായിരുന്ന കാലത്ത് അദ്ദേഹത്തെ അനുകൂലിച്ചവരിൽ ഒരാളായിരുന്നു ജയിംസ്മാത്യു.

സി.പി. എം വിഭാഗീയതയുടെ കാലത്ത് പതുക്കെ പിണറായി പക്ഷത്തേക്ക് മാറുകയായിരുന്നു. ഇപ്പോൾ വി. എസ് സി.പി. എമ്മിന്റെ രാഷ്ട്രീയ ചിത്രത്തിലില്ലാത്ത സാഹചര്യത്തിൽ ജയിംസ് മാത്യു നടത്തിയ വിവാദപരാമർശം എന്തിനു വേണ്ടിയാണെന്ന ചോദ്യവും ഉയരുന്നുണ്ട്. സ്വയം പാർട്ടി പദവികൾ വേണ്ടെന്ന് പറഞ്ഞു ഒഴിഞ്ഞുമാറിയ നേതാവാണ് ജയിംസ് മാത്യു. ഇപ്പോൾ പ്രൈമറി വിദ്യാർത്ഥികളുടെ ഉന്നമനത്തിനായി ഒരു സന്നദ്ധസംഘടനയിലാണ് അദ്ദേഹം പ്രവർത്തിക്കുന്നത്. കണ്ണൂർ കോർപറേഷനിലെ പ്രതിപക്ഷനേതാവും ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാഭാരവാഹിയായ എൻ.സുകന്യയാണ് ഭാര്യ.