തിരുവനന്തപുരം: മന്ത്രിയും എംഎല്‍എമുമായി തുടരാനുള്ള കെ കൃഷ്ണന്‍കുട്ടിയുടേയും മാത്യു ടി തോമസിന്റേയും മോഹം കേരളത്തിലെ ജനതാദള്ളില്‍ പുതിയ പ്രതിസന്ധിയാകുന്നു. ഈ രണ്ടു പേരും ദേവഗൗഡയുടെ ജനതാദള്‍ സെക്യുലറിന്റെ ഭാഗമായി എംല്‍എമാരായി. എന്നാല്‍ ദേവഗൗഡ ബിജെപി പക്ഷത്തായി. അതിന്റെ പ്രധാന നേതാവും ഗൗഡയുടെ മകനുമായ എച്ച് ഡി കുമാരസ്വാമി കേന്ദ്രമന്ത്രിയുമാണ്. ഇതോടെ കേരളത്തിലെ ജനതാദള്‍ അവരുമായി ബന്ധം വിച്ഛേദിച്ചു. പക്ഷേ എംഎല്‍എമാര്‍ക്ക് മുന്നില്‍ അയോഗ്യതാ പ്രശ്‌നമുണ്ട്. പാര്‍ട്ടി വിട്ടാല്‍ രണ്ടു പേരേയും കുമാരസ്വാമി അയോഗ്യരാക്കും. അതുകൊണ്ട് തന്നെ അവര്‍ ഇടതുമുന്നണിയില്‍ തുടര്‍ന്ന് മൗനത്തിലായി.

ഇതിനിടെ പുതിയ പാര്‍ട്ടി രൂപീകരണത്തിന് കേരളത്തിലെ ജനതാദള്‍ തീരുമാനിച്ചു. എന്നാല്‍ ഈ പാര്‍ട്ടിയില്‍ കൃഷ്ണന്‍കുട്ടിയ്ക്കും മാത്യു ടി തോമസിനും ചേരാനാകില്ല. അങ്ങനെ ചെയ്താലും എംഎല്‍എ പദവി ഭീഷണിയിലാകും. ഇതോടെ പ്രതിസന്ധി തുടങ്ങി. ഈ സാഹചര്യത്തിലാണ് പേരോ കൊടിയോ ചിഹ്നമോ ഇല്ലാതെ എങ്ങനെ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുമെന്ന് ചോദിച്ച് 'കേരള ജനതാദള്‍' സംസ്ഥാന പ്രസിഡന്റ് മാത്യു ടി.തോമസിന് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവായ ജോസ് തെറ്റയില്‍ കത്തു നല്‍കിയത്. ശ്രേയംസ് കുമാറിന്റെ നേതൃത്വത്തിലോ സോഷ്യലിസ്റ്റ് ചേരിയില്‍ ചേരണമെന്ന് ആഗ്രഹിക്കുന്ന നേതാവ് ജോസ് തെറ്റയില്‍. ഇടതു മുന്നണിയും രണ്ടു പാര്‍ട്ടികളും ലയിക്കണമെന്ന് ആഗ്രഹിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് തെറ്റയിലിന്റെ കത്തയക്കല്‍ ചര്‍ച്ചയാകുന്നത്.

ഗൗഡയുമായുള്ള ബന്ധം വിഛേദിച്ചെന്ന് പ്രഖ്യാപിച്ചെങ്കിലും സാങ്കേതികമായി ബിജെപിക്കൊപ്പമുള്ള ആ പാര്‍ട്ടിയുടെ എംഎല്‍എമാരായാണ് മാത്യു ടി.തോമസും മന്ത്രി കെ.കൃഷ്ണന്‍കുട്ടിയും്. പുതിയ പാര്‍ട്ടി രൂപീകരണത്തിനോ ലയനത്തിനോ നേതൃത്വം മുന്‍കയ്യെടുക്കുന്നില്ല. സമാന സാഹചര്യം കേരളത്തിലെ എന്‍സിപിയിലുമുണ്ട്. എന്നാല്‍ കേരളത്തിലെ എന്‍സിപി പരസ്യമായി ശരത് പവാറിനൊപ്പമാണ്. അജിത് പവാറിനാണ് ഔദ്യോഗിക എന്‍സിപിയുടെ അംഗീകാരമുള്ളത്. അജിത് പവാറിന് കേരളത്തില്‍ താല്‍പ്പര്യമില്ലാത്തതുകൊണ്ട് തന്നെ എന്‍സിപിയിലെ കേരളത്തിലെ രണ്ട് എംഎല്‍എമാര്‍ക്കും അത്തരത്തില്‍ ആശങ്കയില്ല. അവിടെ മന്ത്രിമാറ്റമാണ് പ്രതിസന്ധി. ജനതാദള്ളില്‍ രാഷ്ട്രീയ പ്രവര്‍ത്തനവും. അങ്ങനെ ഇടതുമുന്നണിയിലെ രണ്ട് ബിജെപി അനുകൂല പാര്‍ട്ടികളുടേയും കേരള നേതൃത്വം പ്രതിസന്ധിയിലാണ്.

ജനതാദള്‍ എസിലാണ് കൂടുതല്‍ രൂക്ഷത. ബിജെപിയുമായി ജനതാദള്‍ (എസ്) സഖ്യത്തിലായതോടെ ബന്ധം വിഛേദിച്ചെന്ന് അവകാശപ്പെട്ട ശേഷം പുതിയ പാര്‍ട്ടിയായി മാറാതെ സംസ്ഥാന നേതൃത്വം ഉരുണ്ടു കളിക്കുന്നതിലാണ് എതിര്‍പ്പ്. 'രാഷ്ട്രീയ പാര്‍ട്ടി എന്ന് നാം അവകാശപ്പെടുന്ന സംഘടനയുടെ ഇന്നത്തെ അവസ്ഥയെക്കുറിച്ചുള്ള ആശങ്കകള്‍ പങ്കുവയ്ക്കാനാണ് ഇതു കുറിക്കുന്നത്' എന്ന ആമുഖത്തോടെയാണ് കത്ത്. ഒരു വര്‍ഷമായി സ്വന്തമായി രാഷ്ട്രീയ പ്രവര്‍ത്തനം നടത്താനായിട്ടില്ല. ഇതിനിടയില്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പും ഉപതിരഞ്ഞെടുപ്പുകളും നടന്നു. തദ്ദേശ തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നു. എന്നിട്ടും നേതൃയോഗം പോലും ചേരാതെ പോകുന്നത് പാര്‍ട്ടിക്ക് ആരോഗ്യകരമല്ലെന്നാണ് തെറ്റയില്‍ പറഞ്ഞു വയ്ക്കുന്നത്.

ഭൂരിപക്ഷം സംസ്ഥാന ഭാരവാഹികളും ഈ ആവശ്യം ഉന്നയിച്ചു മാസങ്ങള്‍ കഴിഞ്ഞിട്ടും ഇക്കാര്യത്തില്‍ നടപടിയില്ല. ഈ അനിശ്ചിതാവസ്ഥ മൂലം പാര്‍ട്ടിയില്‍ കൊഴിഞ്ഞുപോക്കു ശക്തമാണ്. ഈ അവസ്ഥ കാണാതെ പോകുന്നത് ആത്മഹത്യാപരമായിരിക്കും' ജോസ് തെറ്റയില്‍ മുന്നറിയിപ്പ് നല്‍കി. കൂറുമാറ്റ നിരോധന നിയമത്തില്‍ തട്ടി എംഎല്‍എ പദവി നഷ്ടപ്പെടാതിരിക്കാനാണ് ഇരുവരും ഈ ഒളിച്ചുകളി നടത്തുന്നതെന്ന പാര്‍ട്ടിക്കുള്ളിലെ അമര്‍ഷമാണ് ജോസ് തെറ്റയിലിന്റെ കത്തിലൂടെ പുറത്തുവന്നത്. ഈ കത്തിനോടും തല്‍കാലം മാത്യു ടി തോമസും കെ കൃഷ്ണന്‍കുട്ടിയും പ്രതികരി്ക്കില്ല. എംഎല്‍എ ടേം പൂര്‍ത്തിയാകുമ്പോള്‍ പുതിയ പാര്‍ട്ടിയുമായി സജീവമാകാനാണ് ഇവരുടെ നീക്കം.

അതിന് മുമ്പ് വരുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടതു മുന്നണിയുമായി അനൗദ്യോഗിക ചര്‍ച്ചകള്‍ നടത്തി സ്ഥാനാര്‍ത്ഥികളെ സ്വതന്ത്രരായി നിര്‍ത്താനാണ് പദ്ധതി. ഇതിന് പ്രാദേശിക തലത്തില്‍ നീക്കുപോക്കുണ്ടാകും. ഇത് മനസ്സിലാക്കിയാണ് തെറ്റയില്‍ ചോദ്യങ്ങളുമായി എത്തുന്നത്.