തിരുവനന്തപുരം: ജനതാദൾ സെക്യുലർ(ജെഡിഎസ്) എൻ.ഡി.എ മുന്നണിയുടെ ഭാഗമായതോടെ കേരളത്തിൽ രണ്ട് എംഎൽഎമാർ അടക്കമുള്ള പാർട്ടിയിൽ ഭിന്നത. എന്നാൽ കേരള ഘടകത്തിന് സ്വതന്ത്ര തീരുമാനം എടുക്കാൻ ജെഡിഎസ് അവസരം നൽകുമെന്നാണ് സൂചന.സംസ്ഥാന പാർട്ടിയായി തുടരണോ, അതോ ആർജെഡിയിൽ ലയിക്കണമോ, ഇക്കാര്യത്തിലാണ് തർക്കം.

മന്ത്രി കെ. കൃഷ്ണൻകുട്ടിയും മാത്യു.ടി തോമസുമാണ് ജെ.ഡി.എസിന്റെ പ്രതിനിധികളായി കേരള നിയമസഭയിലുള്ളത്. എച്ച്.ഡി. കുമാരസ്വാമി ജെ.ഡി.എസിനെ ബിജെപി പാളയത്തിലെത്തിച്ച വാർത്ത പുറത്തുവന്നപ്പോൾ തന്നെ കേരളത്തിൽ ഇടതുമുന്നണിയിൽ തുടരുന്ന പാർട്ടിക്ക് അത് വലിയ തലവേദനയായി. ദേശീയ നേതൃത്വത്തിന്റെ തീരുമാനത്തിനൊപ്പം നിൽക്കാനാണ് നീക്കമെങ്കിൽ കൃഷ്ണൻകുട്ടിയും മാത്യു.ടി തോമസും രാജിവെക്കണമെന്ന് പാർട്ടിയുടെ എട്ട് ജില്ലാ കമ്മിറ്റികൾ ആവശ്യപ്പെട്ടു. മാത്രമല്ല, കേരളത്തിലുണ്ടായ രാഷ്ട്രീയ മാറ്റങ്ങളിൽ ഇതുപോലൊരു പ്രതിസന്ധി ഉണ്ടായിട്ടില്ലെന്നും നേതാക്കൾ പറയുന്നു.

ജെ.ഡി.എസിന്റെ സ്ഥാനാർത്ഥികളായി മത്സരിച്ചാണ് നിയമസഭയിലെത്തിയതെങ്കിലും രണ്ട് എംഎൽഎമാർ മാറുകയാണെങ്കിൽ വിപ്പ് പ്രശ്‌നം വരുന്നില്ല. അതേസമയം കൂറുമാറ്റ നിരോധന നിയമപ്രകാരം ഇവർക്ക് പുതിയ പാർട്ടി രൂപീകരിക്കാനാവില്ല. ആർ.ജെ.ഡിയിൽ ലയിക്കണമെന്നാണ് മന്ത്രി കൃഷ്ണൻകുട്ടി അഭിപ്രായപ്പെട്ടത്. എന്നാൽ എൽ.ജെ. ഡി, ആർ.ജെ.ഡിയുമായി ലയിച്ച സാഹചര്യത്തിൽ ആ നീക്കം ഗുണകരമാവില്ലെന്നാണ് വിലയിരുത്തൽ. എൽജെഡിയുമായുള്ള ലയനത്തിന് എന്നും അനുകൂലമായിരുന്നു കൃഷ്ണൻകുട്ടി. അത് നടന്നില്ല. ഈ സാഹചര്യത്തിലാണ് ആർജെഡിയിൽ, എൽജെഡി ലയിക്കാൻ തീരുമാനിച്ചത്.

എൽജെഡിക്കൊപ്പം ആർജെഡിയിൽ ലയിക്കണമെന്ന നിലപാടിലാണ് മന്ത്രി കൃഷ്ണകുട്ടിയും അനുയായികളും. സിഎം ഇബ്രാഹിമിന്റെ നേതൃത്വത്തിൽ ജെഡിഎസിൽ നിന്ന് പിളർന്ന് മാറിയ വിഭാഗമായി നിൽക്കണമെന്ന അഭിപ്രായവും കൃഷ്ണൻകുട്ടി വിഭാഗം മുന്നോട്ടു വയ്ക്കുന്നുണ്ട്. എന്നാൽ സംസ്ഥാന പാർട്ടിയായി സ്വതന്ത്രമായി നിൽക്കണമെന്ന് സംസ്ഥാന അദ്ധ്യക്ഷൻ മാത്യു ടി തോമസും കൂട്ടരും വാദിക്കുന്നു.

നേരത്തെ എൽജെഡി അധ്യക്ഷൻ ശ്രേയാംസ് കുമാർ മാത്യു ടി തോമസിനെ സന്ദർശിച്ച് ആർജെഡിയിൽ ലയിക്കണമെന്ന് അഭ്യർത്ഥിച്ചിരുന്നു. ഇതേ തുടർന്നാണ് ശ്രേയാംസ് കുമാറിന്റെ ക്ഷണം സ്വീകരിക്കണമെന്ന അഭിപ്രായം കൃഷ്ണൻകുട്ടി മുന്നോട്ടുവച്ചത്. 2006ൽ കുമാരസ്വാമിയും സംഘവും ബിജെപിയുമായി സഹകരിച്ച് കർണ്ണാടകയിൽ സർക്കാർ രൂപീകരിച്ചപ്പോൾ സോഷ്യലിസ്റ്റ് ജനതാദൾ ഡെമോക്രാറ്റിക്ക് എന്ന പുതിയ പാർട്ടി രൂപീകരിച്ചായിരുന്നു കേരളഘടകം ഇടത് മുന്നണിയിൽ തുടർന്നത്. ഇന്നും അതേ വഴി സ്വീകരിക്കണമെന്ന നിലപാടാണ് മാത്യു ടി തോമസ് വിഭാഗം സ്വീകരിക്കുന്നത്.

ശ്രേയാംസുമായി ചേർന്ന് ആർജെഡിയിൽ ലയിക്കണമെന്നുള്ള കൃഷ്ണൻ കുട്ടിയുടെ താൽപ്പര്യത്തിന് പിന്നിൽ മന്ത്രിസ്ഥാനം നിലനിർത്താനുള്ള നീക്കമാണെന്ന ആക്ഷേപം എതിർവിഭാഗത്തിനുണ്ട്. രണ്ടര വർഷത്തിന് ശേഷം മന്ത്രിസ്ഥാനം വെച്ചുമാറണമെന്ന ധാരണ ജെഡിഎസിൽ ഉണ്ടായിരുന്നു. ശ്രേയാംസ് കുമാറിന്റെ എൽജെഡിയും ജെഡിഎസ് കേരള ഘടകവും ലയിച്ചാൽ എംഎൽഎമാരുടെ എണ്ണം മൂന്നാകും. കെപി മോഹനനാണ് നിലവിൽ എൽജെഡിയിൽ നിന്നുള്ള ഏക എംഎൽഎ. ഇരുപാർട്ടികളും ആജെഡിയിൽ ലയിച്ചാൽ മന്ത്രിസ്ഥാനം സംബന്ധിച്ച് ഉയരാനിടയുള്ള തർക്കങ്ങളെ മറികടക്കാൻ തൽസ്ഥിതി തുടരാനാണ് സാധ്യത. ഇത്തരമൊരു സാഹചര്യമാണ് കൃഷ്ണൻകുട്ടി ലക്ഷ്യമിടുന്നതെന്നാണ് ആക്ഷേപം ഉയരുന്നത്.

എം വി ശ്രേയംസ് കുമാർ നേതൃത്വം നൽകുന്ന എൽജെഡിയും ആർജെഡിയുമായുള്ള ലയനം എൽജെഡി സംസ്ഥാന കൗൺസിൽ അംഗീകരിച്ചിരുന്നു. ലയന സമ്മേളനം അടുത്ത മാസം രണ്ടാം വാരം കോഴിക്കോട് നടക്കും. ലയന സമ്മേളനവുമായി ബന്ധപ്പെട്ട് ആർജെഡി ദേശീയ നേതൃത്വവുമായി സംസാരിക്കും. മന്ത്രിസഭയിൽ പ്രാതിനിധ്യം വേണമെന്ന് എൽഡിഎഫിനോട് ആവശ്യപ്പെടാനും എൽജെഡി സംസ്ഥാന കൗൺസിൽ യോഗം തീരുമാനിച്ചു.

നേരത്തെ ജെഡിഎസുമായി ലയിക്കുവാൻ എൽജെഡിയിൽ ആലോചനകളുണ്ടായിരുന്നു. ഇത് സംബന്ധിച്ച് പല ചർച്ചകളും നടക്കുകയും ചെയ്തു. കർണാടകയിൽ ബിജെപി സഹകരണവുമായി ബന്ധപ്പെട്ട് ജെഡിഎസ് ദേശീയ നേതൃത്വം സ്വീകരിക്കുന്ന മൃദുസമീപനം ഈ നീക്കത്തിന് തടസ്സമായിരുന്നു. ബിജെപിയുമായി സഹകരിക്കുമെന്ന പ്രതീതി സൃഷ്ടിക്കുന്ന ജെഡിഎസുമായി ചേരുന്നതിനെതിരെ എൽജെഡിയിലെ വലിയൊരു വിഭാഗം എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. ഇതിനെ തുടർന്നാണ് എൽജെഡി-ആർജെഡി ചർച്ചകൾ ആരംഭിച്ചത്.

ജെഡിഎസ് നിതീഷ് കുമാറിന്റെ പാർട്ടിയുമായി ലയിക്കണമെന്നാണ് മുതിർന്ന നേതാവ് നീലലോഹിതദാസൻ നാടാർ നിർദ്ദേശിച്ചത്. എന്നാൽ അടിക്കിടെ നിലപാട് മാറ്റുന്ന നിതീഷിനോടൊപ്പം ചേരുന്നത് ആത്മഹത്യാപരമാണെന്നാണ് പാർട്ടി നിലപാട്. അഖിലേഷ് യാദവിന്റെ എസ്‌പിയോടൊപ്പം പോകാനും ഇടയ്ക്ക് ആലോചന വന്നു. നിതീഷ് കുമാർ ഇനിയും ബിജെപിക്കൊപ്പം കൂടുമെന്ന വിലയിരുത്തലാണ് ഇതിന് കാരണം. കേരളത്തിലെ എല്ലാ നേതാക്കളും ഒരുമിച്ച് നിൽക്കുമെന്നാണ് സൂചന.

നീലലോഹിത ദാസൻ നാടാരും ജോസ് തെറ്റയിലും എല്ലാം ബിജെപിയുമായി അടുക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ജെ.ഡി.എസ് കേരള ഘടത്തിന്റെ നീക്കം എന്തെന്ന് മനസിലാക്കിയ ശേഷം നിലപാട് വ്യക്തമാക്കാമെന്നാണ് സിപിഎമ്മിന്റെ നിലപാട്. പലയാവർത്തി പിളർന്ന പാർട്ടി സംസ്ഥാനത്ത് വളരെ ദുർബലമാണ്. കേരളത്തിൽ എൽ.ജെ.ഡിയുടെ ശക്തി പോലും ജെ.ഡി.എസിന് ഇല്ലെന്ന് വിലയിരുത്തുന്ന സിപിഎം നേതാക്കളുമുണ്ട്. മന്ത്രി കൃഷ്ണൻകുട്ടിയും മാത്യു.ടി തോമസും സ്വീകരിക്കുന്ന നിലപാട് അനുസരിച്ചാകും പാർട്ടിയുടെ ഭാവി.

കർണാടക നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെയാണ് ജെഡിഎസ്-ബിജെപിയുമായി അടുത്തത്. കർണാടക മുൻ മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ബിഎസ് യെദ്യൂരപ്പയാണ് സഖ്യ ചർച്ചയ്ക്ക് മുൻകൈ എടുത്തത്. ലോക്‌സഭയിൽ ഇരുപാർട്ടികളും സഖ്യമായി മത്സരിക്കും. കർണാടകയിൽ 28 ലോക്‌സഭാ സീറ്റുകളാണ് ഉള്ളത്. എന്നാൽ, സീറ്റുവിഭജനം സംബന്ധിച്ച് അന്തിമ തീരുമാനത്തിലെത്തിയിട്ടില്ലെന്നാണ് ഇരുപാർട്ടി നേതാക്കളും അറിയിച്ചിരിക്കുന്നത്. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കർണാകയിൽ ബിജെപി വൻ വിജയം നേടിയിരുന്നു. 25 സീറ്റുകളിൽ ബിജെപിക്ക് ജയിക്കാനായപ്പോൾ കോൺഗ്രസിനും ജെഡിഎസിനും ഓരോ സീറ്റ് വീതമാണ് ലഭിച്ചത്.