തിരുവനന്തപുരം: കേരള സർവകലാശാലയിൽ വിസിയുടെ വിലക്ക് മറികടന്ന് ജോൺ ബ്രിട്ടാസ് എംപി നടത്തിയ പ്രഭാഷണം വിവാദമായി. എംപിയുടെ പ്രഭാഷണത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം തേടി. 'ഇന്ത്യൻ ജനാധിപത്യം വെല്ലുവിളികളും കടമകളും' എന്ന വിഷയത്തിൽ ജോൺ ബ്രിട്ടാസിന്റെ പ്രസംഗം തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ചൂണ്ടിക്കാട്ടിയാണ് വിസി വിലക്കിയത്. സർവകലാശാല രജിസ്ട്രാറോടാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം തേടിയത്.

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ചൂണ്ടിക്കാട്ടിയാണ് വിസി പ്രഭാഷണം തടഞ്ഞത്. ഇടത് ജീവനക്കാരുടെ സംഘടനയായ യൂണിവേഴ്സിറ്റി എംപ്ലോയീസ് യൂണിയനാണ് പ്രതിമാസ പ്രഭാഷണ പരമ്പര സംഘടിപ്പിച്ചത്. ഇന്ന് ഉച്ചയ്ക്ക് 1.15ന് യൂണിവേഴ്സിറ്റി എംപ്ലോയീസ് ഹാളിലായിരുന്നു പരിപാടി നടക്കേണ്ടിയിരുന്നത്. പ്രഭാഷണം വിലക്കിയ വിസി തുടർ നടപടിക്ക് രജിസ്ട്രാറെ ചുമതലപ്പെടുത്തുകയും ചെയ്തു. രജിസ്ട്രാർ സംഘാടകർക്ക് നോട്ടീസും നൽകി. വിലക്ക് ലംഘിച്ച് മുന്നോട്ട് പോകാനായിരുന്നു സംഘാടകരുടെ തീരുമാനം.

രാഷ്ട്രീയ പരിപാടി പാടില്ലെന്ന രജിസ്ട്രാറുടെ സർക്കുലർ നിലനിൽക്കെ പ്രധാനമന്ത്രിയേയും ബിജെപിയേയുും വിമർശിച്ചായിരുന്നു ബ്രിട്ടാസിന്റെ പ്രസംഗം. വിസിക്കെതിരെയും പ്രസംഗത്തിൽ പരാമർശമുണ്ടായിരുന്നു. അതേസമയം, പ്രഭാഷണ പരമ്പരയിൽ രാഷ്ട്രീയമില്ലെന്നാണ് യൂണിയൻ നിലപാട്. സർവകലാശാല വിസിയും ഇടത് സിന്റിക്കേറ്റ് അംഗങ്ങളും യൂണിയനും തമ്മിൽ ഏറെനാളായി പോരിലാണ്. അതിനിടെയാണ് പുതിയ വിവാദം. എല്ലാ മാസവും പ്രഭാഷണ പരമ്പര നടത്താറുണ്ട്. ഇതിന് തിരഞ്ഞെടുപ്പുമായി ബന്ധമില്ല. പരമ്പര പൊതുപരിപാടിയല്ല. യൂണിയൻ ഹാളിലാണ് പരിപാടി സംഘടിപ്പിച്ചതെന്നും ഭാരവാഹികൾ പറഞ്ഞു.

അതേസമയം, വിഷയത്തിൽ പ്രതികരണവുമായി ജോൺ ബ്രിട്ടാസ് രംഗത്തെത്തി. എന്താണ് ജനാധിപത്യം എന്നതിൽ വ്യക്തമായ ധാരണയില്ലാത്തവരാണ് വിസി ആയി ഇരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. 'സംവാദം വിസിയാണ് സംഘടിപ്പിക്കേണ്ടത്. ഇങ്ങനെയുള്ള ഉത്തരവ് വിസിക്ക് എടുക്കാൻ പറ്റുമോ? അത് പെരുമാറ്റച്ചട്ട ലംഘനമല്ല. ജനാധിപത്യമെന്തെന്ന് ജനങ്ങൾ അറിയണ്ടേ. ധാർഷ്ട്യവും ദാസ്യവേലയും ഒരുമിച്ചാൽ ഇങ്ങനെയുള്ള ഉത്തരവ് ഉണ്ടാകും. ' - ജോൺ ബ്രിട്ടാസ് പറഞ്ഞു.