- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'യൂദാസിനെപോലെ ക്രൈസ്തവരെ ഒറ്റിക്കൊടുത്തയാള്‍; ക്രൈസ്തവര്‍ക്ക് വേണ്ടി മുതലക്കണ്ണീര്‍ ഒഴുക്കുന്നു'; ജോര്‍ജ് കുര്യനെ വിമര്‍ശിച്ച് ജോണ്‍ ബ്രിട്ടാസ്
'യൂദാസിനെപോലെ ക്രൈസ്തവരെ ഒറ്റിക്കൊടുത്തയാള്‍; ക്രൈസ്തവര്‍ക്ക് വേണ്ടി മുതലക്കണ്ണീര്‍ ഒഴുക്കുന്നു
ന്യൂഡല്‍ഹി: കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യനെ യൂദാസിനോട് ഉപമിച്ച് കേരളത്തില്‍നിന്നുള്ള ജോണ്‍ ബ്രിട്ടാസ് എംപി. യൂദാസിനെ പോലെ 30 വെള്ളിക്കാശിന് ക്രൈസ്തവരെ ഒറ്റിക്കൊടുത്ത വിദ്വാനാണ് ജോര്‍ജ് കുര്യന്‍ എന്നും ഇദ്ദേഹമാണ് ഇപ്പോള്‍ ക്രൈസ്തവര്‍ക്ക് വേണ്ടി മുതലക്കണ്ണീര്‍ ഒഴുക്കുന്നതെന്നുമാണ് ബ്രിട്ടാസിന്റെ വിമര്‍ശനം.
വഖഫ് വിഷയത്തില്‍ സുരേഷ് ഗോപിയും ജോര്‍ജ് കുര്യനും സ്വീകരിച്ച നിലപാടിനെ ജോണ്‍ ബ്രിട്ടാസ് രൂക്ഷമായി വിമര്‍ശിച്ചു. ബൈബിളില്‍ ഒരുവാക്യമുണ്ട്, അവര്‍ എന്താണ് ചെയ്യുന്നതെന്ന് അവര്‍ അറിയുന്നില്ലെന്ന്. അതുപോലെയാണ് കേരളത്തില്‍ നിന്നുള്ള എംപിമാരായ സുരേഷ് ഗോപിയും ജോര്‍ജ് കുര്യനും. അവര്‍ എന്താണ് പാര്‍ലമെന്റില്‍ പറയുന്നതെന്ന് അവര്‍ക്ക് തന്നെ അറിയില്ല.
കേരള നിയമസഭയില്‍ പാസാക്കിയ പ്രമേയം അറബിക്കടലില്‍ വലിച്ചെറിയുമെന്നുള്ള സുരേഷ് ഗോപിയുടെ പ്രസ്താവനയെയും ജോണ്‍ ബ്രിട്ടാസ് വിമര്‍ശിച്ചു. സുരേഷ് ഗോപി പറഞ്ഞത് പോലെയാണെങ്കില്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പാസാക്കുന്ന പ്രമേയങ്ങള്‍ അറബിക്കടലിലോ ഗംഗയിലോ യമുനയിലോ എറിയുമോ? ഒരു മന്ത്രി ഉപയോഗിക്കേണ്ട ഭാഷയല്ല ഇതെന്നും ജോണ്‍ ബ്രിട്ടാസ് കുറ്റപ്പെടുത്തി.
എമ്പുരാന്‍ വിഷയത്തില്‍ മന്ത്രി ജോര്‍ജ് കുര്യന്‍ സ്വീകരിച്ച നിലപാടിനേയും ബ്രിട്ടാസ് വിമര്‍ശിച്ചു. 'എമ്പുരാന്‍ സിനിമ വിഷയം രാജ്യസഭയില്‍ ഉന്നയിച്ചപ്പോള്‍ ഒരുമന്ത്രി ഏഴുന്നേറ്റുനിന്ന് പറഞ്ഞത് ആ സിനിമ കുരിശിന് എതിരാണെന്നും ക്രിസ്റ്റ്യാനിറ്റിക്ക് എതിരാണെന്നുമാണ്. യൂദാസിനെ പോലെ 30 വെള്ളിക്കാശിന് ക്രൈസ്തവ സമൂഹത്തെ ഒറ്റിക്കൊടുത്തിട്ട് ബിജെപിയുടെ കൂടെ നില്‍ക്കുന്ന വിദ്വാനാണ് ക്രൈസ്തവര്‍ക്ക് വേണ്ടി മുതലക്കണ്ണീര്‍ ഒഴുക്കുന്നത്. ഈ കാപട്യമൊക്കെ കേരളത്തിലെ ജനങ്ങള്‍ തിരിച്ചറിയും. ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.