- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പത്തനംതിട്ട കലക്ടറേറ്റിൽ പിഎസ്സി എൽഡി ക്ലാർക്ക് നിയമന ഉത്തരവ് ചോർത്തിയ സംഭവം; ഉദ്യോഗസ്ഥർ കുറ്റക്കാരെന്ന് കണ്ടെത്തിയിട്ടും നടപടിയില്ല; ജോയിന്റ് കൗൺസിൽ നേതാക്കളെ രക്ഷിക്കാൻ മന്ത്രി തലത്തിൽ ഇടപെടൽ
പത്തനംതിട്ട: പിഎസ്സിയുടെ എൽഡി ക്ലാർക്ക് നിയമന ഉത്തരവ് കലക്ടറേറ്റിലെ സീക്രട്ട് സെക്ഷനിൽ നിന്ന് ചോർത്തി ഉദ്യോഗാർഥികൾക്ക് നൽകുകയും അവർ അതുമായി ജോലിയിൽ പ്രവേശിക്കുകയും ചെയ്ത സംഭവത്തിൽ കുറ്റക്കാരായി കണ്ട ഉദ്യോഗസ്ഥർക്കെതിരായ നടപടി അട്ടിമറിച്ചു. മറുനാടൻ പുറത്തു വിട്ട വാർത്ത പിന്നീട് മറ്റു മാധ്യമങ്ങളും സർവീസ് സംഘടയായ എൻജിഓ സംഘും ഏറ്റെടുത്തതിനെ തുടർന്നാണ് അന്വേഷണം നടന്നത്. തിരുവല്ല സബ് കലക്ടർ ആയിരുന്ന ശ്വേത നാഗർകോട്ടി സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ കലക്ടർ ദിവ്യ എസ്. അയ്യൻ നാലു പേർക്കെതിരേ നടപടിക്ക് ശിപാർശ ചെയ്ത് റവന്യൂ സെക്രട്ടറിക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇത് മന്ത്രിയുടെ ഓഫീസിൽ പൂഴ്ത്തി വയ്ക്കുകയും ഉദ്യോഗസ്ഥരെ നടപടിയിൽ നിന്ന് രക്ഷപ്പെടുത്തുകയുമായിരുന്നു.
അടൂർ താലൂക്ക് ഓഫീസിലേക്കുള്ള നിയമന ഉത്തരവ് ജില്ലാ കലക്ടർ ഒപ്പിട്ടയുടൻ രണ്ട് ഉദ്യോഗാർത്ഥികൾക്ക് വാട്സാപ്പ് വഴി അയച്ചുകൊടുക്കുകയും അവർ പ്രിന്റൗട്ടുമായി താലൂക്ക് ഓഫീസിൽ ജോലിയിൽ പ്രവേശിക്കുകയുമായിരുന്നു. രജിസ്റ്റേഡ് തപാലിൽ അയക്കേണ്ടതും അതീവ രഹസ്യസ്വഭാവത്തോടെ നടത്തേണ്ടതുമായ നടപടിയാണ് വാട്സാപ്പ് വഴിയാക്കിയത്. ഈ വിവരം മറുനാടനാണ് പുറത്തു വിട്ടത്. പിന്നാലെ എൻജിഒ സംഘ്, എൻജിഒ അസോസിയേഷൻ എന്നിവയുടെ പ്രതിഷേധത്തെ തുടർന്ന് ജില്ലാ കലക്ടർ ആയിരുന്ന ഡോ.ദിവ്യ എസ്. അയ്യരുടെ നിർദേശ പ്രകാരം തിരുവല്ല സബ് കലക്ടറായിരുന്ന നാഗർകോട്ടി നടത്തിയ അന്വേഷണത്തിൽ കലക്ടറേറ്റിലെ പ്രധാന ഉദ്യോഗസ്ഥ, സീക്രട്ട് സെക്ഷനിലെ രണ്ടു ക്ലാർക്കുമാർ, ഭരണാനുകൂല സംഘടനയുടെ ജില്ലാ നേതാവ് എന്നിവർ കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു. ഇവർക്കെതിരെ നടപടി ആവശ്യപ്പെട്ട് ജില്ലാ കലക്ടർ റവന്യു സെക്രട്ടറിക്ക് കത്തെഴുതിയിരുന്നു. റിപ്പോർട്ട് ഇപ്പോഴും കലക്ടറേറ്റിൽ രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്.
25 പേർക്ക് നിയമനം നൽകാൻ തീരുമാനിച്ചതിന് പിന്നാലെ രണ്ടു പേർക്ക് മാത്രം നിയമന ഉത്തരവ് രഹസ്യമായി കൈമാറുകയും അവർ ജോലിയിൽ പ്രവേശിക്കുകയും ചെയ്തതാണ് മറുനാടൻ രേഖകൾ സഹിതം പുറത്തു വിട്ടത്. എല്ലാവർക്കും ഒന്നിച്ച് നിയമന ഉത്തരവ് തപാലിൽ അയയ്ക്കുകയാണ് വേണ്ടത്. അത് കിട്ടുന്ന മുറയ്ക്ക് വന്ന് ജോലിയിൽ പ്രവേശിക്കണം. ഇവിടെ മറ്റുള്ളവർക്ക് നിയമന ഉത്തരവ് അയയ്ക്കാതെയാണ് രണ്ടു പേർക്ക് മാത്രം രഹസ്യമായി ഉത്തരവ് കൈമാറിയത്. കൊല്ലം ജില്ലയിൽ നിന്നുള്ള ഈ ഉദ്യോഗാർഥികൾ അടൂർ താലൂക്ക് ഓഫീസിൽ ജോലിയിൽ പ്രവേശിച്ചു. ഈ വിവരം അറിഞ്ഞ് മറ്റ്് ഉദ്യോഗാർഥികൾ കലക്ടറേറ്റിൽ അന്വേഷിച്ചപ്പോഴാണ് തങ്ങൾക്കുള്ള നിയമന ഉത്തരവ് അയച്ചിട്ടില്ലെന്ന വിവരം അറിയുന്നത്.
അടിയന്തിര പ്രധാന്യത്തോടെ രണ്ടു പേരെ നിയമിക്കേണ്ടതു കൊണ്ട് അവർക്ക് ഉത്തരവ് വാട്സാപ്പിൽ കൈമാറിയെന്നായിരുന്നു ഔദ്യോഗിക വിശദീകരണം. ഇങ്ങനെ ചെയ്യാൻ ചട്ടം അനുവദിക്കുന്നില്ല. സർക്കാർ നടപടിക്രമം മുറ പോലെയാണ് നടക്കേണ്ടത്. കലക്ടറേറ്റിൽ നിന്ന് തപാൽ മുഖാന്തരം വേണം നിയമന ഉത്തരവ് അയയ്ക്കാൻ. അത് തപാൽ രേഖപ്പെടുത്തുന്ന ബുക്കിൽ എഴുതുകയും വേണം. ഇവിടെ ഈ നടപടിക്രമം ഒന്നും പാലിച്ചിട്ടില്ല.
ജോയിന്റ് കൗൺസിലിന്റെ ജില്ലാ നേതാവ് ഇടപെട്ടാണ് രണ്ടു പേർക്ക് മാത്രമായി നിയമനം നൽകിയത്. ഇത് ജോയിന്റ് കൗൺസിലിൽ തന്നെ എതിർപ്പിന് കാരണമായിട്ടുണ്ട്. ചട്ടം മറികടന്ന് നിയമന ഉത്തരവ് നൽകിയ വിവരം ജില്ലാ കലക്ടർ അറിഞ്ഞിരുന്നില്ല. കലക്ടറുടെ രഹസ്യ വിഭാഗത്തിൽ നിന്നുമാണ് ഉത്തരവ് ചോർന്നത്. ജില്ലാ പി.എസ്.സി ഓഫീസറുടെ നിയമന ശിപാർശ പ്രകാരം 25 ഉദ്യോഗാർഥികളെ എൽഡി ക്ലാർക്ക് തസ്തികയിൽ ജില്ലാ റവന്യൂ ഭരണ വിഭാഗത്തിൽ നിയമനം നൽകി ജില്ലാ കലക്ടർ ഉത്തരവ് പുറപ്പെടുവിച്ചത് കഴിഞ്ഞ വർഷം നവംബർ 18 നാണ്. ഓരോരുത്തർക്കും നിയമന ഉത്തരവ് അയച്ച് അവർ വന്ന് ജോയിൻ ചെയ്യാൻ ഒരാഴ്ചയോളം സമയം എടുക്കും. വെള്ളിയാഴ്ച പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം രണ്ടു പേർ മാത്രം തിങ്കളാഴ്ച അടൂർ താലൂക്ക് ഓഫീസിൽ വന്ന് ജോലിയിൽ പ്രവേശിച്ചു. 10, 14 സീരിയൽ നമ്പറുകളിലുള്ളവരാണ് ജോലിയിൽ കയറിയത്. ജോയിന്റ് കൗൺസിൽ നേതാവിന്റെ നേതൃത്വത്തിൽ ഇവർക്ക് വീടുകളിൽ കൊണ്ടു പോയി നിയമന ഉത്തരവ് കൈമാറുകയായിരുന്നുവെന്ന് പറയുന്നു. കൊല്ലത്ത് നിന്ന് ഇവർക്ക് വരാൻ ഏറ്റവും അടുത്തുള്ള അടൂർ താലൂക്ക് ഓഫീസിൽ തന്നെ നിയമനവും നൽകി.
സീക്രട്ട് സെക്ഷനിലെ സൂപ്രണ്ട് രണ്ടു ദിവസം അവധിയായിരുന്നു. ഈ സമയം നോക്കി സൂപ്രണ്ടിന്റെ പാസ്വേർഡും ഐഡിയും ദുരുപയോഗം ചെയ്താണ് ഉത്തരവ് കൈക്കലാക്കിയതെന്ന് പറയുന്നു. വാട്സാപ്പിൽ ലഭിച്ച ഉത്തരവിന്റെ പ്രിന്റൗട്ടുമായി എത്തിയ ഉദ്യോഗാർത്ഥികൾ തഹസിൽദാരുടെ അനുമതിയോടെയാണ് ജോലിയിൽ പ്രവേശിച്ചത്. ഇതിനു ശേഷമാണ് തഹസിൽദാർക്ക് കലക്ടറേറ്റിൽ നിന്ന് നിയമന ഉത്തരവിന്റെ പകർപ്പ് ലഭിച്ചത്. കലക്ടറുടെ ശിരസ്തദാറുടെ നിർദേശപ്രകാരമാണ് ഉദ്യോഗാർത്ഥികളെ ജോലിയിൽ പ്രവേശിപ്പിച്ചതെന്ന് തഹസിൽദാർ വിശദീകരിച്ചിരുന്നു. കലക്ടർ ഒപ്പിട്ട് രജിസ്റ്റേഡ് തപാലിൽ ലഭിക്കുന്ന നിയമന ഉത്തരവുമായാണ് ഉദ്യോഗാർത്ഥികൾ ജോലിയിൽ പ്രവേശിക്കേണ്ടതെന്നാണ് ചട്ടം. വാട്സ് ആപ്പിൽ ലഭിച്ച ഉത്തരവിന്റെ പ്രിന്റൗട്ടുമായി ഉദ്യോഗാർത്ഥികൾ ജോലിക്ക് എത്തിയപ്പോൾ തഹസിൽദാർ ശിരസ്തദാറെ ഫോണിൽ വിളിച്ചു. ഉത്തരവുമായി എത്തിയവർക്ക് നിയമനം നൽകാമെന്ന് ശിരസ്തദാർ പറഞ്ഞു. പിന്നാലെ നിയമന ഉത്തരവ് ഇ മെയിലായി തഹസിൽദാസർക്ക് കലക്ടറേറ്റിൽ നിന്ന് അയച്ചുകൊടുത്തു.
മാധ്യമങ്ങൾ വാർത്തയുമായി സജീവമാവുകയും സമരങ്ങൾ തുടരുകയും ചെയ്തതോടെ അന്വേഷണത്തിന് സർക്കാർ തയാറാവുകയായിരുന്നു. എന്നാൽ, പിന്നീട് ഇത് വിസ്മൃതയിലായി. ഈ തക്കം നോക്കിയാണ് ഇവർക്കെതിരായ നടപടിക്കുള്ള നിർദ്ദേശം പൂഴ്ത്തിയത്. സർവീസ് സംഘടനയായ ജോയിന്റ് കൗൺസിലിന്റെ നേതാക്കൾ ഉൾപ്പെട്ട നിയമന മാഫിയ ആണ് കലക്ടറേറ്റിൽ നിന്ന് പി.എസ്.സി നിയമന ഉത്തരവ് ചോർത്തി സ്വന്തക്കാർക്ക് നൽകിയത്. പ്രത്യക്ഷത്തിൽ നിസാരമെന്ന് തോന്നുമെങ്കിലും രേഖ ചോർന്നത് കലക്ടറേറ്റിലെ രഹസ്യ വിഭാഗത്തിൽ നിന്നാണെന്നത് പ്രശ്നത്തിന്റെ ഗൗരവം വർധിപ്പിച്ചു. ജോയിന്റ് കൗൺസിലുകാരുടെ കുത്തകയാണ് ഈ വിഭാഗം. ഇവിടെ ജോയിന്റ് കൗൺസിലിന്റെ നേതാക്കൾ മാത്രമാണ് ജോലി ചെയ്യുന്നത്. നിയമനവും സ്ഥലംമാറ്റവും വർക്കിങ് അറേജ്മെന്റുമെല്ലാം തീരുമാനിക്കുന്നത് ഇവരാണ്.
കഴിഞ്ഞ നവംബർ 18 ന് 25 പേരെ റവന്യൂ വകുപ്പിൽ എൽ.ഡി.ക്ലാർക്കുമാരായി നിയമിച്ചു കൊണ്ട് കലക്ടർ പുറപ്പെടുവിച്ച ഉത്തരവാണ് ചോർന്നത്. ഇത് കൈയിൽ കിട്ടിയതിന്റെ അടിസ്ഥാനത്തിൽ കൊല്ലം ജില്ലയിൽ നിന്നുള്ള രണ്ട് ഉദ്യോഗാർഥികൾ അടൂർ താലൂക്ക് ഓഫീസിൽ നവംബർ 21 ന് ജോലിക്ക് ചേർന്നിരുന്നു. മുഴുവൻ ഉദ്യോഗാർഥികൾക്കും നിയമന ഉത്തരവ് ലഭിക്കുന്നതിന് മുൻപ് രണ്ടു പേർ ജോലിയിൽ പ്രവേശിച്ചതും അതീവ രഹസ്യ സ്വഭാവമുള്ള രേഖ കലക്ടറുടെ രഹസ്യ വിഭാഗത്തിൽ നിന്ന് ചോർന്നതും വിവാദമായി.
വിലാസം മാറിയതിനാൽ കൊല്ലം സ്വദേശിയായ ഉദ്യോഗാർഥി അപേക്ഷ നൽകിയ ശേഷം നേരിട്ടു വന്ന് ഉത്തരവ് കൈപ്പറ്റുകയായിരുന്നുവെന്നാണ് സംഭവത്തിൽ ആരോപണ വിധേയരായ ജോയിന്റ് കൗൺസിൽ നേതാക്കൾ മാധ്യമങ്ങളോട് പറഞ്ഞത്. ഇയാൾ കൈപ്പറ്റിയ ഉത്തരവുമായി കൊല്ലം ജില്ലയിൽ തന്നെയുള്ള മറ്റൊരു ഉദ്യോഗാർഥിയും നവംബർ 21 ന് ഉച്ചയ്ക്ക് ശേഷം ജോലിയിൽ പ്രവേശിച്ചിരുന്നു. 2018 ലെ നിയമനത്തട്ടിപ്പിന്റെ പശ്ചാത്തലത്തിൽ നിയമനങ്ങളെല്ലാം കർശന സുരക്ഷയിലാണ് നടന്നു പോരുന്നത്. കലക്ടറുടെ രഹസ്യ വിഭാഗത്തിൽ നിന്ന് അതിന് ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥർ മാത്രമാണ് ഉത്തരവ് അയയ്ക്കേണ്ടത്. ഉദ്യോഗാർഥി അപേക്ഷ നൽകി നേരിട്ടെത്തിയാൽ ഉത്തരവ് നൽകാനുള്ള ചട്ടം കെഎസ്ആറിലുണ്ട്. എന്നാൽ, ഇതിന് ചില നടപടി ക്രമങ്ങളുണ്ട്. ഉദ്യോഗാർഥി നേരിട്ടെത്തി അപേക്ഷ നൽകിയതിന് ശേഷം കലക്ടർ വേരിഫിക്കേഷൻ നടത്തി വേണം ഉത്തരവ് നൽകാൻ. ഉത്തരവ് ഉദ്യോഗാർഥിക്ക് നൽകേണ്ടതാകട്ടെ ഡെസ്പാച്ച് സെക്ഷൻ വഴി തപാൽ ബുക്കിൽ രേഖപ്പെടുത്തിയും വേണം.
ഇവിടെ സംഭവം വിവാദമായപ്പോഴാണ് ഉദ്യോഗാർഥിയുടെ കൈയിൽ നിന്ന് അപേക്ഷ പോലും വാങ്ങിച്ചത് എന്നാണ് വിവരം. കലക്ടറേറ്റിലെ രഹസ്യ വിഭാഗം മുഴുവൻ ജോയിന്റ് കൗൺസിലുകാരുടെ കൈപ്പിടിയിലാണ്. സർക്കാർ ജീവനക്കാരുടെ നിയമന രീതി നിലവിൽ അതീവ രഹസ്യ സ്വഭാവമുള്ളതാണ്. പി.എസ്.സി ഓഫീസിൽ നിന്ന് ഉദ്യോഗാർഥികളുടെ സർട്ടിഫിക്കറ്റ് വേരിഫിക്കേഷൻ കഴിഞ്ഞ് ഇവിടെ നിന്ന് ഫയൽ കലക്ടർക്ക് കൈമാറും. കലക്ടർ ഇത് പരിശോധിച്ച് ഉറപ്പു വരുത്തിയ ശേഷം ഉദ്യോഗാർഥികളെ നിയമിച്ചു കൊണ്ട് ഉത്തരവിടും. ഈ ഉത്തരവിന്റെ പകർപ്പ് അതാത് വകുപ്പ് മേധാവിമാർക്ക് അയച്ചു കൊടുക്കും.
ഇത് അവർക്ക് ലഭിക്കുന്നതിന് പിന്നാലെയാണ് ഉദ്യോഗാർഥികൾക്ക് നിയമന ഉത്തരവ് നൽകുക. ഇത് ലഭിക്കുന്ന ഉദ്യോഗാർഥികൾ യഥാർഥ രേഖകളുമായി വകുപ്പ് മേധാവിക്ക് മുന്നിൽ ഹാജരാകണം. മേധാവി ആളിനെയും രേഖകളും പരിശോധിച്ച് ഉറപ്പു വരുത്തണം. കലക്ടർ അയച്ചു കൊടുത്ത നിയമന ഉത്തരവ് രേഖയുമായി ഒത്തു നോക്കണം. ഇവിടെ അതൊന്നും നടന്നിട്ടില്ല. രണ്ട് ഉദ്യോഗാർഥികൾ ഉത്തരവുമായി ഹാജരായപ്പോൾ അടൂർ തഹസിൽദാർ കലക്ടറേറ്റിലേക്ക് വിളിച്ചു ചോദിച്ചാണ് നിയമനം നൽകിയത്. ഇത് ഒരിക്കലും നിയമപരമല്ല. ഇതു സംബന്ധിച്ച രേഖ കലക്ടറേറ്റിൽ നിന്ന് തഹസിൽദാർക്ക് ഇമെയിൽ അയച്ചിരുന്നുവെന്നാണ് ജോയിന്റ് കൗൺസിൽ നേതാക്കൾ പറഞ്ഞത്. ഇതിന്റെ വസ്തുത അടക്കം പരിശോധിക്കേണ്ടി വരും. അതേ പോലെ ജോലിയിൽ പ്രവേശിച്ച ഉദ്യോഗാർഥി നൽകിയ അപേക്ഷയും അതിന്മേലുണ്ടായ തുടർനടപടിയും പരിശോധനാ വിധേയമാക്കണം.
രണ്ടു പേർക്ക് നേരത്തേ നിയമനം നൽകുന്നതുകൊണ്ട് ആർക്കും പ്രത്യേകിച്ച് പ്രയോജനമില്ല. പക്ഷേ, ഇവിടെ സർവീസ് സംഘടനയ്ക്ക് അംഗബലം വർധിപ്പിക്കുന്നതിന് വേണ്ടിയാണ് രണ്ടു പേർക്ക് മാത്രമായി നിയമന ഉത്തരവ് നൽകിയതെന്നാണ് പറയുന്നു.അടുത്ത കാലത്ത് റവന്യൂ വകുപ്പിൽ ജോലി കിട്ടിയവരെ മുഴുവൻ ജോയിന്റ് കൗൺസിൽ അംഗങ്ങളാക്കി മാറ്റി. സൗകര്യപ്രദമായ സ്ഥലത്ത് നിയമനം ലഭിക്കാൻ വേണ്ടി കോഴ വാങ്ങുമെന്ന ആരോപണവും പ്രതിപക്ഷ സർവീസ് സംഘടനകൾ ഉന്നയിക്കുന്നു. ഇങ്ങനെ കോഴ കൊടുത്തവർക്ക് വിശ്വാസ്യത കൈവരാൻ വേണ്ടി പല കുറുക്കുവഴികളും സ്വീകരിക്കാറുണ്ടത്രേ.
കൊല്ലം ജില്ലയിൽ നിന്നുള്ള ഉദ്യോഗാർഥികൾക്ക അവർക്ക് സൗകര്യപ്രദമായ സ്ഥലത്ത് ഇവർ നിയമനം തരപ്പെടുത്തി കൊടുക്കും. അടൂർ അല്ലെങ്കിൽ തിരുവല്ല ആണ് അവർക്ക സൗകര്യപ്രദം. അടൂരാണെങ്കിൽ എളുപ്പം ബസിന് എത്താം. തിരുവല്ലയിൽ ട്രെയിനിൽ വന്നിറങ്ങാം. അതേ സമയം, ജോയിന്റ് കൗൺസിലിൽ ചേരാൻ തയാറാകാത്ത തിരുവനന്തപുരത്ത് നിന്നുള്ളവരെയൊക്കെ റാന്നി, മല്ലപ്പള്ളി താലൂക്കുകളിലേക്ക് പറപ്പിക്കുകയും ചെയ്യും. ഇതിന് പിന്നിലെ സാമ്പത്തിക ഇടപാടും അന്വേഷണത്തിന്റെ പരിധിയിൽ വരണമെന്നാണ് സർവീസ് സംഘടനകളുടെ ആവശ്യം.
കോന്നിയിലും മല്ലപ്പള്ളിയിലും ഇതേ രീതിയിൽ നിയമന ഉത്തരവ് ചോർന്നു കിട്ടിയവർ ജോലിക്ക് ചേർന്നിരുന്നു. സബ്കലക്ടറുടെ അന്വേഷണത്തിൽ അടൂർ തഹസിൽദാർ സത്യസന്ധമായി കാര്യങ്ങൾ അറിയിച്ചുവെന്നാണ് വിവരം. മറ്റ് രണ്ടിടത്തുമുള്ളവർ സർവീസ് സംഘടനയ്ക്ക് അനുകൂലമായ രീതിയിലാണ് മൊഴി നൽകിയിരിക്കുന്നത് എന്നും പറയുന്നു. സബ്കലക്ടറുടെ റിപ്പോർട്ട് നടപ്പാക്കിയാൽ ജോയിന്റ് കൗൺസിലിന്റെ ജില്ലാ നേതാവ് ഉൾപ്പെടെ നടപടി നേരിടേണ്ടി വരുമെന്നതാണ് കാരണം.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്