തിരുവനന്തപുരം:ബാർകോഴ കേസിൽ കെ എം മാണിയെ തെറിവിളിച്ചു പുറത്തുചാടിക്കാൻ മുന്നിൽ നിന്ന സിപിഎം പാളയത്തിലേക്ക് ജോസ് കെ മാണി കയറിയത് വലിയ സ്വപ്നങ്ങളോടെ ആയിരുന്നു. യുഡിഎഫിൽ നിന്നും മറുകണ്ടം ചാടിയതോടെ അതിന്റെ നേട്ടം സിപിഎമ്മിന് തിരഞ്ഞെടുപ്പിൽ ഉണ്ടാകുകയും ചെയ്തു. എന്നാൽ, പാലയിൽ ജോസ് കെ മാണി തോറ്റത് വലിയ തിരിച്ചടിയായി മാറുകയും ചെയ്തു. ഇപ്പോഴിതാ കേരളാ കോൺഗ്രസ് മാണി വിഭാഗത്തെ വീണ്ടും തഴയുകയാണെന്ന വികാരണം പാർട്ടിക്കുള്ളിൽ ശക്തമാകുകയാണ്. ഒഴിവു വരുന്ന മൂന്ന് രാജ്യസഭാ സീറ്റിൽ ഒരെണ്ണം കേരളാ കോൺഗ്രസിന് വേണമെന്ന് ആവശ്യപ്പെട്ടെങ്കിലും അത് നടക്കാൻ നടന്നേക്കില്ലെന്ന സൂചനകളാണ് പുറത്തുവരുന്നത്.

സിപിഐയും കേരള കോൺഗ്രസും(എം) നോട്ടമിടുന്ന രാജ്യസഭാ സീറ്റിൽ സിപിഎം മുൻഗണന നൽകുന്നതു സിപിഐക്ക് തന്നെയാകും എന്നതാണ് പുറത്തുവരുന്ന സൂചന. കേരളാ കോൺഗ്രസിന് അടുത്തതവണ സീറ്റു നൽകാമെന്ന ധാരണയുണ്ടാക്കാൻ. എന്നാൽ, രാജസഭാ സീറ്റിന് പകരം ജോസ് കെ മാണിക്ക് എന്തു സ്ഥാനം നൽകുമെന്ന ചോദ്യത്തിന്് ഉത്തരമായിട്ടില്ല. ജൂൺ 6 മുതലാണു പത്രിക നൽകാവുന്നത്. അതായതു ലോക്‌സഭാ തിരഞ്ഞെടുപ്പു ഫലം വന്നാൽ ഉടൻതന്നെ എൽഡിഎഫ് ചേർന്നു രാജ്യസഭാ സീറ്റ് വിഭജനം പൂർത്തിയാക്കണം. സിപിഐ ഇക്കാര്യത്തിൽ വിട്ടുവീഴ്‌ച്ചക്ക് സാധ്യത കുറവാണ്. അതുകൊണ്ട് തന്നെ ജോസ് കെ മാണിയുടെ രാജ്യഭാ മോഹം പൊലിയാനാണ് സാധ്യത.

എളമരം കരീം (സിപിഎം), ബിനോയ് വിശ്വം (സിപിഐ), ജോസ് കെ.മാണി (കേരള കോൺഗ്രസ്എം) എന്നീ എൽഡിഎഫിലെ 3 പേർ ഒഴിയുമ്പോൾ രണ്ടു സീറ്റേ മുന്നണിക്കു ലഭിക്കൂ. യുഡിഎഫിനു ലഭിക്കുന്ന ഏക സീറ്റ് മുസ്‌ലിം ലീഗിന് ആണെന്നു ധാരണയായിട്ടുണ്ട്. മൂന്നിൽ ഒന്ന് സിപിഎം തന്നെ നിലനിർത്തും. ഇതിന് ദേശീയ സാഹചര്യങ്ങളെ കുറിച്ചാകും പറയുക. രണ്ടാം സീറ്റ് മുന്നണിയിലെ രണ്ടാമൻ എന്ന നിലയിൽ സിപിഐക്ക് തന്നെയാണ് മുൻതൂക്കം. റോട്ടേഷൻ വ്യവസ്ഥയിൽ തീരുമാനമെടുക്കുന്ന രീതി കണക്കിലെടുത്താൽ ഊഴം സിപിഐക്കാണെന്നു സിപിഎം വൃത്തങ്ങൾ വ്യക്തമാക്കി. 17 നിയമസഭാ സീറ്റുള്ള കക്ഷി എന്നതും അവർക്കു മേൽക്കൈ നൽകുന്നു. കേരള കോൺഗ്രസിന് 5 നിയമസഭാംഗങ്ങളാണുള്ളത്.

അതേസമയം ജോസ് കെ മാണിക്ക് എന്ത് സ്ഥാനം നൽകുമെന്ന ചോദ്യവും പ്രസ്‌കതമാണ്. രാജ്യസഭാ സീറ്റ് ലഭിക്കാതെ വന്നാൽ ജോസിന് പദവികൾ ഇല്ലാതെ കഴിയേണ്ടി വരും. രണ്ടാം പിണറായി സർക്കാർ വന്നശേഷം പ്രവർത്തനം നിലച്ച ഭരണപരിഷ്‌കാര കമ്മിഷൻ പുനരുജ്ജീവിപ്പിച്ച് അതിന്റെ അധ്യക്ഷസ്ഥാനം കാബിനറ്റ് റാങ്കോടെ കേരള കോൺഗ്രസിനു നൽകി സാന്ത്വനിപ്പിക്കാൻ ശ്രമിക്കുമെന്ന പ്രചാരണം ശക്തമാണ്. ഈ പ്രചരണം കേരളാ കോൺഗ്രസ് കേന്ദ്രങ്ങളിൽ നിന്നു തന്നയാണെന്നാണ് പുറത്തുവരുന്ന നിഗമനം. സാമ്പത്തിക പ്രതിസന്ധികൾക്കിടെ ഭരണപരിഷ്‌ക്കരണ കമ്മീഷൻ പദവി പുനരുജ്ജീവിപ്പിച്ചാൽ അതും വിവാദമാകും എന്നതാണ് പ്രതിസന്ധി.

എൽഡിഎഫിനു ലഭിക്കുന്ന 2 സീറ്റുകൾ സിപിഐക്കും കേരള കോൺഗ്രസിനും കൈമാറിയും സ്വയം ത്യജിച്ചും പ്രശ്‌നപരിഹാരത്തിനു സിപിഎം ശ്രമിക്കുമോയെന്ന് ഉറ്റുനോക്കുന്നവരുമുണ്ട്. എന്നാൽ, കേന്ദ്രനേതൃത്വം അതിനു സമ്മതം മൂളാനുള്ള സാധ്യത തീരെയില്ല. രാജ്യസഭാ സീറ്റ്, സ്ഥാനാർത്ഥിത്വം എന്നിവയിൽ കേന്ദ്ര നേതൃത്വത്തിന്റെ അഭിപ്രായം കൂടി പരിഗണിക്കപ്പെടാറുണ്ട്. ദേശീയ സാഹചര്യം ചൂണ്ടിക്കാട്ടി യെച്ചൂരി അടക്കമുള്ളവർ നോ പറയാനാണ് സാധ്യത കൂടുതൽ. അതേസമയം കേരളത്തിന്റെ തൽപ്പര്യം പരിഗണിച്ചാൽ പിണറായി തന്നെയാകും ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക.

അതേസമയം സീറ്റ് കൂടിയേ തീരു എന്ന നിലപാടിലാണ് കേരള കോൺഗ്രസ്. സീറ്റ് നിഷേധിക്കപ്പെട്ടാൽ മധ്യതിരുവിതാംകൂറിൽ പാർട്ടിയുടെ സാധ്യത കൂടുതൽ പരുങ്ങലിലാകും. കൂടാതെ യുഡിഎഫിലേക്ക് തിരികെ പോകണമെന്ന വാദം കേരള കോൺഗ്രസിൽ കൂടുതൽ ശക്തമാകുമെന്നും പാർട്ടി നേതാക്കൾ സൂചിപ്പിക്കുന്നു. കേരള കോൺഗ്രസിന്റെ നിലപാടിനെത്തുടർന്നാണ് കേരളത്തിൽ ഭരണത്തുടർച്ച ഉണ്ടായതെന്ന് ജോസ് കെ മാണി അഭിപ്രായപ്പെട്ടിരുന്നു.

അതിനിടെ രാജ്യസഭാ സീറ്റിനായി എൽഡിഎഫിൽ രണ്ടു പാർട്ടികൾ കൂടി രംഗത്തെത്തിയിട്ടുണ്ട്. ആർജെഡി, എൻസിപി പാർട്ടികളാണ് രാജ്യസഭ സീറ്റ് വേണമെന്ന ആവശ്യം ഉന്നയിച്ചത്. ലോക്സഭ സീറ്റ് നിഷേധിച്ച സാഹചര്യത്തിൽ രാജ്യസഭ സീറ്റ് പാർട്ടിക്ക് അനുവദിക്കണമെന്ന് ആർജെഡി നേതാവ് വർഗീസ് ജോർജ് ആവശ്യപ്പെട്ടു. രാജ്യസഭ സീറ്റ് എൽഡിഎഫ് യോഗത്തിൽ പാർട്ടി ആവശ്യപ്പെടുമെന്ന് എൻസിപി നേതാവും മന്ത്രിയുമായ എകെ ശശീന്ദ്രൻ വ്യക്തമാക്കിയിട്ടുണ്ട്. പാർട്ടി സംസ്ഥാന പ്രസിഡന്റ് പി സി ചാക്കോയ്ക്ക് വേണ്ടിയാണ് എൻസിപി രാജ്യസഭ സീറ്റ് ചോദിക്കുന്നത്.