പാലക്കാട്: ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വിടുന്നത് വൈകില്ലെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും മുന്‍ സാംസ്‌കാരിക മന്ത്രിയുമായ എകെ ബാലന്‍. അതിനായി സര്‍ക്കാര്‍ വേണ്ടതെല്ലാം ചെയ്യും. റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം എന്തെന്ന് അറിയില്ലെന്നും അത്ര ഭയപ്പെടേണ്ടത് ആയിട്ട് അതില്‍ ഒന്നുമില്ലെന്നും എ കെ ബാലന്‍ വ്യക്തമാക്കി.

റിപ്പോര്‍ട്ടിനെ കുറിച്ച് അനാവശ്യ ഭയമാണുള്ളത്. സ്വകാര്യതയെ ലംഘിക്കുന്ന ഒന്നുമുണ്ടെന്ന് തോന്നുന്നില്ല. സിനിമാരംഗത്ത് പരിഹരിക്കേണ്ട ഒട്ടേറെ പ്രശ്‌നങ്ങള്‍ ഉണ്ടെന്നും എകെ ബാലന്‍ പറഞ്ഞു. ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടുന്നത് താല്‍ക്കാലികമായി സ്റ്റേ ചെയ്തുകൊണ്ടുള്ള ഹൈക്കോടതി വിധിയോട് പ്രതികരിക്കുകയായിരുന്നു എ കെ ബാലന്‍.

ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടുന്നത് ഹൈക്കോടതി സ്റ്റേ ചെയ്യുകയായിരുന്നു. റിപ്പോര്‍ട്ട് പുറത്തുവിടുന്നത് സ്വകാര്യതയെ ബാധിക്കുമെന്നും തടയണമെന്നും ആവശ്യപ്പെട്ടുളള ചലച്ചിത്ര നിര്‍മ്മാതാവ് സജിമോന്‍ പാറയിലിന്റെ ഹര്‍ജിയിലാണ് ഒരാഴ്ച്ചത്തേക്ക് താല്‍ക്കാലികമായി സ്റ്റേ ചെയ്തുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവ്. പ്രശസ്തിക്ക് വേണ്ടി മാത്രമുള്ള റിപ്പോര്‍ട്ടാണിതെന്നും ആളുകളുടെ പേര് വിവരങ്ങള്‍ പുറത്ത് വിട്ടില്ലെങ്കിലും പലരിലേക്കും വിരല്‍ ചൂണ്ടുമെന്നും ഹര്‍ജിക്കാരന്‍ കോടതിയെ അറിയിച്ചിരുന്നു. നീണ്ട വാദത്തിനൊടുവിലാണ് ഹൈക്കോടതി താല്‍ക്കാലികമായി സ്റ്റേ ചെയ്തത്.

സംസ്ഥാന സര്‍ക്കാര്‍, സംസ്ഥാന വിവരാവകാശ കമ്മിഷന്‍, സംസ്ഥാന സര്‍ക്കാരിന്റെ സാംസ്‌കാരിക വകുപ്പിലെ അപലറ്റ് അതോറിറ്റി എന്നിവര്‍ ഒരാഴ്ചയ്ക്കുള്ളില്‍ മറുപടി സത്യവാങ്മൂലം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ തിരഞ്ഞെടുത്ത ഭാഗങ്ങള്‍ സര്‍ക്കാര്‍ പുറത്തുവിടുന്നതിന് തൊട്ടുമുമ്പാണ് ഹൈക്കോടതി സ്റ്റേ ഉണ്ടായിരിക്കുന്നത്.

സംസ്ഥാന വിവരാവകാശ കമ്മിഷന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ഇന്ന് ഉച്ചയ്ക്കു ശേഷം പുറത്തു വിടാനിരുന്നത്. എന്നാല്‍ പേരുവിവരങ്ങളുള്ള ഭാഗങ്ങള്‍ ഒഴിവാക്കിയിട്ടാണ് പ്രസിദ്ധപ്പെടുത്തുന്നത് എങ്കില്‍ പോലും വ്യക്തികളുടെ സ്വകാര്യത ലംഘിക്കപ്പെടുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി. കമ്മിഷന് മുമ്പില്‍ വെളിപ്പെടുത്തലുകള്‍ നടത്തിയ വ്യക്തികളുടെ ജീവനു പോലും അപകടമുണ്ടാക്കുന്നതാണ് റിപ്പോര്‍ട്ട് പുറത്തുവിടാനുള്ള തീരുമാനമെന്നും ഹര്‍ജിയില്‍ പറയുന്നു.

ആവശ്യമായ കൂടിയാലോചനകള്‍ നടത്താതെ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്തുവിടുന്നത് ഇത് ബാധിക്കപ്പെടുന്ന വ്യക്തികള്‍ക്ക് സ്വാഭാവിക നീതി നിഷേധിക്കപ്പെടുന്നതിനു തുല്യമാകും. ആരോപണങ്ങള്‍ക്ക് മറുപടി പറയാന്‍ പോലും കഴിയാതെ ഇത് അവരുടെ പ്രതിച്ഛായയെ പോലും ബാധിക്കുമെന്നും ഇന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി.

"മലയാള സിനിമ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ചാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലുളളത്. ഇതില്‍ തുടര്‍ നടപടികളാണ് പ്രധാനം. ജസ്റ്റിസ് ഹേമ തന്നെ റിപ്പോര്‍ട്ട് രഹസ്യമായി സൂക്ഷിക്കേണ്ടതാണെന്നു സര്‍ക്കാരിനെ അറിയിച്ചിരുന്നു. ഹേമ കമ്മറ്റി റിപ്പോര്‍ട്ട് ഒരു വിവരശേഖരണം മാത്രമാണ്. റിപ്പോര്‍ട്ട് പുറത്ത് വിടുന്നതില്‍ ഒരു പൊതു താല്പര്യവുമില്ല. വിവരാവകാശം നിയമം വഴി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടവര്‍ ഹേമ കമ്മറ്റിക്ക് മുന്നില്‍ മൊഴി നല്‍കിയവരല്ല".

റിപ്പോര്‍ട്ട് പുറത്ത് വിടുന്നത് നിയമവിരുദ്ധമാണെന്നും സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി. റിപ്പോര്‍ട്ടില്‍ പ്രതിസ്ഥാനത്ത് വന്നവരെ കേട്ടിട്ടില്ലെന്നും ഹര്‍ജിക്കാരന്‍ കോടതിയില്‍ വാദിച്ചു. എന്നാല്‍ പുറത്തു വിടുന്ന റിപ്പോര്‍ട്ടില്‍ ആരുടെയും സ്വകാര്യതയെ ബാധിക്കുന്ന ഒന്നും തന്നെ ഇല്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. സ്വകാര്യതയിലേക്ക് സൂചന നല്‍കുന്ന വിവരങ്ങള്‍ പോലും ഒഴിവാക്കിയിട്ടുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

ഏറെ വിവാദങ്ങള്‍ക്കും നിരന്തര സമ്മര്‍ദ്ദങ്ങള്‍ക്കും ഒടുവില്‍ റിപ്പോര്‍ട്ട് ഇന്ന് പുറത്തുവരാനിരിക്കെയാണ് ഹൈക്കോടതിയില്‍ ഹര്‍ജി എത്തിയിരിക്കുന്നത്. വിവരാവകാശ കമ്മീഷണറുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ഇന്ന് മാധ്യമങ്ങള്‍ക്ക് റിപ്പോര്‍ട്ട് കൈമാറാന്‍ നില്‍ക്കെയാണ് ഹര്‍ജി. വ്യക്തികളെ തിരിച്ചറിയുന്നതും, സ്വകാര്യത ലംഘിക്കുന്നതുമായ ഭാഗങ്ങള്‍ ഒഴിവാക്കി റിപ്പോര്‍ട്ട് പുറത്തുവിടണമെന്നാണ് വിവരാവകാശ കമ്മീഷണര്‍ സര്‍ക്കാരിന് നല്‍കിയ നിര്‍ദ്ദേശം. ഏതൊക്കെ ഭാഗങ്ങള്‍ ഒഴിവാക്കണം എന്ന് വിവരാവകാശ കമ്മീഷന്‍ വ്യക്തമാക്കിയിട്ടുണ്ട്.
സ്വകാര്യതയെ ബാധിക്കുന്ന വിഷയം എന്ന് ചൂണ്ടിക്കാട്ടി, റിപ്പോര്‍ട്ട് പുറത്തുവിടില്ലെന്നായിരുന്നു സര്‍ക്കാരിന്റെ മുന്‍ നിലപാട്.

നടി ആക്രമിക്കപ്പെട്ടതിന് പിന്നാലെയായിരുന്നു സ്ത്രീകള്‍ സിനിമ മേഖലയില്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിക്കാന്‍ ജസ്റ്റിസ് ഹേമ അധ്യക്ഷയായ കമ്മീഷനെ സര്‍ക്കാര്‍ നിയോഗിച്ചത്. സിനിമാ രംഗത്തെ നിരവധി സ്ത്രീകള്‍ നിര്‍ണായക വിവരങ്ങള്‍ അടക്കം കമ്മീഷന് കൈമാറിയിരുന്നു. റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി നാലര വര്‍ഷത്തിന് ശേഷമാണ് പുറത്തു വിടാനൊരുങ്ങിയത്.