കോട്ടയം: പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയെ കബറടക്കിയ ഇടത്തേക്ക് പൊതുജനങ്ങളുടെ പ്രവാഹമാണ്. ഇതിനിടെയാണ് ഉമ്മൻ ചാണ്ടിക്ക് വിശുദ്ധ പദവി നൽകണമെന്ന വിധത്തിലുള്ള ചർച്ചകളും നടക്കുന്നത്. ഈ നീക്കം മണ്ഡലത്തിൽ ഉമ്മൻ ചാണ്ടി അനുകൂല വികാരം ശക്തമാക്കി നിൽക്കുക എന്നതാണ്. കോൺഗ്രസിന്റെ ഈ തന്ത്രം തിരിച്ചറിഞ്ഞ സിപിഎം ഇതുവരെയുള്ള അനുനയ ശൈലി വിട്ട് ആക്രമണ ശൈലിയിലേക്ക് നീങ്ങുകായാണ്. ഇതിന്റെ തുടക്കമെന്നോണമാണ് സിപിഎം നേതാവ് കെ അനിൽ കുമാർ ഫേസ്‌ബുക്കിൽ കുറിപ്പിച്ചത്. ഉമ്മൻ ചാണ്ടിയെ വിശുദ്ധനാക്കണമെന്ന സതീശന്റെ പ്രസ്താവനക്ക് എതിരെയാണ് അനിൽകുമാർ രംഗത്തുവന്നത്. പിന്നാലെ മരിച്ചു പോയ നേതാവിനെ കടന്നാക്രമിച്ചു കൊണ്ടും അദ്ദേഹം രംഗത്തുവന്നു.

കേരളത്തിൽ വിശുദ്ധ പദവിക്ക് അർഹത കമ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടിക്കാണെന്നും ഉമ്മൻ ചാണ്ടിയെ വിശുദ്ധനാക്കി ഉയർത്തണമെന്ന് ആവശ്യപ്പെടുന്നത് രാഷ്ട്രീയമാണെന്നും സിപിഎം സംസ്ഥാന സമിതി അംഗം കെ. അനിൽകുമാർ പറഞ്ഞു. വിശ്വാസത്തെയും മതത്തെയും കൂട്ടിക്കലർത്തുന്ന ബിജെപിയെ അനുകരിക്കുന്ന കേരളത്തിലെ കോൺഗ്രസിന്റെ രാഷ്ട്രീയം കേരളത്തിലെ പ്രബുദ്ധരായ ജനങ്ങൾ നിരാകരിക്കുമെന്നും എല്ലാ തിരഞ്ഞെടുപ്പും സി.പിഎ.മ്മിന് രാഷ്ട്രീയപോരാട്ടമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കവെയാണ് അനിൽകുമാർ തന്റെ അഭിപ്രായം പങ്കുവെച്ചത്.

ഉമ്മൻ ചാണ്ടി നിർവഹിച്ചതിനേക്കാൾ മഹത്തരമായ കാര്യങ്ങൾ കമ്മ്യൂണിസ്റ്റ് പാർട്ടി നിർവഹിച്ചു കഴിഞ്ഞു. കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഇല്ലാത്ത വിശുദ്ധപദവി മറ്റാർക്കുമുണ്ടെന്ന് വിശ്വസിക്കുന്നില്ല കേരളത്തിൽ ഉമ്മൻ ചാണ്ടി ചെയ്തതിനേക്കാൾ പുണ്യപ്രവൃത്തി മാർക്സിസ്റ്റ് പാർട്ടി ചെയ്തിട്ടുണ്ട്. വിശുദ്ധ പദവിക്ക് അർഹതയുണ്ടെങ്കിൽ അത് മാർക്സിസ്റ്റ് പാർട്ടിക്കാണ്. പുതുപ്പള്ളിയിൽ കോൺഗ്രസ് ഗ്രൂപ്പുവഴക്കിന്റെ പേരിൽ നടന്ന കൊലപാതകങ്ങളെയും അനിൽകുമാർ പരാമർശിച്ചു.

ഉമ്മൻ ചാണ്ടിക്ക് കീഴിലായിരുന്നപ്പോൾ കോൺഗ്രസ് മീനടം അവറാമി എന്ന കമ്മ്യൂണിസ്റ്റിനെ കൊലപ്പെടുത്തി. കൊലയാളികൾക്കൊപ്പം നിന്ന ഒരാൾ എങ്ങനെ വിശുദ്ധനാകും. പുതുപ്പള്ളി പയ്യപ്പാടിയിൽ കോൺഗ്രസ് ഐ ഗ്രൂപ്പുകാരനെ എ ഗ്രൂപ്പുകാർ കൊന്നു. കൊലയാളികളുടെ രക്ഷകർത്താവിന് എങ്ങനെയാണ് വിശുദ്ധ പദവി നൽകുക എന്നും അനിൽകുമാർ ചോദിച്ചു. ആഴ്ചയിൽ ഒരു ദിവസം മാത്രം പുതുപ്പള്ളിയിൽ എത്തിയ ഉമ്മൻ ചാണ്ടി കോവിഡ് കാലത്ത് മണ്ഡലത്തിലെ ജനങ്ങൾക്ക് വേണ്ടി ഒന്നും ചെയ്തില്ല. ഉമ്മൻ ചാണ്ടിയുടെ മകന് അത്ര പോലും നാടുമായി ബന്ധമില്ല. കോവിഡ് പ്രവർത്തനങ്ങളിലും ചാണ്ടി ഉമ്മൻ ഉണ്ടായിരുന്നില്ല എന്നും അനിൽ കുമാർ ആരോപിച്ചു.

കഴിഞ്ഞദിവസം ഉമ്മൻ ചാണ്ടിയെയും പ്രതിപക്ഷനേതാവ് വി.ഡി.സതീശനെയും രൂക്ഷമായി വിമർശിച്ച് അനിൽകുമാർ ഫേസ്‌ബുക്കിലിൽ കുറിപ്പ് പങ്കുവെച്ചിരുന്നു. ഈ പോസ്റ്റിലെ പരാമർശങ്ങൾ ചർച്ചയായതിന് പിന്നാലെയായിരുന്നു അനിൽകുമാറിന്റെ പ്രതികരണം. രാഷ്ട്രീയമായി പുതുപ്പള്ളിയിൽ ശക്തമായ മത്സരമുണ്ടാകുമെന്ന് സൂചിപ്പിക്കുന്നതാണ് അനിൽകുമാറിന്റെ പ്രതികരണവും.

''ഉമ്മൻ ചാണ്ടിയുടെ 41-ാം ചരമദിവസം പുതുപ്പള്ളിയിലെ എല്ലാ ബൂത്തുകളിൽനിന്നും കബറിടത്തിലേക്ക് ജാഥയായി എത്തണമെന്നാണ് കോട്ടയം ഡിസിസി ഓഫീസിൽ പ്രതിപക്ഷ നേതാവ് പങ്കെടുത്ത യോഗത്തിലെ തീരുമാനം. കൃത്യമായി വിശ്വാസത്തെ ദുരുപയോഗം ചെയ്യാൻ കോൺഗ്രസ് തീരുമാനിച്ചിരിക്കുന്നു എന്നത് ഇതിലൂടെ വ്യക്തമാണ്. എറണാകുളത്ത് ഡിസിസി യോഗത്തിൽ ഉമ്മൻ ചാണ്ടിയെ പുണ്യാളനായി പ്രഖ്യാപിക്കണമെന്ന് പ്രതിപക്ഷനേതാവ് പറയുമ്പോൾ അതിൽ പങ്കെടുത്തയാളുകൾ കൈയടിക്കുന്നതാണ് കണ്ടത്. അനുശോചനയോഗത്തിൽ കൈയടിക്കുന്നത് നമ്മളാരും കണ്ടിട്ടില്ല. ഓരോ മരണത്തെയും കോൺഗ്രസ് ആഘോഷിക്കുകയാണ്. അതിന് രാഷ്ട്രീയമായി മറുപടി പറഞ്ഞ് മുന്നോട്ടുപോകണം. വിശ്വാസത്തെയും മതത്തെയും കൂട്ടിക്കലർത്തുന്ന ബിജെപിയെ അനുകരിക്കുന്ന കേരളത്തിലെ കോൺഗ്രസിന്റെ രാഷ്ട്രീയം കേരളത്തിലെ പ്രബുദ്ധരായ ജനങ്ങൾ നിരാകരിക്കും.

ഓരോ തിരഞ്ഞെടുപ്പിലും സഹതാപതരംഗം സൃഷ്ടിക്കുക എന്നത് കോൺഗ്രസിന്റെ അജണ്ടയാണ്. 53 കൊല്ലമായി ഞങ്ങൾ അനുഭവിച്ച ഉമ്മൻ ചാണ്ടിയുണ്ട്. അദ്ദേഹത്തിന്റെ രാഷ്ട്രീയത്തിന്റെ ക്രൗര്യം ഞങ്ങൾ കോട്ടയത്ത് അനുഭവിച്ചിട്ടുണ്ട്. അദ്ദേഹം വിശുദ്ധപദവിയിലേക്ക് ഉയർത്തപ്പെടണം എന്ന് ആഗ്രഹിക്കുന്നതലത്തിലേക്ക് കോൺഗ്രസ് പ്രതിഷേധം നടത്തുകയും മതനേതൃത്വത്തിന്റെ പ്രതികരണം ആവശ്യപ്പെടുകയും ചെയ്യുന്നത് രാഷ്ട്രീയമാണ്. ആ രാഷ്ട്രീയത്തെ രാഷ്ട്രീയമായി നേരിടുക എന്നതാണ് ഞങ്ങളുടെ കാഴ്ചപ്പാട്.

വിശുദ്ധപദവിയുടെ മാനദണ്ഡങ്ങൾ തീരുമാനിക്കേണ്ടത് നമ്മളാരുമല്ല. വിശുദ്ധനാണോ അല്ലയോ എന്ന് തീരുമാനിക്കേണ്ടത് സഭാനേതൃത്വമാണ്. ഉമ്മൻ ചാണ്ടി ചെയ്തതിനെക്കേൾ എത്രയോ മഹത്തരമായ കാര്യങ്ങൾ കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി നിർവഹിച്ചുകഴിഞ്ഞു. കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഇല്ലാത്ത വിശുദ്ധപദവി കേരളത്തിൽ മറ്റാർക്കുമുണ്ട് എന്ന് ഞങ്ങൾ വിശ്വസിക്കുന്നില്ല. ഞങ്ങൾ അനുഭവിച്ചത് നാട്ടിലെ ജനങ്ങളോട് പറഞ്ഞു. ഞങ്ങൾ അനുഭവിച്ചത് ഇനിയും പറയും. ഏതെങ്കിലും പള്ളിയിൽ കബറിടത്തിൽ പന്തലുകെട്ടി ഇതുപോലെ പരിപാടി നടത്തുന്നത് കണ്ടിട്ടുണ്ടോ. കല്ലറയിൽ കുടുംബാംഗങ്ങൾ പോയി പ്രാർത്ഥിക്കുന്നതെല്ലാം കണ്ടിട്ടുണ്ട്. എന്നാൽ, കോൺഗ്രസിന്റെ വിവിധഘടകങ്ങൾ ഇവന്റ് മാനേജ്മെന്റ് രീതിയിൽ പരിപാടികൾ സംഘടിപ്പിക്കാൻ ആരംഭിച്ചിരിക്കുകയാണ്'', അനിൽകുമാർ വിശദീകരിച്ചു.

എല്ലാ തിരഞ്ഞെടുപ്പും സിപിഎമ്മിന് രാഷ്ട്രീയപോരാട്ടമാണെന്നും പാലായിലെ തുടർച്ച പുതുപ്പള്ളിയിലുണ്ടാകുമെന്നും അദ്ദേഹം പ്രതികരിച്ചു. പുതുപ്പള്ളിയിലെ ആറ് പഞ്ചായത്ത് പ്രസിഡന്റുമാർ സിപിഎമ്മുകാരാണ്. പാലായിൽ ചെയ്തത് എന്താണോ അതിന്റെ തുടർച്ച പുതുപ്പള്ളിയിലുണ്ടാകും. പുതിയ പുതുപ്പള്ളി ഉയർന്നുവരും. പുതുപ്പള്ളി ഇതുവരെ ഒരു കിടങ്ങായിരുന്നു. പുതിയ പുതുപ്പള്ളി കേരളത്തോടൊപ്പം സഞ്ചരിക്കുമെന്നും അനിൽകുമാർ പറഞ്ഞു.

പ്രതിപക്ഷനേതാവ് വി.ഡി.സതീശന് എഴുതുന്ന തുറന്നകത്ത് എന്ന ഫേസ്‌ബുക്ക് കുറിപ്പിലും കഴിഞ്ഞദിവസം അനിൽകുമാർ ഇതേകാര്യങ്ങൾ പരാമർശിച്ചിരുന്നു. ഉമ്മൻ ചാണ്ടിയുടെ കീഴിലുള്ള കോൺഗ്രസാണ് മീനടം അവറാമിയെന്ന കമ്മ്യൂണിസ്റ്റുകാരനെ കൊലപ്പെടുത്തിയതെന്നും കൊലയാളികൾക്കൊപ്പം നിന്നയാൾ എങ്ങനെ വിശുദ്ധനാകുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. ഗ്രൂപ്പുവഴക്കിൽ പുതുപ്പള്ളിയിൽ കൊല്ലപ്പെട്ട കോൺഗ്രസുകാരന് ലഭിക്കാത്ത വിശുദ്ധപദവി കൊലയാളികളുടെ രക്ഷകർത്താവിന് എങ്ങനെ ലഭിക്കാനാണെന്നും എന്നുമുതലാണ് വി.ഡി.സതീശന് ഉമ്മൻ ചാണ്ടി വിശുദ്ധനായതെന്നും ഫേസ്‌ബുക്ക് കുറിപ്പിൽ ചോദിച്ചിരുന്നു.

''പുതുപ്പള്ളിയിൽ നിന്നു കോട്ടയം മെഡിക്കൽ കോളേജിലേക്ക് ഭക്ഷണപ്പൊതിയുമായി യാത്ര പോകുന്ന ഡിവൈഎഫ്ഐ ചെറുപ്പക്കാരെ കാണാം.ഇതേ പുതുപ്പള്ളിയിൽ കോവിഡ് കാലത്ത് സൗജന്യ ഭക്ഷണം വീടുകളിലെത്തിച്ച ചെറുപ്പക്കാരെ കാണും. അവർ ഡിവൈഎഫ്ഐ.ക്കാർ. കോവിഡ് കാലത്ത് പി.പി.ഇ.കിറ്റിട്ട് മൃതദേഹം മറവു ചെയ്തവർ. അതിലൊന്നും ഒരു ചാണ്ടി ഉമ്മൻ ഉണ്ടായിരുന്നില്ല സാർ.ആഴ്ചയിൽ ഒരുദിവസം മാത്രം മണ്ഡലത്തിൽ എത്തിയിരുന്ന അവരുടെ ജനപ്രതിനിധി ഇതൊന്നും ശ്രദ്ധിച്ചിരുന്നില്ല സാർ. എല്ലാ ഞായറാഴ്ചയും ഒരു എംഎ‍ൽഎ പുതുപ്പള്ളിയിലെ തറവാട്ടുവീട്ടിലും പള്ളിയിലും എത്തിയിരുന്നത് വാർത്തയാകുന്നതിന് കാരണം ആ ജനപ്രതിനിധിയുടെ സേവനം ആഴ്ചയിൽ ആറു ദിവസവും മണ്ഡലത്തിൽ ലഭ്യമല്ലാതിരുന്നതിനാലാണു സർ. അച്ഛൻ അകലെയായിരുന്നപ്പോൾ മകനോ, അത്ര പോലും മകനു നാടുമായി ബന്ധമില്ല സാർ.നിങ്ങൾ തെരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ചസ്ഥിതിക്ക് നമുക്ക് തുടങ്ങാം'', എന്നുപറഞ്ഞാണ് അനിൽകുമാർ ഫേസ്‌ബുക്ക് കുറിപ്പ് അവസാനിപ്പിക്കുന്നത്.

എറണാംകുളം ഡിസിസി സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണത്തിലാണ് സതീശൻ ഉമ്മൻ ചാണ്ടിയെ വിശുദ്ധനായി പ്രഖ്യാപിക്കണെമെന്ന പരാമർശം നടത്തിയത്. മതമേലധ്യക്ഷന്മാരുടെ സാന്നിധ്യത്തിൽ നടന്ന പരിപാടിയിലെ പരാമർശം ചർച്ചയായിരുന്നു. അചഞ്ചലമായ ദൈവവിശ്വാസത്തിൽ അടിയുറച്ചു രാഷ്ട്രീയ പ്രവർത്തനം നടത്തിയ ഉമ്മൻ ചാണ്ടി കേരളത്തിന്റെ ജനമനസ്സിൽ വിശുദ്ധനാക്കപ്പെട്ടുവെന്ന് പ്രഖ്യാപിക്കുകയായിരുന്നു യോഗത്തിൽ സതീശൻ പറഞ്ഞു. ഉമ്മൻ ചാണ്ടിയെ വിശുദ്ധനാക്കണമെന്ന അഭിപ്രായം പലരും പറയുന്നു. എന്നാൽ ഇതിന്റെ നടപടിക്രമങ്ങൾ തനിക്കറിയില്ല. ഇക്കാര്യത്തിൽ സഭാ നേതൃത്വമാണു തീരുമാനമെടുക്കേണ്ടതെന്നും സതീശൻ പറഞ്ഞു.

ഓർത്തഡോക്‌സ് സഭാംഗമായിരുന്ന ഉമ്മൻ ചാണ്ടിയെ വിശുദ്ധനാക്കുന്നതു സംബന്ധിച്ചുള്ള തീരുമാനമുണ്ടാകേണ്ടത് ഓർത്തഡോക്‌സ് സഭാനേതൃത്വത്തിൽ നിന്നാണെന്നായിരുന്നു പിന്നീടു സംസാരിച്ച മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ വാക്കുകൾ. എന്നാൽ, ഓർത്തഡോക്‌സ് സഭ അൽമായരെ വിശുദ്ധ പദവിയിലേക്ക് ഉയർത്തിയ സംഭവങ്ങൾ തനിക്കറിയില്ലെന്നും കർദിനാൾ വിശദീകരിച്ചു. ഇതിന്റെ സാധ്യതകൾ കുറവാണെന്ന വിലയിരുത്തലാണ് കർദിനാൾ പങ്കുവച്ചത്.

സ്‌നേഹത്തിന്റെ കൈവിളക്കായി നടന്ന മനുഷ്യനെ പരിശുദ്ധനായി പ്രഖ്യാപിക്കാൻ കാത്തിരിക്കേണ്ടതില്ലെന്നായിരുന്നു ഓർത്തഡോക്‌സ് സഭ അങ്കമാലി ഭദ്രാസനാധിപൻ യൂഹാനോൻ മാർ പോളിക്കാർപ്പോസിന്റെ വാക്കുകൾ. കാരണം കാരുണ്യത്തിന്റെ ഉറവ വറ്റാത്ത അദ്ദേഹം ഒരു പരിശുദ്ധനായിരുന്നു. എല്ലാം ദൈവം തീരുമാനിക്കട്ടെ. കേരളത്തിൽ അൽമായരെ വിശുദ്ധരായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും മറ്റു പലയിടത്തും അതു സംഭവിച്ചിട്ടുണ്ടെന്നും കർദിനാൾ ആലഞ്ചേരിയുടെ പരാമർശത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു. അതായത് ഉമ്മൻ ചാണ്ടിയെ പരിശുദ്ധനാക്കാനുള്ള സാധ്യതയാണ് ഓർത്തഡോക്‌സ് സഭാ ഭദ്രാസനാധിപൻ വിശദീകരിക്കുന്നത്.