- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മുഖം നോക്കാതെ സർക്കാർ വിമർശനങ്ങൾ; മന്ത്രി റിയാസിനെ പൊതുവേദിയിൽ വിമർശിച്ചതോടെ മുഖ്യമന്ത്രിയുടെ കണ്ണിൽ കരടായി; മുന്നോക്ക സമുദായ വികസന കോർപറേഷൻ ചെയർമാനെ മാറ്റിയത് സൂചന മാത്രം; കെ ബി ഗണേശ് കുമാറിന്റെ മന്ത്രിസ്ഥാനവും തുലാസിൽ
തിരുവനന്തപുരം: മുന്നോക്ക സമുദായ വികസന കോർപറേഷൻ ചെയർമാനെ മാറ്റി സിപിഎം പ്രതിനിധിയെ നിയമിച്ച സർക്കാർ നടപടിക്കെതിരെ കേരളാ കോൺഗ്രസ് ബിയിൽ അമർഷം പുകയുകയാണ്. കേരള കോൺഗ്രസ് ബി സംസ്ഥാന ജനറൽ സെക്രട്ടറി കെജി പ്രേംജിത്തിനെ ആണ് മാറ്റിയത്. പ്രേംജിത്തിനെ ബാലകൃഷ്ണ പിള്ളയുടെ മരണത്തെ തുടർന്നായിരുന്നു നിയമിച്ചത്. ചർച്ച ഇല്ലാതെയാണ് ചെയർമാനെ മാറ്റിയത്. ഇതിലാണ് ഗണേശ് കുമാറിന് അതൃപ്തി.
പ്രേംജിത്തിന് പകരം എം രാജഗോപാലൻ നായരാണ് മുന്നോക്ക സമുദായ വികസന കോർപറേഷന്റെ പുതിയ ചെയർമാൻ. അതേസമയം കേരള കോൺഗ്രസ് ബിയുടെ ഏക എംഎൽഎ കെബി ഗണേശ് കുമാർ സംസ്ഥാന സർക്കാരിനെതിരെ വിമർശനങ്ങൾ ഉന്നയിക്കാറുണ്ട്. കഴിഞ്ഞ മാസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസിനെ പരസ്യമായി കെ ബി ഗണേശ് കുമാർ വിമർശിച്ചിരുന്നു. തന്നെ പോലെ സീനിയറായ ജനപ്രതിനിധികളുടെ ആവശ്യങ്ങൾ മന്ത്രി പരിഗണിക്കുന്നില്ലെന്നായിരുന്നു വിമർശനം.
പത്തനാപുരം ബ്ലോക്കിൽ 100 മീറ്റർ റോഡ് പോലും ഈ വർഷം പി ഡബ്ല്യുഡി അനുവദിച്ചിട്ടില്ലെന്നും മുൻ മന്ത്രി ജി സുധാകരൻ സ്‌നേഹവും പരിഗണനയും നൽകിയിരുന്നെന്നും അദ്ദേഹം പറഞ്ഞിരുന്നു. മുഖ്യമന്ത്രിയുടെ മരുമകനെ വിമർശിച്ചപ്പോൾ തന്നെ ഗണേശ് സർക്കാറിന്റെ നോട്ടപ്പുള്ളി ആയിരുന്നു. റോഡ് വികസനത്തിന് ഫണ്ട് അനുവദിക്കാത്തതിനാണ് പത്തനാപുരം എംഎൽഎ വിമർശനം ഉന്നയിച്ചത്. അന്ന് ഗണേശ് പറഞ്ഞത് ഇങ്ങനെയാണ്:
'നമ്മൾ ഫ്ളെക്സിൽ റിയാസിന്റെ പടമൊക്കെയാ വച്ചിരിക്കുന്നെ. പക്ഷേ ശരിക്കും വെക്കേണ്ട പടം ജി.സുധാകരന്റെയായിരുന്നു. അദ്ദേഹമാണ് സ്നേഹത്തോടെ ഈ റോഡ് തന്നത്. അദ്ദേഹത്തോടുള്ള നന്ദി കൈയടിയോടെ നൽകണം. കൊറോണക്കാലത്ത് ഒരു ദിവസം അദ്ദേഹത്തിന്റെ വീട്ടിൽപോയിരുന്നു. ആദ്യം പറ്റത്തില്ല എന്ന് പറഞ്ഞു. പിഡബ്ല്യുഡി റോഡല്ലാതെ ഒന്നും തരില്ല എന്ന് പറഞ്ഞു. കുറച്ചുകഴിഞ്ഞപ്പോ സ്നേഹമായി. എനിക്കൊരു ഹൽവ ഒക്കെ തന്നു. അങ്ങനെയാണ് പ്രൈവറ്റ് സെക്രട്ടറിയെ വിളിച്ച് ഒറ്റ ദിവസം മൂന്ന് റോഡിനും അനുമതി നൽകിയത്. നന്ദിയോടെ അത് ഓർക്കുന്നു. സത്യം പറഞ്ഞാ ഇപ്പോ ഇച്ചിരി പരാതിയുണ്ട്. വേണ്ടതുപോലെ ഒന്നും തരുന്നില്ല. അത് മന്ത്രിയുടെ ശ്രദ്ധയിൽ ഞാൻ കൊണ്ടുവന്നിട്ടുണ്ട്. ഇത് ശരിയല്ല. എന്നെ പോലെ മുതിർന്ന സീനിയറായിട്ടുള്ള ഒരു എംഎൽഎ. കേരള നിയമസഭയിൽ അഞ്ച് തവണ ജയിച്ചുവന്ന അപൂർവ്വം ആൾക്കാരെ ഉള്ളൂ.
ഉമ്മൻ ചാണ്ടി സാർ മരിച്ചതിന് ശേഷം ഞാനും വി.ഡി സതീശനും റോഷി അഗസ്റ്റിനും കോവൂർ കുഞ്ഞുമോനും നാലേനാല് പേരാണ് തുടർച്ചയായി അഞ്ച് തവണ ജയിച്ചവരുള്ളത്. അങ്ങനെ ഉള്ള ആളുകളെ ഒന്ന് മാനിക്കണം. ആ അഭിപ്രായം എനിക്കുണ്ട്. മുതിർന്നവരെ സീനിയോറിറ്റി എന്നൊന്നുണ്ട്. സിനിമാ നടനാണെന്നുള്ളതൊക്കെ അവിടെ നിൽക്കട്ടെ. കാരണം ഇവരെക്കാളൊക്കെ മുമ്പെ 20 വർഷം മുമ്പെ മന്ത്രിയായിരുന്നിട്ടുണ്ട്. ആ മര്യാദ കാണിക്കണം. വേണ്ടവിധത്തിൽ റോഡുകൾ തരുന്നില്ല. പക്ഷേ ജി സുധാകരൻ തന്നിരുന്നു. അതിനുള്ള നന്ദിയുണ്ട്. അതുപോലെ രവീന്ദ്രനാഥ് വിദ്യാഭ്യാസ മന്ത്രിയായിരുന്നപ്പോൾ വലിയൊരു ഉണർവ് അക്കാലത്തുണ്ടായിരുന്നു. ടി.വിക്കാരൊക്കെ എടുക്കുന്നുണ്ട്. എന്നാലും സത്യം പറയാതിരിക്കാനാകില്ലല്ലോ. അത് എവിടെയായാലും പറയണമല്ലോ. വളരെ നിരാശയുണ്ട്. പത്തനാപുരം ബ്ലോക്കിൽ ഒരു പിഡബ്യുഡി റോഡ് പോലും ഈ വർഷം കിട്ടിയിട്ടില്ല എന്നാണെന്റെ അഭിപ്രായം'
ഇടതു മുന്നണിയിൽ ഇടതു മുന്നണിയിൽ കൂടിയാലോചനകൾ ഇല്ലെന്ന് തുറന്നു പറഞ്ഞും നേരത്തെ ഗണേശ് വാർത്തകളിൽ നിറഞ്ഞിരുന്നു. കൂടാതെ വൈക്കം സത്യാഗ്രഹ ആഘോഷ വേദിയിൽ നിന്നും പിൻവാങ്ങാനുള്ള എൻഎസ്എസ് തീരുമാനത്തെയും അദ്ദേഹം പിന്തുണച്ചു. കൂടാതെ സർക്കാർ നയങ്ങളെയും അദ്ദേഹം ഇടക്കിടെ വിമർശിച്ചു രംഗത്തുവന്നിരുന്നു.
പിണറായി സർക്കാറിന്റെ കീഴിൽ കേരളം വളരെ വ്യവസായ സൗഹൃദമാണെന്ന പ്രചരണത്തിനിടെയാണ് ഗണേശ് വിമർശനവുമായി എത്തിയത്. കേരളത്തിൽ തൽക്കാലം ആരും ബിസിനസോ സംരഭങ്ങളോ തുടങ്ങരുതന്നും ഉള്ള പണം ബാങ്കുകളിൽ നിക്ഷേപിക്കലാണ് ബുദ്ധിയെന്നും ഇടതുപക്ഷ എംഎൽഎയും സിനിമ നടനുമായ കെ.ബി ഗണേശ് കുമാർ പറഞ്ഞിരുന്നു. പ്രവാസികൾ ഇപ്പോൾ നിൽക്കുന്നത് പൊന്മുട്ടയിടുന്ന താറാവുള്ള സ്ഥലത്താണെന്നും എന്നാൽ നാട്ടിലെത്തിയാൽ ചവിട്ടു കിട്ടുന്ന താറാവാകുമെന്നും കെ.ബി ഗണേശ് കുമാർ എംഎൽഎ. തൽക്കാലത്തേക്ക് ആരും കേരളത്തിൽ വ്യവസായമോ വ്യാപാരമോ നടത്താൻ ഒരുങ്ങരുതെന്നും അതിനേക്കാൾ നല്ലത് ആ പണം ബാങ്കിൽ നിക്ഷേപിക്കുന്നതാണെന്നും ഗണേശ് കുമാർ മുന്നറിയിപ്പ് നൽകി.
പ്രവാസ ജീവിതം കൊണ്ട് ഉണ്ടാകുന്ന പണം നാട്ടിൽ വന്ന് നിക്ഷേപിച്ചാൽ എന്താകും എന്ന കാര്യം നിങ്ങളോർക്കണം. നിങ്ങൾക്കിപ്പോ ഇവിടെ നല്ല ജോല്ലിയുണ്ട്, ബിസിനസുണ്ട്. അപ്പോൾ അതാണ് നല്ലത്. നമ്മുടെ നാട് ബിസിനസ് സൗഹൃദമായിട്ടില്ലെന്നും ഗണേശ് കുമാർ തുറന്നടിച്ചു. കേരളം വ്യവസായ സൗഹൃദ സംസ്ഥാനമാണ് എന്ന് സംസ്ഥാന സർക്കാരും ഇടതുമുന്നണിയും പ്രചരണം നടത്തുമ്പോൾ ആണ് അതിനെ തള്ളിയുള്ള ഗണേശ് കുമാറിന്റെ വാക്കുകൾ.
രണ്ടാം പിണറായി സർക്കാർ രണ്ടരവർഷം പൂർത്തിയാക്കിയാൽ ഗണേശിനെ മന്ത്രിയായി പരിഗണിക്കാമെന്നായിരുന്നു നേരത്തെയുള്ള ധാരണ. എന്നാൽ മന്ത്രിസ്ഥാനം കിട്ടുമെന്ന് കരുതി സത്യം പറയാതിരിക്കാനാവില്ല എന്ന് ഗണേശ് നേരത്തെ പറഞ്ഞിരുന്നു. കുറച്ചുകാലം മുൻപ് കിഫ്ബിയെ നിയമസഭയിൽ വിമർശിച്ച ഗണേശ് സമീപകാലത്തുണ്ടായ പല വിവാദങ്ങളിലും സർക്കാരിനൊപ്പമല്ല നിന്നത്. ഏതാനും ദിവസം മുമ്പ് ആരോഗ്യവകുപ്പിനെതിരെ രൂക്ഷ വിമർശനവുമായി കെ.ബി. ഗണേശ് കുമാർ രംഗത്തുവന്നിരുന്നു.
ആരോഗ്യമന്ത്രി റിപ്പോർട്ട് തേടുകയല്ല, കൃത്യമായ നിയമനിർമ്മാണം നടത്താനുള്ള നടപടികൾ കൈക്കൊള്ളുകയാണ് വേണ്ടതെന്നാണ് അദ്ദേഹം വിമർശിച്ചത്. ആരോഗ്യവകുപ്പിൽ അന്വേഷണം പ്രഖ്യാപിക്കലും റിപ്പോർട്ട് തേടലുമല്ലാതെ മറ്റൊന്നും നടക്കുന്നില്ലെന്ന് ഗണേശ് കുമാർ കുറ്റപ്പെടുത്തി. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ വനിതാ ഡോക്ടർ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് എംഎൽഎയുടെ പ്രതികരണം.
എഐ ക്യാമറാ സംവിധാനത്തെയും തുറന്നെതിർത്തു കൊണ്ട് ഗണേശ്കുമാർ രംഗത്തു വന്നിരുന്നു. ജനകീയമല്ല ഈ തീരുമാനമെന്നതു കൊണ്ടാണ് ഗണേശ് കുമാർ വിമർശനം ഉന്നിയിച്ചത്. ഇപ്പോൾ വീണ്ടും തുറന്നു പറഞ്ഞ് രംഗത്തുവന്നിരിക്കയാണ് ഗണേശ്. പൊതുജനം കഴുതയല്ലെന്ന് മനസിലാക്കാൻ രാഷ്ട്രീയ പാർട്ടികൾക്ക് കഴിയണമെന്ന് കെ ബി ഗണേശ് കുമാർ എം എൽ എ തുറന്നടിക്കുകയുണ്ടായി.
അനീതിക്കെതിരെ പ്രതികരിക്കുന്നവരാകണം രാഷ്ട്രീയപ്രവർത്തകർ. അത് സർക്കാരിനെ നാറ്റിക്കലല്ല. അതിനർത്ഥം ജനങ്ങൾക്ക് വേണ്ടി സംസാരിക്കുന്നുവെന്നാണ്. എന്നെ നിയമസഭയിൽ പറഞ്ഞുവിട്ടത് ജനങ്ങളാണ്. അവരുടെ കാര്യം പറയേണ്ടത് സഭയിലാണ്. അതുകൊണ്ടാണ് അവിടെ പറയുന്നത്. മിണ്ടാതിരുന്നാൽ ഇയാളെ മന്ത്രിയാക്കും. അങ്ങനെയുള്ള യാതൊരു സ്ഥാനമാനങ്ങളും ആഗ്രഹമില്ല. മിണ്ടാതിരുന്നിട്ട് ഒരു സ്ഥാനമാനവും വേണ്ട.'- ഗണേശ് കുമാർ പറഞ്ഞിരുന്നു.
സർക്കാറിനെ തുടർച്ചയായി വിമർശിക്കുന്നതോടെ ഗണേശ് കുമാറിന് മന്ത്രിസ്ഥാനം ലഭിക്കുമോ എന്ന കാര്യവും സംശയത്തിലാണ്. നവംബർ മാസത്തിലാണ് മുൻധാരണ പ്രകാരം ഗണേശ്‌കുമാർ മന്ത്രിയാകേണ്ടത്. എന്നാൽ, സർക്കാറിനെ നിരന്തരം വിമർശിക്കുന്ന ഗണേശിന്റെ നടപടിയിൽ മുഖ്യമന്ത്രി പിണറായിക്കും അതൃപ്തി ശക്തമാണ്.




