- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കണ്ണൂർ സർവകലാശാലയിൽ നടന്നത് കെ കെ ശൈലജയുടെ ഇമേജ് തകർക്കൽ ശ്രമമോ? ശൈലജ അറിയാതെ ആത്മകഥ സിലസബസിന്റെ ഭാഗമാക്കിയത് ആര്? വിഷയം ആയുധമാക്കി ശൈലജയ്ക്കെതിരെ പാർട്ടിക്കുള്ളിലും പടയൊരുക്കം; വിവാദപുസ്തകം പിൻവലിക്കാൻ സമ്മർദ്ദം; തീരുമാനം അവധി കഴിഞ്ഞ് വി സി നാട്ടിലെത്തിയതിനു ശേഷം
കണ്ണൂർ: കണ്ണൂർ സർവകലാശാല എം. എ. ഇംഗ്ളീഷ് വിദ്യാർത്ഥികൾക്ക് മുൻആരോഗ്യമന്ത്രിയും സി.പി. എം കേന്ദ്രകമ്മിറ്റിയംഗവുമായ കെ.കെ ശൈലജയുടെ ആത്മകഥയായ മൈലൈഫ് ഏസ് എകോമ്രോഡെന്ന പുസ്തകം പഠിപ്പിക്കാൻ ഉൾപ്പെടുത്തിയതിൽ സി.പി. എമ്മിൽ അഭിപ്രായവ്യത്യാസം ശക്തമാകുന്നു. തന്നോടു ചോദിച്ചിട്ടല്ല തന്റെ പുസ്തകം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയതെന്ന് കെ.കെ ശൈലജ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ഇതിനു പിന്നിൽ കെ.കെ ശൈലജയുടെ പി. ആർ.ഒ വർക്ക് നടത്തുന്ന പാർട്ടിക്കുള്ളിലെയും ഇടതു അനുകൂല കോളേജ് അദ്ധ്യാപക സംഘടനകളിലെയും ചിലർ പ്രവർത്തിച്ചിട്ടുണ്ടെന്നാണ് ഒരു വിഭാഗം സി.പി. എം നേതാക്കൾ ഉന്നയിക്കുന്നത്.
ഈക്കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും അഭിപ്രായപ്രകടനങ്ങൾ പുറത്ത് നടത്തിയില്ലെങ്കിലും പാർട്ടി സംസ്ഥാന നേതൃത്വത്തിന്റെ പൊതു ചിന്താഗതി കെ.കെ ശൈലജയ്ക്കു പ്രതികൂലമാണെന്നാണ് സൂചനകൾ.
എൽ. ഡി. എഫ് കൺവീനറും മറ്റൊരു സി.പി. എംകേന്ദ്രകമ്മിറ്റിയംഗവുമായ ഇ.പി ജയരാജൻ ഇതിനെതിരെ രംഗത്തെത്തിയത് കണ്ണൂർ സർവകലാശാല സിൻഡിക്കേറ്റിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. പാർട്ടി ഫ്രാക്,ഷൻ ഭരണം നിയന്ത്രിക്കുന്ന കണ്ണൂർ സർവകലാശാലയിൽ പാർട്ടി ജില്ലാസെക്രട്ടറിയോട് ഒരുവാക്കു പോലും പറയാതെയാണ് കെ.കെ ശൈലജയുടെ പുസ്തകം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയെന്നത് കണ്ണൂർ ജില്ലാ നേതൃത്വത്തിനും അതൃപ്തിയുണ്ട്.
പാർട്ടി അദ്ധ്യാപക സംഘടനാഭാരവാഹിയും പുരോഗമന കലാസാഹിത്യ സംഘം ജില്ലാഭാരവാഹിയുമായ സിൻഡിക്കേറ്റംഗം പ്രമോദ് വെള്ളച്ചാലാണ കരിക്കുലം കൺവീനർ. പാർട്ടിക്കായി കണ്ണൂർ സർവകലാശാലയിൽ എല്ലാകാര്യങ്ങളും ചെയ്യുന്നത് ഇരിട്ടി എം.ജി കോളേജിലെ ഇംഗ്ളീഷ് അദ്ധ്യാപകനായ ഇദ്ദേഹമാണ്. കണ്ണൂർ സർവകലാശാലയിൽ പ്രിയാവർഗീസിന്റെ വിവാദനിയമനം ഉൾപ്പെടെ അണയാതെ നിൽക്കുന്ന സാഹചര്യത്തിൽ കെ.കെ ശൈലജയുടെ പുസ്തക വിവാദവും സി.പി. എം ജില്ലാനേതൃത്വത്തിന് തലവേദനയായിട്ടുണ്ട്.
ഇതുസംബന്ധിച്ചു പാർട്ടി സഹയാത്രികൻ കൂടിയായ കരിക്കുലം കൺവീനറോട് സി. പി. എം ജില്ലാ നേതൃത്വം വിശദീകരണം തേടിയിട്ടുണ്ടെന്നാണ് വിവരം. മലബാറിലെ വ്യക്തികളുടെ പ്രത്യേകിച്ച് വനിതകളുടെ ജീവിതവും പരിസരവും പറയുന്ന രചനകൾ ഉൾപ്പെടുത്താമെന്ന കാഴ്‌ച്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് കെ.കെ ശൈലജയെപ്പറ്റിയുള്ള പുസ്തകം സിലബസിൽ ചേർത്തതെന്നാണ് അഡ് ഹോക്ക് കമ്മിറ്റിയുടെ വിശദീകരണം. സി.പി. എമ്മിനെയോ അതിന്റെ തത്വശാസ്ത്രത്തെയോ പറയുന്ന പുസ്തകമല്ല കെ.കെ ശൈലജയുടെ ആത്മകഥ.
അതുമാത്രമല്ല എം. എ ഇംഗ്ളീഷ് വിദ്യാർത്ഥികളുടെത് ഇലക്ടീവ് കോഴ്സാണെന്നും കോളേജ് വിദ്യാർത്ഥികൾക്ക് ആവശ്യമില്ലെങ്കിൽ സിലബസിൽ ഉൾപ്പെടുത്തേണ്ടതില്ലെന്നും കരിക്കുലം കൺവീനർ പ്രമോദ് വെള്ളച്ചാൽ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ സംസ്ഥാനരാഷ്ട്രീയത്തിന്റെ മുഖ്യധാരയിലില്ലാത്ത കെ.കെ ശൈലജ വീണ്ടും കേരളത്തിൽ ചർച്ചയാകുന്നതാണ് സി.പി. എം സംസ്ഥാന നേതൃത്വത്തിന്റെയും മുഖ്യമന്ത്രിയെ അനുകൂലിക്കുന്നവരുടെയും ആശങ്കയെന്നാണ് വിവരം.
മാസപ്പടി വിവാദത്തിൽ മുങ്ങി നിൽക്കുന്ന പിണറായി വിജയൻ മുഖ്യമന്ത്രി പദവി ഒഴിയണമെന്ന് പാർട്ടിക്കുള്ളിലെ പല നേതാക്കളും ആഗ്രഹിക്കുന്നുണ്ട്. ഇതിന് പകരക്കാരിയായ ക്ളീൻ ഇമേജും ജനസ്വീകാര്യതയുള്ള കെ.കെ ശൈലജയെ കൊണ്ടു വരണമെന്ന് കേന്ദ്ര നേതൃത്വത്തിലെ ചില നേതാക്കളും വിചാരിക്കുന്നുണ്ട്. ഈ അപകടം മുൻപിൽ കൊണ്ടാണ് ശൈലജയുടെ പുസ്തകത്തെ കുറിച്ചുള്ള വിവാദങ്ങൾ അതിവേഗം അവസാനിപ്പിക്കാൻ പാർട്ടി സംസ്ഥാന നേതൃത്വം ഇടപെടലുകൾ നടത്തുന്നത്.
കണ്ണൂർ സർവകലാശാല വി സി പ്രൊഫ. ഗോപിനാഥ് രവീന്ദ്രൻ ഇപ്പോൾ നാട്ടിലില്ല. അദ്ദേഹം ഒരാഴ്‌ച്ചയ്ക്കു ശേഷം തിരിച്ചുവന്നാലുടൻ പുസ്തകം പിൻവലിക്കാനാണ് സി.പി. എം നിർദ്ദേശം. സി.പി. എം ജില്ലാ നേതൃത്വം വി സിയെ ഫോണിലൂടെ ബന്ധപ്പെട്ടു ഈക്കാര്യം അറിയിച്ചിട്ടുണ്ടെന്നാണ് വിവരം. ആരോഗ്യമന്ത്രി സ്ഥാനത്ത് രണ്ടാമതൊരു സ്ഥാനം ലഭിക്കാതെയായതോടെ കെ.കെ ശൈലജയുടെ പി.ആർ മാനേജ്മെന്റ് ഗ്രൂപ്പും നിശ്ചലമായിരുന്നു. ഇതിനു ചുക്കാൻ പിടിച്ച ഡോക്ടറെ കാഞ്ഞങ്ങാട്ടെജില്ലാ ആശുപത്രിയിലേക്ക് രണ്ടാം പിണറായി സർക്കാരിന്റെ തുടക്കത്തിൽ തന്നെ സ്ഥലം മാറ്റിയതോടെയാണ് കെ.കെ ശൈലജയുള്ള ഇമേജ് വർധിപ്പിക്കുന്നതിനുള്ള പി. എർ ഗ്രൂപ്പും തകർന്നത്.