കണ്ണൂർ: തന്റെ ഓർമ്മ കുറിപ്പുകളായ 'മൈ ലൈഫ് ആസ് എ കോമ്രേഡ്' കണ്ണൂർ സർവകലാശാല പി.ജി സിലബസിൽ ഉൾപ്പെടുത്തിയപ്പോൾ വിവാദമുണ്ടായത് തന്റെ പേര് കേട്ട് കലികയറി ബഹളമുണ്ടായതെന്ന് മുൻ മന്ത്രി കെ.കെ. ശൈലജ. പുസ്തകത്തിൽ കക്ഷിരാഷ്ട്രീയമില്ല. സിപിഎമ്മുമായി ബന്ധമില്ലാത്തവർ വരെ പുസ്തകത്തെ കുറിച്ച് നല്ല അഭിപ്രായമാണ് പറഞ്ഞതെന്നും അവർ കണ്ണൂരിൽ പറഞ്ഞു. കണ്ണൂർ സർവകലാശാല എം.എ ഇംഗ്ലീഷ് ഇലക്ടിവ് കോഴ്‌സിൽ ഒന്നാം സെമസ്റ്റർ കോർ റീഡിങ് വിഭാഗത്തിൽ തന്റെ പുസ്തകം ഉൾപ്പെടുത്തിയതുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിക്കുകയായിരുന്നു കെ.കെ. ശൈലജ.

ആ പുസ്തകം ആത്മകഥയല്ല, ഓർമക്കുറിപ്പാണ്. കുട്ടിക്കാലത്ത് അമ്മയും അമ്മൂമ്മമാരും അമ്മാവന്മാരും പറഞ്ഞുകേട്ട, അവർ ഫ്യൂഡൽ കാലത്ത് അനുഭവിച്ച ജാതിഭ്രാന്തും അതിനെതിരെ നടത്തിയ പ്രതികരണങ്ങളുമൊക്കെയാണ് പുസ്തകത്തിലുള്ളത്. നിപയും കോവിഡും പ്രളയവുമൊക്കെ വന്നപ്പോഴുള്ള സംസ്ഥാന ആരോഗ്യമേഖലയെ കുറിച്ച് ആരോഗ്യമന്ത്രി എന്ന നിലക്കും പുസ്തകത്തിൽ ഓർക്കുന്നു. ആ കാലഘട്ടമൊക്കെ പുതിയ തലമുറ കൂടി അറിയട്ടെ എന്ന നിലക്ക് ഓർമക്കുറിപ്പായി എഴുതിയതാണ്.

പുസ്തകം കണ്ണൂർ സർവകലാശാല പി.ജി സിലബസിൽ ഉൾപ്പെടുത്താൻ ആരോടും ആവശ്യപ്പെട്ടിട്ടില്ല. അതിനാൽ, പിൻവലിക്കാൻ പറയേണ്ട ആവശ്യവുമില്ല. പി.ജി ഇംഗ്ലീഷ് വിദ്യാർത്ഥികൾക്ക് അധിക വായനക്ക് സി.കെ. ജാനുവിന്റെയും സിസ്റ്റർ ജെസ്മിയുടെയും പുസ്തകം തെരഞ്ഞെടുത്തു. അക്കൂട്ടത്തിൽ സ്ത്രീകൾ എഴുതിയതെന്ന നിലക്ക്, ഈ അടുത്ത് ഇറങ്ങിയ എന്റെ പുസ്തകവും ഉൾപ്പെടുത്തി. അത്രേയേ ഉണ്ടായിട്ടുള്ളൂവെന്നും കെ.കെ. ശൈലജ വിശദീകരിച്ചു. ഏത്. ഏത് വിഭാഗത്തിലായാലും തന്റെ പുസ്തകം ഉൾപ്പെടുത്തുന്നതിൽ താൽപര്യമില്ലെന്ന് സർവകലാശാലാ അധികൃതരെ അറിയിച്ചിട്ടുണ്ട്. ഇത്തരത്തിൽ തന്റെ പുസ്തകത്തിന്റെ പേര് ഉൾപ്പെടുത്തുന്നതിനെക്കുറിച്ച് തന്നോട് അഭിപ്രായം ചോദിച്ചിരുന്നില്ലെന്നും ശൈലജ പറയുന്നു.

താൽപര്യമുള്ളവർ കക്ഷിരാഷ്ട്രീയത്തിനതീതമായി പുസ്തകം വായിച്ച് അഭിപ്രായങ്ങൾ പങ്കുവയ്ക്കുന്നുണ്ടെന്നും വാങ്ങിവായിക്കുന്നുണ്ടെന്നും, തികച്ചും രാഷ്ട്രീയ പ്രേരിതമായി കാര്യങ്ങൾ കാണുന്നതുകൊണ്ടാവാം ഇത്തരത്തിൽ ഒരു ചർച്ച ഉണ്ടായതെന്നും, ഇത് എല്ലാവരും മനസിലാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മുൻ മന്ത്രി ഫേസ്‌ബുക്ക് കുറിപ്പിലൂടെ പറഞ്ഞിരുന്നു.

കടുത്ത ജാതി വ്യവസ്ഥ നിലനിന്നിരുന്ന കാലഘട്ടത്തിൽ തൊട്ടുകൂടായ്മയ്ക്കെതിരായി നടത്തിയ സമരങ്ങളും വസൂരി പോലുള്ള മാരക രോഗങ്ങൾ ഭേദമാക്കാൻ നടത്തിയ സാമൂഹ്യ പ്രവർത്തനങ്ങളും ഉൾപ്പെടുന്നതാണ് ആദ്യഭാഗം. കടുത്ത ജാതി വ്യവസ്ഥ നിലനിന്നിരുന്ന കാലഘട്ടത്തിൽ തൊട്ടുകൂടായ്മയ്‌ക്കെതിരെ നടത്തിയ പ്രവർത്തനങ്ങളും പുസ്തകത്തിന്റെ ആദ്യഭാഗത്ത് ഉൾപ്പെടുത്തി.

രണ്ടാമത്തെ ഭാഗത്ത് കേരളത്തിന്റെ ആരോഗ്യമേഖലയുടെ വികാസവും ഞാൻ ആരോഗ്യമന്ത്രിയായിരുന്ന കാലത്ത് എനിക്കുണ്ടായ അനുഭവവും, പകർച്ചവ്യാധികൾക്കും ആരോഗ്യ മേഖലയിൽ വരുന്ന മറ്റ് ഭീഷണികൾക്കും എതിരെ നാം നടത്തിയ പ്രവർത്തനങ്ങളുടെ അനുഭവവും, നിപ്പയും കൊവിഡും മറ്റ് പകർച്ചവ്യാധികളുമെല്ലാം നേരിടാൻ കേരളത്തിലെ ജനത ഒറ്റക്കെട്ടായി നടത്തിയ പോരാട്ടങ്ങളുമാണ് പ്രതിപാതിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.

'മൈ ലൈഫ് ആസ് എ കോമ്രേഡ്' എന്ന പേരിലുള്ള സി.പി. എം കേന്ദ്രകമ്മിറ്റിയംഗം കെ.കെ ശൈലജയുടെ ആത്മകഥ പഠിപ്പിക്കുന്നതിനെതിരെ പ്രതിഷേധവുമായി കോൺഗ്രസ് അനുകൂല അദ്ധ്യാപക സംഘടന രംഗത്തെത്തിയതോടെ സംഭവം വിവാദമായിരുന്നു. ഒന്നാം സെമസ്റ്ററിന്റെ 'ലൈഫ് റൈറ്റിങ്' എന്ന പേപ്പറിലാണ് ആത്മകഥ പഠിക്കാൻ ഉള്ളതെന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരം. സിലബസ് രാഷ്ട്രീയവൽക്കരണമാണ് നടക്കുന്നതെന്ന് കോൺഗ്രസ് അദ്ധ്യാപക സംഘടനായ കെപിസിടിഎ നേതാക്കൾ ആരോപിച്ചിരുന്നു.

പി ജി ക്ലാസുകൾ ആരംഭിച്ച ശേഷമാണ് സിലബസ് പുറത്തുവരുന്നത്. ഓഗസ്റ്റ് 8-നാണ് പി ജി ക്ലാസുകൾ ആരംഭിച്ചത്. ഗാന്ധിജി, ഡോ. ബി ആർ അംബേദ്കർ, സി കെ ജാനു എന്നിവരുടെ ആത്മകഥയ്ക്ക് ഒപ്പമാണ് കെ കെ ശൈലജയുടെ ആത്മകഥയും ഉൾപ്പെട്ടിട്ടുള്ളത്.
അതേസമയം കെ കെ ശൈലജയുടെ ആത്മകഥ സിലബസിൽ ഉൾപ്പെടുത്തിയ വിഷയത്തിൽ വിശദീകരണവുമായി അഡ്ഹോക് കമ്മിറ്റി രംഗത്തെത്തി. ആത്മകഥ നിർബന്ധിത പഠന വിഷയമല്ലെന്നാണ് പ്രതികരണം. അറിയപ്പെടുന്നതും അറിയപ്പെടാത്തതുമായ പ്രാദേശിക വ്യക്തിത്വങ്ങളെ പരിചയപ്പെടുത്തുകയാണ് ലക്ഷ്യമിട്ടതെന്നും അഡ്ഹോക് കമ്മിറ്റി പ്രതികരിച്ചു.