- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അലവിൽ ശാഖയിൽ അംഗത്വമെടുത്ത് കരുനീക്കം; അഴീക്കോട്ട് തന്നെ കാലുവാരി തോൽപ്പിച്ച അബ്ദുൽ കരീം ചേലേരിയെ ജില്ലാ അദ്ധ്യക്ഷനാക്കാൻ സമ്മതിക്കില്ല; കണ്ണൂർ മുസ്ലിം ലീഗ് നേതൃത്വം പിടിച്ചെടുക്കാൻ തുനിഞ്ഞിറങ്ങി കെ എം ഷാജി
കണ്ണൂർ: കണ്ണൂർ ജില്ലയിലെ മുസ്ലിം ലീഗ് നേതൃത്വം പിടിച്ചെടുക്കാൻ മുൻ അഴീക്കോട് എംഎൽഎ കെ. എം ഷാജി കരുനീക്കങ്ങൾ തുടങ്ങി. ഇതിന്റെ ഭാഗമായി ഷാജി അഴീക്കോട് നിയോജക മണ്ഡലത്തിലെ ചിറക്കൽ പഞ്ചായത്തിൽപ്പെട്ട അലവിൽ ശാഖയിൽ അംഗത്വമെടുത്തു.
മുസ്ലിം ലീഗിന്റെ അംഗത്വവിതരണം ഇന്ന് അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് ഷാജി തിരക്കുപിടിച്ചു അംഗത്വമെടുത്തത്. വരുന്ന സംഘടനാ തെരഞ്ഞെടുപ്പിൽ ഷാജിക്ക് ചില കണക്കുകൂട്ടലുകളുണ്ടെന്നാണ് സൂചന. ശാഖ, മണ്ഡലം തലങ്ങളിലെ തങ്ങളിലെ സംഘടനാ തെരഞ്ഞെടുപ്പിനുള്ള വരണാധികാരികളെ നിയോഗിച്ചിട്ടുണ്ട്. താഴെ ഘടകങ്ങളിൽ തെരഞ്ഞെടുപ്പുകൾ പൂർത്തീകരിച്ചതിനു ശേഷമാണ് ജില്ലാകമ്മിറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പു നടക്കുക.
നിലവിൽ ജില്ലാ ജനറൽ സെക്രട്ടറിയായ അബ്ദുൽ കരീം ചേലേരിയാണ് ജില്ലാ അധ്യക്ഷൻ സ്ഥാനത്തേക്കു പരിഗണിക്കുന്ന പ്രമുഖൻ. മറ്റു നേതാക്കൾ പ്രായാധിക്യമുള്ളവരാണ്. ഈ സാഹചര്യത്തിൽ ലീഗിൽ നിന്നും ഉയർന്നുവരുന്ന പേര് അബ്ദുൽ കരീം ചേലേരിയുടെത് മാത്രമാണ്. ഇതുകണ്ടുകൊണ്ടാണ് കരീം ചേലേരിക്കെതിരെ ഷാജി രഹസ്യനീക്കങ്ങൾ നടത്തുന്നത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ അബ്ദുൽ കരീം ചേലേരിയുടെ നേതൃത്വത്തിൽ തന്നെ അഴീക്കോട് മണ്ഡലത്തിൽ നിന്നും കാലുവാരി തോൽപ്പിച്ചുവെന്ന അമർഷം ഷാജിക്കുണ്ട്. അതുകൊണ്ടു തന്നെ എന്തുവന്നാലും കരീം ചേലേരിയെ ജില്ലാ അധ്യക്ഷനാകാൻ വിടില്ലെന്ന് പിടിവാശിയിലാണ് ഷാജി. സംഘടനയിലെ രണ്ടാംനിര നേതാക്കളുടെ പിൻതുണ തനിക്കാണെന്നാണ് ഷാജി അവകാശപ്പെടുന്നത്.
ഇതിനു പുറമെ പ്രവർത്തകരിലും കെ. ഷാജിയെ അനുകൂലിക്കുന്നവർ ധാരാളമുണ്ട്. അതേ സമയം മണ്ഡലം കമ്മിറ്റികളിൽ ഭൂരിഭാഗവും കെ. എം ഷാജിയെ അനുകൂലിക്കുന്നവരാണ്. സംസ്ഥാനത്തെ മുസ്ലിം ലീഗ് പാർട്ടിയിൽ ഏറ്റവും കൂടുതൽ വിഭാഗീയതയുള്ള ജില്ലകളിലൊന്നാണ് കണ്ണൂർ. തളിപറമ്പ്, മട്ടന്നൂർ, അഴീക്കോട്, തലശേരി തുടങ്ങിയ മണ്ഡലങ്ങളിലൊക്കെ ഗ്രൂപ്പ് തർക്കങ്ങൾ ഇപ്പോഴും പരിഹരിക്കപ്പെടാതെ നിൽക്കുകയാണ്. ഈസാഹചര്യത്തിൽ സംസ്ഥാന നേതൃത്വത്തിന് വലിയ വെല്ലുവിളിയായിരിക്കുകയാണ് കെ. എം ഷാജിയുടെ കരുനീക്കങ്ങൾ.
മറുനാടന്‍ മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്