കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വീണ്ടും മത്സരിക്കാനില്ലെന്ന സൂചനയുമായി വടകര എം പി കെ മുരളീധരൻ. നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള നീക്കമാണ് മുരളീധരൻ നടത്തുന്നത്. അതിനായി പ്രവർത്തക സമിതി പുനഃസംഘടനാ വിവാദം അവസരമാക്കാനാണ് മുരളീധരന്റെ നീക്കം. പുതുപ്പള്ളി തെരഞ്ഞെടുപ്പ് കഴിഞ്ഞ് തനിക്കും ചിലത് പറയാനുണ്ടെന്ന് മുരളി പറഞ്ഞു.

കോൺഗ്രസ് പ്രവർത്തക സമിതിയിൽ രമേശ് ചെന്നിത്തല അവഗണിക്കപ്പെട്ടോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായിട്ടായിരുന്നു മുരളീധരന്റെ പ്രതികരണം. ലോക്സഭാ കാലാവധി കഴിഞ്ഞാൽ പൊതു പ്രവർത്തനത്തിൽ നിന്നും മാറി നിൽക്കാനാണ് ആഗ്രഹിക്കുന്നത്. കെ കരുണാകന്റെ സ്മാരകം നിർമ്മിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. അതുവരെ പൊതു പ്രവർത്തനത്തിൽ നിന്നും വിട്ടുനിൽക്കാൻ ആഗ്രഹിക്കുന്നതായും മുരളീധരൻ വ്യക്തമാക്കി. ഇത് നിയമസഭാ മണ്ഡലത്തിലേക്ക് മത്സരിക്കാനുള്ള അവസരം തേടലാണ്.

ഉമ്മൻ ചാണ്ടിയെ പുകഴ്‌ത്തി സംസാരിച്ച താൽക്കാലിക ജീവനക്കാരിയെ ജോലിയിൽ നിന്നും പിരിച്ചു വിട്ടതിനെ അദ്ദേഹം വിമർശിച്ചു. ഉമ്മൻ ചാണ്ടിയെക്കുറിച്ച് നല്ല വാക്കുപറഞ്ഞതിന് ഒരു പാവപ്പെട്ട സ്ത്രീയുടെ ജോലി കളഞ്ഞു. അവർക്കൊന്നും ഇപ്പോൾ പാവങ്ങളെ വേണ്ടല്ലോ. ഉമ്മൻ ചാണ്ടിക്കെതിരെ കേസു വാദിച്ച വക്കീലിന് കോടികളാണ് വക്കീൽ ഫീസ് നൽകിയത്. ഇതൊക്കെ പുതുപ്പള്ളിയിൽ ചർച്ച ചെയ്യും. ഇതിനൊക്കെ എതിരെ ശക്തമായ ജനവികാരം പുതുപ്പള്ളിയിലുണ്ടാകും.

പിന്നീട് മലക്കം മറിഞ്ഞെങ്കിലും സച്ചിദാനന്ദൻ ചില സത്യങ്ങൾ പറഞ്ഞല്ലോ. സച്ചിദാനന്ദൻ പറഞ്ഞത് യഥാർത്ഥ കമ്മ്യൂണിസ്റ്റുകാരന്റെ വികാരങ്ങളാണ്. ബംഗാളിലെയും ത്രിപുരയിലെയും പോലെ കമ്മ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ നശിക്കാതിരിക്കാൻ മൂന്നാമത്തെ തവണയും സിപിഎം അധികാരത്തിൽ വരാൻ പാടില്ലെന്നാണ് സച്ചിദാനന്ദൻ പറഞ്ഞത്.

അത് സദുദ്ദേശത്തിലുള്ളതാണ്. ഇത് പുതുപ്പള്ളിയിൽ മാത്രമല്ല, ലോക്സഭ തെരഞ്ഞെടുപ്പിലും നിയമസഭ തെരഞ്ഞെടുപ്പിലുമെല്ലാം ചർച്ച ചെയ്യപ്പെടും. ശക്തമായ തിരിച്ചടി മാർക്സിസ്റ്റ് പാർട്ടിക്ക് ഉണ്ടാകുമെന്നും കെ മുരളീധരൻ പറഞ്ഞു.